നാലു തരം മീന്‍കൊത്തികള് കേരളത്തിലുണ്ടെങ്കിലും സാധാരണ കാണപ്പെടുന്നത് മൂന്നിനങ്ങളാണ്.
ഇവനാണ് ചെറിയ മീന്‍കൊത്തി.
ഇംഗ്ലീഷുകാര്‍ മിക്കവാറും കവിതകളിലൊക്കെ എഴുതി പുകഴ്ത്തുന്നതും, കിംഗ്‍ഫിഷര്‍ വിമാനക്കമ്പിനിയുടെയും സോഡ യുടെയും ;-) ലോഗോയില് വരെ കാണുന്നതും ഈ വിദ്വാനെത്തന്നെ.
മീനുകളും മറ്റു ജലജീവികളുമാണ് പ്രധാന ഭക്ഷണം.
ജലാശയങ്ങളോടു ചേര്‍ന്നുള്ള മരക്കൊമ്പുകളിലോ കല്ലുകളിലോ ഒക്കെ ശ്രദ്ധിച്ചാല്‍ കാണാം, മുനി പോലെ വെള്ളത്തില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ചെറിയ മീന്‍കൊത്തിയെ. അങ്ങനെ ഇരിക്കുമ്പോ ആയുസ്സെത്തിയ ഒരു മീന്‍ വെള്ളത്തിനു മുകളിലേക്കെങ്ങാനും വരുന്നു, നമ്മുടെ മുനി ചിറകും പൂട്ടി വെള്ളത്തിലേയ്ക്കു കമിഴ്ന്നടിച്ചു വീഴുന്നു, പിന്നെ പൊങ്ങുമ്പോ കൊക്കിലിരുന്നു പിടയ്ക്കുന്നുണ്ടാവും ഒരു മീന്‍. വീണാല്‍ പിന്നെ മീനില്ലാതെ പൊങ്ങി കണ്ടിട്ടില്ല ഇവനെ.
ചെറിയ മീന് കൊത്തിയെ കാള്‍ ഒരു പക്ഷേ സുപരിചിതനാവും ഒരു പക്ഷേ ഈ ചാത്തന്‍. ഇവനാണ് മീന്‍കൊത്തിച്ചാത്തന്‍. മീന്‍കൊത്തി എന്നൊക്കെ പേരിലുണ്ടെങ്കിലും ഇവന്‍ തരം കിട്ടിയാല്‍ ചെറിയ പുല്‍ച്ചാടികള്‍, ഓന്തുകള്‍ തുടങ്ങിയവയേയും വെറുതേ വിടാറില്ല. അതു കൊണ്ടു തന്നെ, ജലാശയങ്ങള്‍ക്കടുത്തേ ജീവിക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയൊന്നും മൂപ്പര്‍ക്കില്ല.

ഇവരു രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ കാണാറുള്ള ഒരു പുള്ളിയാണിത്. ഇവന്‍ പുള്ളിമീന്‍കൊത്തി. ഇവന്‍റെ പ്രത്യേകത എന്നു പറയാവുന്നത് ചെറിയ മീന്‍കൊത്തിയെപ്പോലെ ഒരു ഭാഗത്ത് സ്വസ്ഥമായിരുന്ന് മീന്‍ വരുന്നുണ്ടോ എന്നു ധ്യാനിക്കുന്ന സ്വഭാവമൊന്നുമില്ല. കുളങ്ങള്‍ക്ക് മുകളില്‍ പറന്ന് ഒരു സ്ഥലത്തു തന്നെ പാറി നിന്ന് വെള്ളത്തില്‍ ദൃഷ്ടി ഉറപ്പിച്ചു നില്‍ക്കും.
ദേ ഇതു പോലെ.

പെട്ടെന്നു ചിറകും പൂട്ടി വീഴുന്നതു കണ്ടാല്‍ പാവം പക്ഷി, ക്ഷീണിച്ചു വെള്ളത്തില്‍ വീണെന്നാവും നമ്മള്‍ കരുതുക. അപ്പോഴുണ്ടാവും കൊക്കിലൊരു മീനുമായി ആശാന്‍ ഹാപ്പിയായി ഒരു പൊങ്ങി വരവ്. പിന്നെ പോയി അടുത്തൊരു മരക്കൊമ്പിലോ പാറപ്പുറത്തോ ഇരുന്ന് സുഖ ഭോജനം. ചെറിയ മീന്‍കൊത്തിയും ഇടയ്ക്കു ഈ വിദ്യ പരീക്ഷിക്കാറുണ്ടെങ്കിലും, കൂടുതല്‍ നേരം തുടരാറില്ല.
ഇവയ്ക്കു പുറമേ വേറെ ഒരിനം കൂടി കേരളത്തില്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും കണ്ടു പരിചയമില്ല. കാക്കമീന്‍കൊത്തി എന്ന പേരില്‍ അറിയപ്പെടുന്ന ആ ശ്രീമാന്‍റെ കുറച്ചു ചിത്രങ്ങള്‍ ഇവിടുണ്ട്.