Tuesday, May 29, 2007

ബിനുവിനെ കുറിച്ച്


കഴിഞ്ഞയാഴ്ചയാണ് ഒരു ബ്ലോഗര്‍ ബിനുവിന്റെ ബ്ലോഗ് കാണിച്ചു തന്നത്. സ്കാന്‍ ചെയ്ത പേജുകള്‍ കയറ്റി ഇട്ടിരിക്കുന്നതു കണ്ടപ്പോള്‍ ഒട്ടൊരു മടുപ്പോടെയാണ് വായിച്ചു തുടങ്ങിയത്. തുടങ്ങിയപ്പോള്‍, ബസ്സിലും ട്രെയിനിലും ഒക്കെ പതിവായി കൊണ്ടു വരുന്ന കാര്‍ഡുകളില്‍ ഒരെണ്ണം സ്കാന്‍ ചെയ്തിട്ടിരിക്കുന്നോ എന്നു തോന്നി. ഒപ്പമുള്ള കവിതകളും ആദ്യത്തെ കുറിപ്പിലെ വരികളും ചേര്‍ത്തു വായിച്ചപ്പോള്‍, തൊണ്ടയിലെന്തോ തടയുന്നതു പോലെ.

ബിനുവിനെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിയ്ക്കു വാക്കുകളില്ല. സഹതാപം എന്നത് ബിനുവിന് ആവശ്യവും ഉണ്ടാവില്ല. ബൂലോകത്തിന്‌ പക്ഷേ ബിനുവിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ എന്നൊരു ചോദ്യം ഉള്ളിലുണ്ട്. അത് എല്ലാവരോടുമായി ചോദിയ്ക്കുന്നു. ബൂലോകം ഒരു ചാരിറ്റബിള്‍ സംഘടന അല്ല, പക്ഷേ ഈ കൂട്ടായ്മയ്ക്കു ചെയ്യാന്‍ കഴിയുന്ന നന്മകള്‍ നമുക്കു ചെയ്യാം. അധികമാരും കാണാത്ത, അറിയാത്ത ബിനുവിന്റെ ഈ സ്വപ്നങ്ങളിലൂടെ പോയി നോക്കൂ സമയം ഉള്ളവരൊക്കെ:
http://binuvinte-kavithakal.blogspot.com

Wednesday, May 23, 2007

ഒരു പെണ്‍കടുവയുടെ കാല്‍പ്പാടു തേടി..

വയല്‍ക്കോതയുടെ പിന്നപ്പ് പടങ്ങളെടുത്ത് ഏകദേശം ഒരു മാസത്തിനു ശേഷമാണ്‍ ഈ സംഭവം. ഇതിനിടയ്ക്ക് പലരുടെ പിന്നാലെ നടന്നു പടം പിടിച്ചു.. ആ കഥകളൊക്കെ പിന്നാലെ.. ഒരു ഞായറാഴ്ച വീട്ടിലിരുന്നു മടുത്തപ്പോ അടുത്തു തന്നെയുള്ള, അമ്മാവന്റെ വീട്ടിലേയ്ക്കൊന്നു പോയി. അത്യാവശ്യം കുശലം ഒക്കെ പറഞ്ഞിട്ട്, പതിവു പോലെ കാമറയുമായി മുറ്റത്തിറങ്ങി.

ചെടി വളര്‍ത്തലില്‍ അമ്മായിക്ക് വളരെ താല്പര്യമായതു കൊണ്ട് മുറ്റം ഒരു ചെറിയ കാടു തന്നെ ആണ്. അതിനിടയ്ക്കുള്ള പൂക്കളുടെയും അതില് വന്നിരുന്ന ചില പക്ഷികളുടെയും പ്രാണികളുടെയുമൊക്കെ പടം പിടിച്ചു ഞാന്‍ പതിയെ പറമ്പിലുള്ള ചെറിയൊരു കുറ്റിക്കാടിനടുത്തെത്തി.

ഈ കാട്ടിനിടയില് ഇരുണ്ട തവിട്ടും ഓറഞ്ചും നിറത്തിലൊരു സാധനം അനങ്ങുന്നതു കണ്ടു, കാമറ എടുത്തു ക്ലിക്കി.. ദാ ഇവള്‍


ഇവളാണ് വെറും കടുവ (Plain tiger എന്ന് ഇംഗിരീസ്). മലയാളത്തില്‍ ശരിയായ പേര്‍ എരിക്കുതപ്പി എന്നാണെന്നു തോന്നുന്നു..(വിഷ്ണുപ്രസാദ് മാഷേ..)

ആ ഇരിപ്പില്‍ നിന്നും പറന്ന് അവള്‍ ഒരു കമ്പില് ചെന്നിരുന്നു..

ആ ഇരുപ്പില്‍ കണ്ടാല്‍ ശരിക്കും പുലി, അല്ല കടുവ തന്നെ.. ഇവളുടെ പ്രിയപ്പെട്ട ഒരു എരിക്കുമരം അടുത്തു തന്നെ ഉണ്ടായിരുന്നു.






ഒരു പൂവില്‍ ചെന്നിരുന്ന്‌ ആവശ്യത്തിനു തേന്‍ കുടിച്ചിട്ട് എന്തോ കളഞ്ഞു പോയ പോലെ താഴെയുള്ള പുല്ലിലൊക്കെ പോയി അന്വേഷണം തുടങ്ങി. അപ്പൂസിനിതെന്താ സംഗതിയെന്നു പിടി കിട്ടിയില്ല.. ഒരു പുല്‍ത്തലപ്പിലിരിക്കും. പിന്നെ, പെട്ടെന്നു ഞെട്ടി പറക്കും, ഒന്നു എരിക്കു മരത്തെ വലം വെയ്ക്കും, പിന്നെയും പുല്ലിലിരിക്കും.. ഇതു തന്നെ പരിപാടി.
ഒടുവില്‍ അപ്പൂസിന്റെ തലയ്ക്കു മുകളിലുള്ള ഒരു കൂമ്പിലയില്‍ ചെന്നിരിപ്പായി.. അവിടെന്താ പരിപാടി എന്നു വിളിച്ചു ചോദിച്ചിട്ട് യാതൊരു പ്രതികരണവുമില്ല.

കുറച്ചു കഴിഞ്ഞവിടന്നും പറന്നു വീണ്ടും ഒരു തുഞ്ചത്തെ ഇലയില്‍ തന്നെ.. നീയാരു തുഞ്ചത്തെഴുത്തമ്മയോ എന്നു ചോദിക്കണമെന്നുണ്ടാരുന്നു. പിന്നെയും പടം പിടിക്കണമല്ലോന്നോര്ത്ത് വേണ്ടെന്നു വെച്ചു.

കുറച്ചു നേരം കാത്തു നിന്നപ്പോ മഹതി താഴേയ്ക്കു വന്ന് കണ്ണൊപ്പമുള്ള ഒരു ഇലയിലങ്ങ് ചമ്രം പടിഞ്ഞിരിപ്പായി. ആ ഇരിപ്പിലെന്തോ പന്തികേടു തോന്നിയെങ്കിലും എന്താ എന്നന്വേഷിയ്ക്കാന്‍ നില്‍ക്കാതെ വേഗം കാമറ ക്ലിക്കി. നോക്കുമ്പോ അതാ വരുന്നു ഒരു മുട്ട.. !


ജീവിതത്തിലിതു വരെ ഒരു കോഴി മുട്ടയിടുന്നതു പോലും നേരിട്ടു കണ്ടിട്ടില്ലാത്ത അപ്പൂസിന്റെ മുന്‍പിലിരുന്ന് ഒരു കടുവ മുട്ടയിടുന്നു! ആ പാവത്തിന്റെ സ്വകാര്യതയ്ക്കൊരു വിലയും കൊടുക്കാതെ തുടരെ ക്ലിക്കി..
മുട്ടയിടലൊക്കെ കഴിഞ്ഞ് പോവും മുന്‍പേ കടുവ തിരിഞ്ഞൊരു നോട്ടം നോക്കി.. “നിന്നെ ഞാന്‍ പിന്നെ എടുത്തോളാമെടാ“ എന്ന മട്ടില്‍..
അപ്പൂസ് പതിയെ തിരിച്ചു ചെന്ന് ഒരിലയിലിരുന്ന ആ മുട്ടയുടെയും കൂടി ഒരു പടം പിടിച്ചു.



ആ മുട്ട വിരിഞ്ഞു ലാര്‍വയാവുന്നതും, വളരുന്നതും, പ്യൂപ്പയാവുന്നതും പിന്നെ കടുവയാവുന്നതുമൊക്കെ പടത്തിലാക്കണമെന്നുണ്ടായിരുന്നു.. പക്ഷേ പിന്നെ കുറെ കാലം കഴിഞ്ഞേ അവിടെ പോവാന്‍ പറ്റിയുള്ളു. അപ്പോ മുട്ടയോ, പുഴുവിനെയോ, പ്യൂപ്പയേയോ കടുവയേയോ കണ്ടില്ല. ആ എരിക്കു മരം മാത്രം ഒക്കെ ഞാന്‍ കാണുന്നുണ്ടെന്നു തലയാട്ടി അവിടെയുണ്ടായിരുന്നു.

Monday, May 21, 2007

ഒരു ശലഭത്തിന്‍റെ വഴിയേ..

വീട്ടില്‍ വേറെ പണിയൊന്നുമില്ലാതിരുന്ന ഒരു ശനിയാഴ്ച കാലത്ത് പത്തു മണിയ്ക്കാണ് ഏതാണ്ട് സമാനാവസ്ഥയില്‍ മുറ്റത്തെ ചെടിയിലിരുന്ന ഈ പാവത്താന്‍റെ മേല്‍ അപ്പൂസിന്‍റെ ക്രൂര ദൃഷ്ടികള്‍ പതിഞ്ഞത്.



ഒരു പടം പിടിച്ചോട്ടെന്നു ചോദിച്ചപ്പോ, ചിറകാട്ടി സമ്മതിച്ചു, നേരെ പറന്ന് ചിറകിന്‍റെ ഭംഗി മുഴുവന്‍ കാണുന്ന ഒരു പോസ് തന്നു.

ഇങ്ങേരു പണ്ടു മോഡലിങ്ങ് ചെയ്തിട്ടുണ്ടായിരുന്നെന്നു തോന്നുന്നു.. കാമറയും കടിച്ചു തൂക്കി നടക്കുന്ന അപ്പൂസിന്‍റെ ഭാവനയ്ക്കും പ്രതീക്ഷയ്കും ഒക്കെ അപ്പുറത്തായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രകടനങ്ങള്‍..





ഇലയിലിരുന്നിട്ടൊരു ഭംഗി പോര, ഈ പൂക്കള് ബാക്ക്ഗ്രൌണ്ടില്‍ വെച്ചൊന്നെടുത്തു നോക്കിയേന്നായി..









ശ്ശേയ്, ആ പൂക്കളൊക്കെ രണ്ടു ദിവസം പഴയതാ, പുതിയ പൂവ് ദേ അപ്പുറത്തുണ്ടെന്ന്, അപ്പൂസും പറഞ്ഞതത്ര പിടിച്ചില്ല, പോയിരുന്നതു പുറം തിരിഞ്ഞ്..



ഇത്തിരി കഴിഞ്ഞപ്പോ, അപ്പൂസ് പറഞ്ഞതിലല്പം കാര്യമില്ലേന്നു തോന്നിയെന്നു തോന്നുന്നു.. കൊള്ളാവുന്നൊരു പൂവില്‍ ചിറകൊക്കെ വിടര്‍ത്തി ഒരു പോസ്‌..





ഇയ്യാളെവിടുത്തെ ഫോട്ടോഗ്രാഫറ്‌, ആ പൂവു മുഴുവന്‍ ഫ്രെയ്മില്‍ വരട്ടേടോന്ന് പറഞ്ഞ് പോസൊന്നു മാറ്റി വീണ്ടും റെഡി പറഞ്ഞ്..



പോവുന്നതിനു മുന്‍പ്, ഒരു അവസാന പോസ്. ഇതു കണ്ട് അപ്പൂസറിയാതെ പറഞ്ഞു പോയി, നീ ഒടുക്കത്തെ ഗ്ലാമറാടാ ന്നു..



ഒരു നാരങ്ങാ വെള്ളം പോലും കുടിക്കാതെ, ഒരു മണിക്കൂറായി ഈ വെയിലത്തു നില്‍ക്കുന്നു, തല വേദനിക്കുന്നെന്നും പറഞ്ഞ കക്ഷി ഉടനെ പറന്നും പോയി. മോനെ പോവല്ലേ, റാമ്പില് നിനക്കിനിയും അവസരമുണ്ടെന്നൊക്കെ പിന്നാലെ വിളിച്ചു പറഞ്ഞതിനൊക്കെ പുല്ലു വില!.
‍ എന്നാലെന്താ, ഇത്രയൊക്കെ പോരേ?


ഇദ്ദേഹത്തിന്‍റെ പേരു ഇംഗിരീസില്‍ Grey Pansy എന്നാണത്രേ.. മലയാളം പേരെവിടെ കിട്ടുമോ ആവോ.. ഈ വിക്കി കണ്ടിട്ടു വായിക്കാനേ തോന്നുന്നില്ല..

Saturday, May 19, 2007

ഓമയ്ക്ക പഴുത്തപ്പോള്‍

അടുക്കളയ്ക്കു പിറകിലുള്ള ഈ മരത്തിന് ഉയരം കൂടുതല്‍ കൊണ്ട് കായ പറിയ്ക്കാറില്ല.
കപ്ലങ്ങ (ഓമയ്ക്ക) പഴുത്തപ്പോള്‍ വിരുന്നു വന്നവര്‍..രണ്ടു മൂന്നു ദിവസത്തെ ശ്രമം കൊണ്ടാണ് ഇവരെയൊക്കെയൊന്നു ചിത്രത്തിലാക്കാന്‍ പറ്റിയത്‌.




ഓലേഞ്ഞാലി( Rufous Treepie) - ഇവന്‍ മാംസഭുക്കാണെന്നാണ് കേട്ടിരുന്നത്. വെറുതേ കിട്ടുന്നതല്ലേ, തിന്നു കളയാം എന്നു കരുതിക്കാണും.

















പുള്ളിക്കുയില്‍, പെണ്‍കുയില്‍ ( Common Koel). ഈ പക്ഷിയോടെന്തോ പാവം തോന്നും.. മിക്കവാറും ഒറ്റപ്പെട്ടാണ് നടപ്പ്‌. അങ്ങനെ നടക്കുന്ന വേറെയും പക്ഷികളില്ലെന്നല്ല.. പക്ഷേ ഒരു കാക്കയുടെയോ മറ്റോ കണ്ണില്‍ പെട്ടാല്‍ ഇതിനു കിട്ടുന്ന കൊത്തിനും ഞോടലിനും കയ്യും കണക്കുമില്ല. സ്വന്തം കൂട്ടില്‍ മുട്ടയിടുന്നതിനു കാക്കള്‍ക്ക് തലമുറകളായുള്ള വിദ്വേഷമാവാം തീര്‍ക്കുന്നത്‌, എന്നാലും..








കരാളന്‍ ചാത്തന്‍ Racket-tailed Drongo) ആനറാഞ്ചിയുടെ ബന്ധുവാണ് ഈ മിമിക്രി വീരന് (നമ്മുടെ കുട്ടിച്ചാത്തനുമായി എന്തെങ്കിലും..? ;-)). പൂച്ച കരച്ചിലും മറ്റു പക്ഷികളുടെ ശബ്ദാനുകരണവുമാണ് ഹോബി. ഇവന്‍റെ വാല്‍ ഇങ്ങനെ ആയതില്‍ ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്.

ഏതു ശബ്ദം കേട്ടാലും അനുകരിയ്ക്കണമെന്നു വളരെ നിര്‍ബന്ധമായിരുന്നത്രേ ഇവന്. ഒരിയ്ക്കല്‍ ഒരു പോത്ത് അമറുന്ന ശബ്ദം കേട്ട് അതു പോലെ അമറാന്‍ ശ്രമം തുടങ്ങി വീരന്‍. ശ്രമിച്ചു ശ്രമിച്ചു ദിവസങ്ങള്‍ പോയി, വാലില്‍ ചിതലു കയറി, ആശാനിതൊന്നും അറിഞ്ഞില്ല.. ഒടുവില്‍ ചിതല്‍ വാലിന്‍റെ അറ്റം വരെ തിന്നു തീര്‍ത്തപ്പോഴാണ് പരിശ്രമം ഒക്കെ മതിയാക്കി ചാത്തന്‍ പറക്കുന്നത്‌. അന്നു മുതല്‍ പാവത്തിന്‍റെ വാലിങ്ങനെയാണെന്ന്.. :)






ചിന്നക്കുട്ടുറുവന്‍, പച്ചിലക്കുടുക്ക (White-cheeked barbet). സ്ഥിരം പച്ചിലകള്‍ക്കിടയ്ക്കു മറഞ്ഞിരിക്കുന്ന ഈ നാണം കുണുങ്ങിയും പുറത്തു വന്നു, കപ്ലങ്ങ തിന്നാന്‍.












മല മൈന (Jungle Myna). ഇവന്‍ മാടത്തയല്ല.. സംസാരിയ്ക്കാന്‍ പഠിക്കുകയുമില്ല. കണ്ണിനു ചുറ്റുമുള്ള മഞ്ഞനിറം ഇല്ലാത്തതും വലുപ്പക്കൂടുതലും കൊണ്ട് നാട്ടു മൈനയില്‍ നിന്നും തിരിച്ചറിയാം.

















മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം..? ഇവന്‍ തന്നെ അവന്‍.. നാട്ടുമൈന, മാടത്ത എന്നൊക്കെ അറിയപ്പെടുന്നവന്‍.
( Common Myna)




നമ്മുടെ മരംകൊത്തി (Black-rumped Flameback)
ഈ കണ്ട വീരന്മാരില്‍ കാമറയ്ക്കു മുഖം തരാന്‍ ഏറ്റവും മടി ഈ കക്ഷിക്കായിരുന്നു.. ഇദ്ദേഹം മരത്തിലെത്തുമ്പോ ഞാന്‍ കാമറയുമായി പുറത്തിറങ്ങും, കക്ഷി ഉടനെ മരത്തിന്‍റെ മറു വശത്തേയ്ക്കു മറയും. ഞാന്‍ പതിയെ മറുവശത്തെത്തുമ്പോഴേയ്ക്കും ഇങ്ങേരു വീണ്ടും വശം മാറിയിട്ടുണ്ടാവും.. ഈ ഒളിച്ചേ കണ്ടേ കളി മടുത്ത് ഒടുവില്‍ ടെറസിന്‍റെ മുകളില്‍ ഒളിച്ചിരുന്നാണ് ഇവനെ ചിത്രത്തിലാക്കിയത്..


അങ്ങനെ 4-5 ദിവസവും 3 മുഴുത്ത കപ്ലങ്ങയും ചെലവില്‍ ഇത്രയും സുന്ദരന്മാരെയും സുന്ദരികളെയും പടത്തിലാക്കാനായി. എന്തോ കാക്കകളെ മാത്രം അങ്ങനെ കണ്ടില്ല. കപ്ലങ്ങയുടെ രുചി പിടിയ്ക്കാഞ്ഞിട്ടാവും..

Friday, May 18, 2007

മേലെ വെള്ളിത്തിങ്കള്‍







മേലെ വെള്ളിത്തിങ്കള്‍





താഴെ ഈ കുഞ്ഞു നക്ഷത്രവും ..:)


Wednesday, May 16, 2007

തീര്‍ത്ഥാടനം തുടരുന്നു


രാവിലെ ഉണര്‍ന്നു മലമുകളിലെ മണ്ഡപത്തിനടുത്തേയ്ക്കുള്ള യാത്രയില്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ താഴ്വാരത്തേയ്ക്കൊരു എത്തി നോട്ടം..



മലമുകളിലെത്തി ആകാശം നോക്കിയപ്പോള്‍ ഭൂമിയോളം തന്നെ മനോഹരം..



മുകളിലേക്കാള്‍ മുകളിലായ് വര്‍ത്തിയ്ക്കും സകലഗമാം സനാതനാകാശമേ
അകലെയേക്കാള്‍ അകലെയാകുന്നു നീ, അരികിലേക്കാള്‍ അരികിലാണത്ഭുതം..


ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയതിന്റെ പ്രതീകമെന്നോണം പണി കഴിക്കപ്പെട്ടതാണത്രേ ഈ മണ്ഡപം. ഇത് ഒറ്റക്കല്ലില്‍ തീര്‍ക്കപ്പെട്ടതാണെന്നു പറഞ്ഞതു മാത്രം തീരെ മനസ്സിലായില്ല..
അഗസ്ത്യ തീര്‍ത്ഥം തേടി കാട്ടിലൂടെ കുറെ അലഞ്ഞു. ഒടുവില്‍ ഒരു അരുവി കണ്ടു..വെള്ളത്തിന് എന്തൊരു തണുപ്പ്!..

സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ
ദേവമന്ദാകിനീ പുണ്യാഹമേ..


മഞ്ഞുതുള്ളികള്‍ മുത്തു നെയ്തു പിടിപ്പിച്ച ഈ മസ്ലിന്‍ തൂവാല കണ്ടാല്‍ ഒരു കെണി ആണെന്ന് ഏതെങ്കിലും പ്രാണി കരുതുമോ?





വഴിയിലൊരു കല്ലിലിരുന്നു ദിവാസ്വപ്നം കാണുന്ന ശലഭം(Danaid Egg fly എന്നു തോന്നുന്നു).. അതോ ആരെയോ ഓര്‍ത്തു സ്വയം മറന്നിരിക്കുന്നുവോ?







പീലിച്ചിറകൊടിഞ്ഞ ഒരു ശലഭം എവിടെയോ.. പറക്കാന്‍ പറ്റാതെ..







വെട്ടി മുറിച്ചിട്ടും തളിര്‍ക്കുന്ന പ്രതീക്ഷയുടെ നാമ്പുകള്‍..ഒരു മഴയിരമ്പത്തിനു കാതോര്‍ത്ത്..





ഈ സ്വര്‍ഗലോകത്ത് ഇപ്പോ ഇത്ര നേരം മാത്രം.. ലോകം തിരികെ വിളിയ്ക്കുന്നു.. ഇനി മടക്കം, മലയിറക്കം..


















ഒരു കുഞ്ഞു പൂവില്‍ ഒരു മുഴുവസന്തവും ഒരു മണല്‍ത്തരിയില്‍
ഒരു പ്രപഞ്ചവും കാണാന്‍ അനന്തതയെ ഒരു കൈക്കുടന്നയിലും
അനന്തകാലത്തെ ഒരു നാഴിക നേരത്തിലും ഒതുക്കുക ..




താഴെ മരുഭൂമിയിലേയ്ക്ക്, മനസ്സില്‍ ഒപ്പം കൊണ്ടു പോവാന്‍ പ്രകൃതിയുടെ പൂക്കൂടയില്‍ നിറച്ച ഈ കാട്ടുപൂക്കള്‍..












ഈ പച്ചപ്പിന്റെ സമൃദ്ധി...







“ഒന്നു തിരികെ നോക്കൂ കുടജാദ്രിയെ“ എന്നു കൈ ചൂണ്ടി നില്‍ക്കുന്ന പുല്‍ത്തലപ്പ്..









ഈ സമൃദ്ധിയ്ക്കു നടുവില്‍ ഏകനായി, നഗ്നനായി നില്‍ക്കുമ്പോഴും ഒരു പ്രാര്‍ത്ഥനയായി ധ്യാനിച്ചീ മരം..











പച്ചപ്പില്‍ തുടങ്ങി പച്ചപ്പില്‍ അലിയുന്ന വഴിയിലൂടെ മടങ്ങുമ്പോള്‍, ഇനിയും വരും ഞാനിവിടെ, അതു വരെ ഇതു പോലെ തന്നെ ഇവിടെ ശേഷിയ്ക്കെന്നൊരു പ്രാര്‍ത്ഥന ഈ ഭൂമിയോട്..












മനോഹരം മഹാവനം, ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുന്‍പിലായ്
എനിയ്ക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാന്‍..

ആരുമില്ലാതായിപ്പോയ ജന്മങ്ങള്‍..


തോളുകള്‍ കുനിഞ്ഞിട്ടുണ്ടവന്നും, സ്വജീവിത
നാളുകള്‍ തന്‍ കണ്ഠത്തിലേറ്റിയ നുകം പേറി
കാലുകള്‍ തേഞ്ഞിട്ടൂണ്ടിന്നവന്നും, നെടുനാളായ്
കാലത്തിന്‍ കരാളമാം പാതകള്‍ താണ്ടിത്താണ്ടി..

Tuesday, May 15, 2007

കറുത്ത പൂക്കള്‍


വെളിച്ചം അതിരിടുന്ന ഇരുളിന്റെ പൂക്കള്‍. കൈരളി ടി വി സംഘടിപ്പിച്ച ഒരു ഓണാഘോഷ പരിപാടിയ്ക്ക് പണ്ടു പോയപ്പോ എടുത്തത്.

Monday, May 14, 2007

തീര്‍ത്ഥാടനം..ഓര്‍മ്മകളിലേയ്ക്ക്


നോക്കെത്തുന്ന ദൂരത്തോളം പരന്നു പച്ചപ്പ്..
അതിനിടയ്ക്കൊരിടത്ത് ഒളിച്ചു കിടന്നു ഇവന്‍.. കണ്‍കൊത്തിപ്പാമ്പ്, പച്ചിലപ്പാമ്പ് എന്നൊക്കെ ചെറുപ്പത്തില്‍ പേടിച്ചിട്ടുള്ള വീരന്‍!



ഇത്രയ്ക്കും വലിയ ഒന്നിനെ കണ്ടതാദ്യം. ഈയൊരു പടം പിടിച്ചതും, പാവം നാണം കുണുങ്ങി, ചെടികള്‍ക്കിടയിലേയ്ക്കോടി..
ക്ഷീണം മറന്നു കാഴ്ചകള്‍ കണ്ടു നിന്ന് മുകളിലെത്തിയപ്പോഴേയ്ക്കും സമയം സന്ധ്യ. സൂര്യന്‍ നേരത്തെ തന്നെ മറഞ്ഞിരുന്നു..


അസ്തമയ കാഴ്ച കാണാന്‍ പറ്റില്ലെന്നു തന്നെ കരുതി. മുറിയിലേയ്ക്കു കയറാന്‍ തുടങ്ങുമ്പോളേയ്ക്കും, യാത്ര ചോദിയ്ക്കാതെ പോവുവതെങ്ങനെ എന്നു സംശയിച്ച സൂര്യനും എത്തി.

നാ‍ളെ വീണ്ടും വരാം എന്നു പറഞ്ഞുവെങ്കിലും ഒരു രാത്രി പോലും പിരിഞ്ഞിരിക്കാന്‍ വയ്യെന്നു, പോവരുതെന്നു പകലിന്റെ ചുടലയിലേയ്ക്കു കൈ നീട്ടിയീ കുരുന്നുമൊട്ടുകള്‍..




വിധിവിദിതമായതിനപ്പുറത്തു നിങ്ങളും ഞാനും തമ്മിലെന്തെന്നു കയ്യൊഴിഞ്ഞു കര്‍മ്മസാക്ഷി കളമൊഴിഞ്ഞപ്പോള്‍
നാളെയും വരും, കരയേണ്ട, ഞാനുണ്ടിനി നിങ്ങള്‍ക്കു കൂട്ടിനെന്നു, കണ്ണീരു മായ്ക്കാനോടി യെത്തുന്ന ഇരുളലകള്‍..


കണ്മുന്നില്‍ മരിച്ച പകലൊന്നു മാത്രം പകര്‍ന്നു ഉള്ളില്‍
ഒരു ജന്മത്തിന്റെ യാത്രയുടെ, ഒരു തീര്‍ത്ഥാടനത്തിന്റെ മരിയ്ക്കാത്ത അനുഭൂതികള്‍.
ആയിരം കാതങ്ങള്‍ താണ്ടി ഞാനെത്തിയ
സ്നേഹാര്‍ദ്ര തീരമേ നന്ദി..

Sunday, May 13, 2007

ഇപ്പോഴും ബാക്കി നില്‍ക്കുന്ന പച്ചത്തുരുത്തുകള്‍


കുടജാദ്രി കയറുമ്പോള്‍ മനസ്സിലേയ്ക്ക് ചുറ്റുപാടിന്‍റെ പച്ചപ്പും കുളിര്‍മ്മയും പതിയെ കയറുകയായിരുന്നു.
.......
പച്ച വില്ലീസു റവുക്കയിട്ടിരുണ്ട പച്ചപ്പട്ടു പുതച്ചു കരിമ്പിന്‍ പൂങ്കുലകള്‍
വാരിച്ചൂടിച്ചിരിച്ചു നവശ്യാമവധു പോല്‍ ലജ്ജാലോലയായി നില്‍ക്കുന്ന
ആ മലനിരകളെ കണ്ടു കൊതി തീരും മുമ്പേ തിരികെ ഇറക്കം.

ഇറങ്ങുമ്പോഴോര്‍ത്തത് ഈ പച്ചപ്പ് ഇങ്ങനെയിനി എത്ര കാലം ഇവിടെ അവശേഷിയ്ക്കും എന്നായിരുന്നു..

Saturday, May 12, 2007

ഇനിയീക്കുഞ്ഞിന്‍ രക്ഷയെങ്ങനെ..?


വെളിച്ചം എന്ന പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ തെളിഞ്ഞത് ഈ പഴയ ചിത്രമാണ്. കര്‍ണ്ണാടകത്തിലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ സ്കൂള്‍ യൂണിഫോമില്‍ കരിയ്ക്കു വില്‍ക്കാനിരുന്ന, പേരറിയാത്ത പെണ്‍കിടാവ്‌, ഇന്നവള്‍ സ്കൂളില്‍ പോവുന്നുണ്ടോ, ആവോ..?
തൊട്ടപ്പുറത്തു നിന്നും നോക്കുന്ന നായ ഒരു ഭീഷണരൂപിയായാണ് എനിക്കു തോന്നിയിരുന്നത്.. ഈയിടെ ഈ ചിത്രം കണ്ട മുല്ലപ്പൂ പറഞ്ഞത്, “അവള്‍ക്കൊരു കാവല്‍ക്കാരനും ഉണ്ടല്ലോ“ എന്ന്.
ഉണ്ടാവട്ടെ, പ്രതീക്ഷിക്കാം നമുക്ക്‌..അവള്‍ക്കായൊന്നും ചെയ്യാനില്ലെന്നു കൈ മലര്‍ത്തുമ്പോഴും..

കുഞ്ഞായിരുന്ന നാള്‍ കണ്ടൂ കിനാവുകള്‍,
കുഞ്ഞു വയര്‍ നിറച്ചാഹാരം
കല്ലു മണിമാല, കൈവള,
ഉത്സവച്ചന്തയിലെത്തും പലഹാരം..