ഒരു അവധി ദിവസം രാവിലെ പെട്ടെന്നൊരു തോന്നലില്‍ ആതിരപ്പിള്ളിക്കു പുറപ്പെട്ടു.

പോവുന്ന വഴിക്ക് ഒരു വലിയ ഗേറ്റും ഒക്കെ കണ്ടപ്പോ ഇറങ്ങി നോക്കി, തുമ്പൂര്‍മൂഴി ഇറിഗേഷന്‍ പ്രോജക്റ്റ് ആണത്രേ. അതിനോടു ചേര്‍ന്നൊരു ഉദ്യാനവും ഉണ്ട്. ചിത്രത്തില്‍ പിന്നില്‍ കാണുന്നത് ചെക്ക് ഡാമിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളം.

ചെക്ക് ഡാമിന്റെ പനോരമ പകര്‍ത്താനൊരു ശ്രമം. മൂന്നോ നാലോ ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത ഒരു കാഴ്ചയാണിത്. ക്ലിക്കിയാല്‍ വലുതായി കാണാം.
കുറെ നേരം അവിടൊക്കെ കറങ്ങി നടന്ന ശേഷം പിന്നെയും ആതിരപ്പിള്ളിക്കു കയറ്റം.
അവിടെത്തിയപ്പോ തിരക്കോടു തിരക്ക്.

സന്ദര്‍ശകരെ കൂടാതെ ഏതോ കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വന്ന ആളുകളും ഒക്കെ ചേര്‍ന്ന് ആകെ ഒരുത്സവപ്പറമ്പു പോലെ. ആളുകളില്ലാതെ വെള്ളച്ചാട്ടത്തിന്റെ ഒരു പടം പിടിക്കാന്‍ കുറെ നേരം നോക്കിയിരുന്നു കിട്ടിയത്.

വെള്ളച്ചാട്ടത്തിനു തൊട്ടു താഴെ ഉള്ള പാറയില്‍ പറ്റിപ്പിടിച്ചു കയറി, എവറസ്റ്റ് കീഴടക്കിയ സന്തോഷത്തില്‍ നില്ക്കുന്ന രണ്ടു പേരെ കണ്ടപ്പോ ഒരു പടം പിടിക്കാതിരിക്കാന്‍ പറ്റിയില്ല :)

വെള്ളച്ചാട്ടത്തിനു താഴെ എത്തുമ്പോ കാറ്റില്‍ പാറി വീഴുന്ന വെള്ളത്തുള്ളികള്‍ ലെന്‍സില്‍ വീഴാതെ പടം പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.

ഇതു ആ സിനിമാ ഷൂട്ടിങ്ങുകാരുണ്ടാക്കിയൊരു വീട്. നല്ല ഭംഗി തോന്നിയെങ്കിലും, ലൈറ്റുകളും വയറുകളും ഒക്കെ വഴി മുടക്കിയതു കൊണ്ട്, വീടു മുഴുവനായി കാണുന്ന പോലെ ഒരു പടം പിടിക്കാന്‍ പറ്റിയില്ല.

വെള്ളച്ചാട്ടത്തിനു മുകളിലേയ്ക്കുള്ള കയറ്റം തുടങ്ങുന്നതിനു മുന്‍പ്, മരങ്ങള്‍ക്കിടയിലൂടെ ഒന്നു തിരിഞ്ഞു നോക്കി.
വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നും മുകളിലേയ്ക്കു പോവാന്‍ വനം വകുപ്പ് നിര്‍മ്മിച്ചിരിക്കുന്ന നടപ്പാത വളഞ്ഞു പുളഞ്ഞു പോവുന്നതു കണ്ട്, അതൊഴിവാക്കി കുത്തനെ ഉള്ള കയറ്റം കയറിയാണ് മുകളിലേയ്ക്കു പോയത്. അടി തെറ്റാതെ മുകളിലെത്താനുള്ള തത്രപ്പാടില്‍ ആ വഴിയുടെ പടം പിടിയ്കാനോര്ത്തില്ല.

മുകളിലെത്തിയപ്പോ, വെള്ളച്ചാട്ടത്തോട് ചേര്‍ന്നു തന്നെ പൂത്തുലഞ്ഞു നില്ക്കുന്ന ഒരു മരമാണ് എതിരേറ്റത്. മരം നിറയെ പലതരത്തിലുള്ള പത്തഞ്ഞൂറു കിളികള്‍. തേന്‍ കുടിച്ചു മത്തായിട്ടോ എന്തോ, വെള്ളച്ചാട്ടത്തിന്റെ ആരവത്തിനും മുകളില്‍ മുഴങ്ങിയിരുന്നു അവരുടെ ശബ്ദം :)

മരം നില്‍ക്കുന്നത് മുകളിലെ പാറക്കെട്ടില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ കുഞ്ഞുപക്ഷികളെ ഒന്നും നേരെ ചൊവ്വേ പകര്‍ത്താന്‍ പറ്റിയില്ല. വലിയ തരക്കേടില്ലാതെ കിട്ടിയ രണ്ടു കിളികള്‍. ഗരുഡന് ചാരത്തലക്കാളി (
Chestnut-tailed Starling) എന്നാണ് ഇവയുടെ പേരെന്നു കണ്ടു പിടിക്കാന്‍ പിന്നെ കുറേ നാളത്തെ ഗവേഷണം വേണ്ടി വന്നു.

ചുവന്ന പൂക്കള്‍ക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്റെ ഒരു കാഴ്ച കൂടി പകര്‍ത്തിയിട്ടു മടക്കം.
പോവുന്ന വഴിക്കു വെള്ളത്തിന്റെ കുത്തൊഴുക്കു കണ്ടപ്പോ തോന്നിയ ഒരു കൌതുകം. വലുതാക്കി കണ്ടാലൊരു ഭംഗി ഒക്കെ ഉണ്ടെന്നു തോന്നുന്നു :)

വീണ്ടും ഷോളയാര്‍ റൂട്ടില്‍ യാത്ര ചെയ്ത്, വാഴച്ചാല്‍ കൂടി കണ്ടിട്ടാണ് മടങ്ങിയത്. ആതിരപ്പിള്ളിയുടെ ആകര്‍ഷണീയതയെക്കാള്‍, ഒരു വന്യതയാണ് വാഴച്ചാലിന് കൂടുതലെന്നു തോന്നി.