കുറെ ഏറെക്കാലമായുള്ള ഒരു ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് ഈ പോസ്റ്റ്. കേരളത്തിലെ പക്ഷികളെ ചിത്രസഹിതം പരിചയപ്പെടുത്താനും ഒപ്പം മലയാളം വിക്കിപ്പീടികയിലേക്ക് കുറേശെ ചേര്‍ക്കാനും ഉള്ള ഒരു അത്യാഗ്രഹം. ഈ ആഗ്രഹവും ആത്മവിശ്വാസവും തന്നത്
ഈ പോസ്റ്റില്‍ വന്ന കമന്റുകളാണ്. പ്രോത്സാഹിപ്പിച്ച എല്ലാര്‍ക്കുമായി ഈ പോസ്റ്റു നാട്ടുന്നു.. വിവരങ്ങള്‍ക്ക്, ശ്രീ ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തോട് കടപ്പാട്.
കാടുകള്‍ ത(വ?)ളര്‍ന്ന് ഗ്രാമങ്ങളും ഗ്രാമങ്ങള്‍ വളര്‍ന്ന് പട്ടണങ്ങളും ആയിട്ടും നമ്മള്‍ക്കൊക്കെ ഇപ്പോഴും പരിചിതനായ ഒരു പക്ഷിയാണ് മൈന. അധികം പേരും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെങ്കിലും രണ്ടിനങ്ങളിലുള്ള മൈനകളെ സാധാരണ കണ്ടു വരാറുണ്ട്.
നാട്ടുമൈന അഥവാ മാടത്തയും(Common Myna), പിന്നെ
കിന്നരിമൈന (Jungle Myna)യും.

നാട്ടിന്‍പുറങ്ങളിലും പട്ടണപ്രദേശങ്ങളിലും എല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോവുന്നു മാടത്ത. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്, വാല് എന്നിവ കറുപ്പും, ചിറകിനടിഭാഗം, അടിവയര്‍, പിന്‍ഭാഗം, എന്നിവ വെളുപ്പുമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞത്തോല്‍ നാട്ടുമൈനയെ തിരിച്ചറിയാന്‍ സഹായിക്കും.

കിന്നരിമൈനയെ സാധാരണ പട്ടണപ്രദേശങ്ങളില്‍ കാണാറില്ല. ഒറ്റ നോട്ടത്തില്‍ നാട്ടുമൈനയെ പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലുപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലര്‍ന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചര്‍മ്മത്തിന്റെ അഭാവവും നാട്ടുമൈനയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കും.
പുഴുക്കള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ചെറുപ്രാണികള്‍, മനുഷ്യര്‍ എറിഞ്ഞുകളയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയാണ് രണ്ടു ജാതി മൈനകളുടെയും ആഹാരം. നിലത്തിറങ്ങി നടന്നും ഭക്ഷണം തേടാറുണ്ട്. ഓരോ കാലും മാറി മാറി മുന്നോട്ടെടുത്തു വച്ച് നല്ല ഗൌരവത്തില്‍ തന്നെ ആണ് നടപ്പ്.
പല പക്ഷികളുടെ ശബ്ദം ഉള്‍പ്പെടെ വിവിധ തരം ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഈ പക്ഷിയെ പിടിച്ചെടുത്ത് മനുഷ്യര്‍ സംസാരിക്കുന്നതു പോലെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ പഠിപ്പിക്കാറുണ്ട്.
ഒരു പ്രദേശത്തുള്ള മൈനകള്‍ ഒരുമിച്ചാണ് ചേക്കയിരിക്കാറ്. പ്രജനന കാലത്ത് മരപ്പൊത്തുകളിലോ പനയോലകള്ക്കിടയിലോ ഒക്കെ കൂടുകളുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു.