കുയിലുകളെക്കുറിച്ചു കേള്ക്കാത്തവരുണ്ടാവില്ലെന്നുറപ്പ്. എന്നാല്‍ കുയിലിന്‍റെ പാട്ടു കേള്‍ക്കാത്തവരും കുയിലിനെ കണ്ടിട്ടില്ലാത്തവരും കണ്ടാലും തിരിച്ചറിയാത്തവരും ഉണ്ടാവും. പല തരം കുയിലുകളെ നമ്മുടെ നാട്ടില്‍ കണ്ടു വരാറുണ്ടെങ്കിലും കുയില്‍ എന്ന പേരില്‍ മിക്കവരും തിരിച്ചറിയുന്ന പക്ഷി നാട്ടുകുയിലാണ്‍. ഇതില്‍ത്തന്നെ പാട്ടു പാടുന്നത് ആണ്‍കുയിലാണെന്നാണറിവ്. പാട്ടില്ലെങ്കിലും ആണ്‍കുയിലിനെയും പെണ്‍കുയിലിനെയും തമ്മില്‍ തിരിച്ചറിയല്‍ എളുപ്പമാണ്. ആണ്‍കുയില്‍ കാഴ്ചയില്‍ നല്ല കറുപ്പു നിറമാണ്. പെണ്‍കുയിലിന് തവിട്ടു കലര്‍ന്ന ചാരനിറവും അതില്‍ നിറയെ വെളുത്ത പുള്ളികളും. പെണ്‍കുയിലിനെ ചിലര്‍ പുള്ളിക്കുയിലെന്നും വിളിക്കാറുണ്ട്. ആണ്‍കുയിലിനും പെണ്‍കുയിലിനും കാക്കയെക്കാള്‍ വലുപ്പമേറും. വലിയ വാലും പച്ച കലര്‍ന്ന ചാര നിറമുള്ള കൊക്കും ചുവന്ന കണ്ണുകളും. കൂടുതലും നാണിച്ച് വല്ല മരക്കൂട്ടത്തിനിടയിലും പതുങ്ങിയിരിക്കുകയാണ് പതിവ്. കാക്ക, കരിയിലക്കിളി മുതലായ പക്ഷികള്‍ കണ്ണിൽപ്പെട്ടാലുടനെ കൊത്തിയോടിക്കുന്നതു മൂലമാവാം ഈ ഒളിച്ചിരിപ്പ്.
കുയിലിന്‍റെ പാട്ടിനോളം തന്നെ (കു)പ്രസിദ്ധമാണ് സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ മറ്റു കിളികളെ ഏൽപ്പിക്കുന്ന അതിന്‍റെ സ്വഭാവ സവിശേഷതയും. കുയില്‍ വര്‍ഗ്ഗത്തിൽപ്പെട്ട പല പക്ഷികളും സ്വന്തമായി കൂടുണ്ടാക്കാറില്ല. നാട്ടുകുയില്‍ പ്രധാനമായും കാക്കകളെയാണ് സ്വന്തം മുട്ടകള്‍ ഏൽപ്പിക്കാറ്. കാക്കക്കൂടു കണ്ടെത്തി സ്വന്തം ഒരൊറ്റ മുട്ട(ഒരു മുട്ട മാത്രം :) ആ കൂട്ടിലിട്ട് പെണ്‍കുയില്‍ യാത്രയാവും. അടയിരുന്നു കുഞ്ഞിനെ വിരിയിച്ച് പോറ്റി വളര്‍ത്തേണ്ട ജോലി പാവം കാക്കമ്മയ്ക്ക്! ഇതിനു സൌകര്യം ചെയ്തു കൊടുക്കാനെന്നോണം പ്രകൃതിയും കുയില്‍ക്കുന്ഞ്ഞുങ്ങള്‍ക്ക്, ആണായാലും പെണ്ണായാലും നല്ല കറുപ്പു നിറം തന്നെ കൊടുത്തിരിക്കുന്നു. പാവം കാക്കമ്മ, പോറ്റി വളര്‍ത്തിയതു കുയില്‍ക്കുഞ്ഞിനെ ആണെന്നു തിരിച്ചറിയുമ്പോഴേയ്ക്കും വളര്‍ത്തുമകന്‍(മകള്‍ക്ക്) പറക്ക മുറ്റിയിരിക്കും.
കുയില്ക്കുഞ്ഞ് ജനിച്ചയുടന്‍ സഹജാതരെയും(കാക്കക്കുഞ്ഞുങ്ങളെ) വിരിയാത്ത മുട്ടകളെയും കൂട്ടില്‍ നിന്നും തള്ളിയിടും, മുട്ടയിടുന്ന തള്ളക്കുയില്‍ തന്നെ കാക്കയുടെ മുട്ടകള്‍ പൊട്ടിച്ചു കളയും എന്നൊക്കെ പല ദുരാരോപണങ്ങളും കുയിലിനു കേള്‍ക്കേണ്ടി വരാറുണ്ട്, പക്ഷേ ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്നത് ഇനിയും കണ്ടു പിടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണറിവ്. ഏതായാലും പൊതുവേ മിശ്രഭുക്കായ കുയിലിന് വേണ്ടി വന്നാല്‍ മറ്റു പക്ഷിയുടെ മുട്ടകള്‍ അകത്താക്കാന്‍ മടിയില്ലെന്നത് സത്യമാണ്. സ്വന്തം കൂട്ടില്‍ മുട്ടയിടുന്നതിന് മുതിര്‍ന്ന കുയിലുകളോട് കാക്കകള്‍ പക പോക്കാറുണ്ടെന്നതും..:)
12 comments:
പതിവുപോലെ വിജ്ഞാനപ്രദവും എന്നാല്‍ രസകരവും..!
നന്ദി അപ്പൂ..ഒന്നു കൂവിയിട്ട് പോണോ എന്നു വിചാരിച്ചതാണ്..:)
അപ്പു എന്തൊക്കെ കുയിലിനെ പഴി പറഞ്ഞാലും കുയിലിന്‍റെ പാട്ടു കേട്ടാല്‍ ഇതെല്ലാം കള്ളമാണെന്നേ തോന്നൂ.
വിജ്ഞാനപ്രദം അപ്പൂ ഇതും.:)
kollam nannayi kuyilvisesham
kuyil naadam pande hridyamanu
ippol itha vinjaanaprathavumaayi appu
നന്ദി അപ്പൂ
അപ്പൂസേ വിക്കി ലേഖനവും കണ്ടൂട്ടോ.
ഇവിടെ മുന്‍പ് കാക്കകള്‍ വളരെ കുറവും കുയില്‍ വളരെ കൂടുതലുമായിരുന്നു. ഇപ്പോ കാക്ക കൂടിയെന്നു തോന്നുന്നു. പക്ഷേ എനിക്കാലോചിച്ചിട്ടു പിടികിട്ടാത്തത് കാക്ക വളരെ കുറവായിരുന്ന സമയത്തെങ്ങനെ കുയിലിന്റെ എണ്ണം കൂടിയെന്നതാണ്. ഇനി വേറെ എതെങ്കിലും പക്ഷിയുടെ കൂട്ടിലും മുട്ടയിടുമോ?
അതോ കാക്കമുട്ട തള്ളിയിട്ട് കാക്കയുടെ എണ്ണം കുറഞ്ഞതാവുമോ?
എന്തായാലും അതവിടെ നില്‍ക്കട്ടെ. അപ്പൂസ് ലേഖനം നന്നായിരിക്കുന്നു.
തുടരുക. ആശംസകള്‍!
നല്ല ലേഖനം തന്നെ അപ്പുസേ...
:)
അപ്പൂസ്,
നല്ല ലേഖനം. പെണ്‍കുയിലിനാണ് പുള്ളിയുള്ളത് എന്നത് പുതിയ അറിവായിരുന്നു. നല്ല ഫോട്ടോയും. പക്ഷികളുടെ ഫോട്ടോ എടുക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടറിയാവുന്നതുകൊണ്ട് ഈ ഫോട്ടോഗ്രാഫറെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
അപ്പു എല്ലാം വായിക്കുന്നുണ്ട്. ഇനി കേരളത്തിലെ പരുന്ത്/ കഴുകന്‍ വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളെ കുറിച്ച് എഴുതുമൊ?
എല്ലാവര്‍ക്കും നന്ദി.
ആഷേച്ചി, അത്രയേറെ കുയിലുകളെ കാണാനുണ്ടായിരുന്നോ അവിടെ? അതേതായാലും ഒരു ഗവേഷണ വിഷയമാക്കാവുന്നതാണല്ലോ :)
വിമതന്‍, പരുന്തുകളെ ചിത്രമെടുക്കാന്‍ അധികം കണ്ടു കിട്ടിയിട്ടില്ല. എങ്കിലും ശ്രമിക്കാം
4-5 വര്‍ഷം മുന്‍പ് അങ്ങനെയായിരുന്നു. കാക്കകളെ കൂടി പോയാല്‍ 2-3 കാണാനാവുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോ കാക്കളുടെ എണ്ണം നന്നായി കൂടി. പഴയ അത്രയും കുയിലുകളെ കാണാനുമില്ല.
hiiiii..ippozha ithokke manasiruthi vayikkunnathu...orupadu ishtappettu ennu parayanda karyam illallo.......................
Post a Comment