പേരു കൊണ്ട് എല്ലാവര്ക്കും സുപരിചിതരെങ്കിലും ശരിയ്ക്കും വാലുകുലുക്കിപ്പക്ഷികളെ തിരിച്ചറിയുന്നവര്‍ ചുരുങ്ങും എന്നാണ് തോന്നുന്നത്. മണ്ണാത്തിപ്പുള്ള്, ആനറാഞ്ചി തുടങ്ങി വാല് കുലുക്കുന്നതും കുലുക്കാത്തതുമായ പല പക്ഷികളെയും പലരും സൌകര്യം പോലെ വാലുകുലുക്കികള്‍ എന്നു വിളിക്കാറുണ്ട്.

കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ഒറ്റയിനം വാലുകുലുക്കികളേ ഉള്ളു എന്നാണറിവ്. വലിയ വാലുകുലുക്കി(Large Pied Wagtail) എന്ന ഇവയെ മണ്ണാത്തിപ്പുള്ളുമായി ഒറ്റ നോട്ടത്തില്‍ മാറിപ്പോകാന്‍ ഇടയുണ്ട്. രണ്ടാമതൊരു നോട്ടത്തില്‍ ഇവയെ തമ്മില്‍ തിരിച്ചറിയാന്‍ വളരെ എളുപ്പവുമാണ്. വാലുകുലുക്കിയെ അപേക്ഷിച്ച് നീളം കുറവും തടി ഏറെയുമുണ്ടാവും മണ്ണാത്തിപ്പുള്ളിന്. വാലുകുലുക്കിയുടെ കണ്ണിനു മുകളില്‍ പുരികം പോലെ കാണപ്പെടുന്ന വെളുപ്പു നിറം മണ്ണാത്തിപ്പുള്ളിനുണ്ടാവില്ല.
ഇതിനൊക്കെ പുറമേയാണ് ശരീരത്തിന്റെ പിന്ഭാഗമപ്പാടെ മുകളിലേയ്ക്കും താഴേയ്ക്കും കുലുക്കുന്ന വാലുകുലുക്കിയുടെ പ്രത്യേക അഭ്യാസവും. ഒരു ജനലിന്റെ പടിയില്‍ വന്നിരുന്നു കണ്ണാടി നോക്കുന്ന വാലുകുലുക്കി ഇതാ:

വെള്ളത്തിനടുത്താണ് വാലുകുലുക്കികളെ സാധാരണ കാണാറ്.
പല തരം വാലുകുലുക്കികള്‍ കേരളത്തില്‍ നാടോടികളായി വരാറുണ്ട്. അതിലൊരിനമാണ് കാട്ടുവാലുകുലുക്കി. (Forest Wagtail)

മരങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ തറയിലും മരങ്ങളിലും നടന്ന് ഇര തേടുന്ന കാട്ടു വാലുകുലുക്കിയെ തിരിച്ചറിയാന്‍ എളുപ്പമാണ്. ഇവയുടെ ഒരു പ്രത്യേകത, ശരീരത്തിന്റെ പിന്‍ഭാഗം കൊണ്ട്ട് സിനിമകളിലെ ഐറ്റം നമ്പര്‍ നര്‍ത്തകികളെ അനുകരിച്ചു നടത്തുന്ന അഭ്യാസമാണ്. മറ്റു വാലുകുലുക്കികളൊക്കെ താളം പിടിക്കും പോലെ മേലോട്ടും കീഴ്പോട്ടും വാലു ചലിപ്പിക്കുമ്പോള്‍ ഇവ ഇടത്തോട്ടും വലത്തോട്ടുമാണ് വാലു ചലിപ്പിക്കുന്നത്.

ദേശാടകരായി കേരളത്തിലെത്തുന്ന ഇവ പ്രജനനകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കു പോകുമെന്നാണറിവ്.
ഇവയ്ക്കു പുറമേ, വെള്ള വാലുകുലുക്കി (White Waggtail) വഴികുലുക്കി (Grey Wagtail) എന്നീയിനങ്ങളും നാലഞ്ചിനം മഞ്ഞ വാലുകുലുക്കികളും(Yellow Wagtail) നമ്മുടെ നാട്ടില്‍ സന്ദര്‍ശകരായെത്താറുണ്ട്.
ഒരിനം മഞ്ഞ വാലു കുലുക്കി ആണ് ചിത്രത്തില്‍ കാണുന്നത്.

എല്ലാവര്ക്കും ഓണാശംസകള്‍!!