ശബ്ദം കൊണ്ടെങ്കിലും ഏറെക്കുറെ എല്ലാവര്ക്കും തന്നെ പരിചിതനായ ഒരു പക്ഷിയാണ് ചിന്നക്കുട്ടുറുവന്‍(Small Green Barbet or White-cheeked Barbet). മറ്റെല്ലാ പക്ഷികളും വല്ല മൂലയ്ക്കും മിണ്ടാതിരിക്കുന്ന ഉച്ച നേരങ്ങളില്‍ പോലും യാതൊരു ക്ഷീണവുമില്ലാതെ “കുട്രൂ-കുട്ര്...” എന്നു മുഴങ്ങുന്ന ശബ്ദം കേള്‍ക്കാത്തവരുണ്ടാവില്ല, ഇനി ഉണ്ടെങ്കില്‍ ഒന്നു കാതോര്‍ത്തു നോക്കിയേ, കേള്‍ക്കാം..:)
ശബ്ദം ഒക്കെ കേട്ടു, എന്നാല്‍ ഈ കക്ഷിയെ ഒന്നു കണ്ടേക്കാം എന്നു കരുതി ഇറങ്ങിയാല്‍ അത്ര എളുപ്പമൊന്നും പിടി തരില്ല ഇവന്. നാണംകുണുങ്ങിയായി പച്ചിലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുമെങ്കിലും ഒരേ സമയം പലയിടത്തു നിന്നും കേള്‍ക്കുന്ന പോലെ ശബ്ദം പുറപ്പെടുവിക്കാന്‍ നല്ല മിടുക്കാണ് കുട്ടുറുവന്. ഈ കഴിവു മൂലം ഒന്നിലധികം പക്ഷികള്‍ പരിസരത്തുണ്ടെന്നു നമ്മളെ ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കും.
ശരീരത്തിന്റെ ഏറെ ഭാഗവും നല്ല പച്ചിലപ്പച്ചയാണ് കുട്ടുറുവന്. പച്ചിലക്കുടുക്ക എന്നും ചിലര്‍ ഇവനെ വിളിക്കാറുണ്ട്. തടിച്ച ദേഹവും കുറുതായ വാലും കൊക്കും. തലയും താടിയും ഏതാണ്ടൊരു കടും തവിട്ടു നിറമാണ്. ഇടയ്ക്കു വെള്ള വരകളും കാണാം. കൊക്ക് തലയോട് ചേരുന്ന ഭാഗത്ത് നീണ്ട് കുറച്ചു രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് ഒരു മീശ പോലെ തോന്നും.കണ്ണിലൂടെ കടന്നു പോവുന്ന ഒരു കറുത്ത പട്ടയും, അതിനു മുകളിലും താഴെയുമായി രണ്ടു വെളുത്ത പട്ടകളും കാണാം. കണ്ണിനു താഴത്തെ പട്ടയ്ക്ക് അല്പം വീതി കൂടുതലുണ്ടാവും. വാലിട്ടു കണ്ണെഴുതിയതു പോലുള്ള ഈ പട്ടകള് കുട്ടുറുവന്റെ കണ്ണിനൊരു പ്രത്യേക ഭംഗി നല്കുന്നു. ചിറകുകള്ക്കും വാലിനും ദേഹത്തേക്കാള്‍ അല്പം കടുത്ത പച്ച നിറമാണ്.
മരംകൊത്തിയുടെ ഒരു അകന്ന ബന്ധുവാണത്രേ കുട്ടുറുവന്. അതു കൊണ്ടാവാം കാല്‍വിരലുകള്‍ ഏതാണ്ട് മരംകൊത്തിയുടേതു പോലെ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പിന്നോട്ടും തിരിഞ്ഞിരിക്കും. മരംകൊത്തിക്ക് കുത്തനെ ഉള്ള തടിയില്‍ പിടിച്ചിരിക്കാന്‍ സഹായകമാണ് ഈ പ്രത്യേകത. എന്നാല്‍ കുട്ടുറുവന് മരംകൊത്തിയെപ്പോലെ തടിയില്‍ പിടിച്ചിരിക്കുന്നത് അപൂര്‍വമായി മാത്രമേ കാണാറുള്ളു.
എന്നാല്‍ ഇവര്‍ കൂടുണ്ടാക്കുന്നത് മരംകൊത്തിയെപ്പോലെ തന്നെ തടി തുളച്ചാണ്. അധികം കടുപ്പമില്ലാത്ത മുരിങ്ങ, മുരിക്ക്, വാക തുടങ്ങിയ മരങ്ങളാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. കൂടു തുളയ്ക്കുന്ന സമയത്ത് ‘മരംകൊത്തി മോഡല്‍‘ ഇരിപ്പ് അവലംബിക്കാറുണ്ട് കുട്ടുറുവന്.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ നീളാറുണ്ട് ഇവയുടെ പ്രജനന കാലം.
മരം തുളച്ചുണ്ടാക്കുന്ന കൂടുകള്‍ ചിലപ്പോള്‍ ചേക്കിരിക്കാനും ഉപയോഗിക്കാറുള്ള കുട്ടുറുവന് മറ്റൊരു കുട്ടുറുവന്റെ മാളത്തെ ആക്രമിച്ചു സ്വന്തമാക്കാനും മടിയില്ലത്രേ..
പപ്പായപ്പഴം തിന്നാനായി ‘മരംകൊത്തിയിരിപ്പ്’ ഇരിക്കുന്ന ഒരു പച്ചിലക്കുടുക്ക ഇതാ.
ചിന്നക്കുട്ടുറുവനു പുറമേ സിലോണ്‍ കുട്ടുറുവന്(Ceylon Green Barbet or Brown-headed Barbet) എന്നൊരിനത്തേയും കേരളത്തിലെ കാടുകളില്‍ കാണാറുണ്ട്. ഇവയെ ചിന്നക്കുട്ടുറുവനില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്നത് അല്പം കൂടി കടുത്ത നിറങ്ങളും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചര്‍മ്മവുമാണ്. സിലോണ്‍ കുട്ടുറുവന്റെ ചില ചിത്രങ്ങള്‍ ഇവിടെയും ഇവിടെയും കാണാം.
6 comments:
അപ്പൂസേ ശ്രദ്ധ ഒരു വഴിക്കു തിരിഞ്ഞുപോയതുകൊണ്ട് പക്ഷി ശാസ്ത്രം കുറെ നാളായി കാണുന്നില്ലായിരുന്നു. ഇപ്പോള്‍ എല്ലാം വായിച്ചു.
ഈ ശബ്ദ്ം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആളെ കാണുന്നത് ആദ്യം. വളരെ നന്നായി എഴുതിയിട്ടുണ്ട്. ചിത്രങ്ങളും പതിവുപോലെ ഗംഭീരം. തുടരുക..
ഓഫ്: മുന്‍പ് പറഞ്ഞ കഥയെവിടെ.. .. എന്റെ ക്ഷമയെ പരീക്ഷിച്ചാല്‍ കഥ മഴനിലാവില്‍ വന്നു വായിക്കണ്ടി വരും !!
ഞാനീ പക്ഷിയെ കണ്ടിട്ടുണ്ടോ എന്ന് ഓര്‍മ്മയില്ല..ഇപ്പോഴാണെങ്കില്‍ പക്ഷി പോയിട്ട് പശു മുന്നില്‍ വന്നു നിന്നാല്‍പ്പോലും മൈന്‍ഡ് ചെയ്യില്ല...ഒടുക്കത്തെ തെരക്കല്ലേ....:)
തുടരുക അപ്പൂസേ..
അപ്പൂസേ, ഇവനാണല്ലേ ആ കക്ഷി..! കുട്ടിക്കൂറു കുട്ടിക്കൂറു എന്ന് ഒച്ചവയ്ക്കുന്നത്, കണ്ടിട്ടുണ്ടാവും പക്ഷെ ഈയൊച്ച ഇവന്റെയാണെന്ന് ഇപ്പോഴാണു അറിഞ്ഞത്.
മനു എന്തോ പറഞ്ഞല്ലോ..അറിയാന്‍ ജിജ്ഞാസ..കഥയെവിടെയെന്നൊക്കെ ചോദിക്കുന്നു..വേഗം പബ്ലീഷുചെയ്യൂ...
ഇവനെ ഞാന്‍ കണ്ടിട്ടുണ്ട്. :)
പേരറിയില്ലായിരുന്നു. ഈ ഫോട്ടോസ് ഒക്കെ പഴുത്ത പപ്പായ കെണി കൊണ്ട് എടുക്കാന്‍ പറ്റിയതാണല്ലേ ;)
പതിവു പോലെ മനോഹരം ഈ പോസ്റ്റും
മനുവേട്ടാ,മൂര്‍ത്തി, കുഞ്ഞന്‍, ആഷേച്ചി നന്ദി.
എഴുതി വന്നപ്പോ ഇഷ്ടപ്പെട്ടില്ല മനുവേട്ടാ അതു കൊണ്ടു പൂട്ടി വെച്ചു :)
പപ്പായ കെണി തന്നെ ആഷേച്ചി. കണ്ടു പിടിച്ചു അല്ലേ? :)
സ്കൂളിൽ പഠിക്കുന്ന കാലത്ത് പറമ്പിൽ ഇത് ധാരാളം ഉണ്ടായിരുന്നു.കുട്റൂ. കൂട്റൂ കേൾക്കാൻ രസമായിരുന്നു.
Post a Comment