മലമ്പ്രദേശങ്ങളിലേക്കാള്‍ തുറസ്സായ സ്ഥലങ്ങളിലാണിവയെ കൂടുതല്‍ കാണാറെന്നു തോന്നുന്നു. ഞാന്‍ ഇവയെ കണ്ടിട്ടുള്ളതധികവും കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ്. നാലിനം വേലിത്തത്തകളെയാണ് കേരളത്തില്‍ കണ്ടു വരാറ്. അതില്‍ത്തന്നെ രണ്ടിനങ്ങള്‍ കാട്ടു പക്ഷികളാണ്. ശേഷിച്ച രണ്ടിനങ്ങളില്‍ കേരളത്തില്‍ സ്ഥിരതാമസക്കാരന് എന്നു പറയാവുന്നത് നാട്ടുവേലിത്തത്തയെ ആണ്. ഇംഗ്ലീഷില്‍ Small Green Bee-eater എന്നറിയപ്പെടുന്ന ഇവരെ രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന വഴിയില്‍ ധാരാളമായി കാണാറുണ്ടായിരുന്നു. പലപ്പോഴും കാമറ കയ്യിലുണ്ടാവില്ലാത്തതിനാല്‍ ഏറെ സുന്ദരന്മാരെയും സുന്ദരികളെയും ചിത്രത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

കൂട്ടങ്ങളായും ഒറ്റയ്ക്കും ഇവയെ കാണാറുണ്ട്. സദാ ശബ്ദിച്ചു കൊണ്ടേ ഇവയെ കണ്ടിട്ടുള്ളു. ഏതെങ്കിലും ഉയര്‍ന്ന കമ്പിലോ വൈദ്യുത കമ്പിയിലോ ചുറ്റും നോക്കി ഇരിക്കും. ഏതെങ്കിലും പാറ്റയോ തുമ്പിയോ അടുത്തു കൂടി പറന്നു പോവുന്നതു കണ്ടാല്‍ പറന്നു ചെന്ന് അന്തരീക്ഷത്തിലൊരു അഭ്യാസപ്രകടനത്തിലൂടെ അവയെ പിടികൂടി തിരിച്ചെത്തും.

അങ്ങനെ ഇരയുമായി ഇരിപ്പിടത്തിലേയ്ക്കു മടങ്ങിയെത്തുന്നൊരു വിരുതനാണിത്.
പലപ്പോഴും ഇരിക്കുന്ന കൊമ്പില്‍ പ്രാണിയെ പലവുരു അടിച്ച് അതിന്റെ ചിറകും തോടും മറ്റും പൊഴിച്ചു കളയും. അതിനു സൌകര്യപ്പെട്ടില്ലെങ്കില്‍ അന്തരീക്ഷത്തില്‍ തന്നെ അമ്മാനമാടിയും ഇരയെ ‘ഡ്രെസ്സ്’ ചെയ്തെടുക്കാറുണ്ട്.
‘കോല്വാല്‘ ഇല്ലാത്തൊരു നാട്ടുവേലിത്തത്ത. പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങള്‍ക്കും ഈ കോല്വാല് ഉണ്ടാവില്ലെന്നു കേട്ടിട്ടുണ്ട്.
നിലത്തു കൂടെ നടക്കാന്‍ തീരെ ഇഷ്ടപ്പെടാത്തൊരു പക്ഷിയാണ് വേലിത്തത്ത. എന്നിരുന്നാലും വൈകുന്നേരമായാല്‍ ഒന്നു കുളിക്കുക എന്നൊരു സ്വഭാവം ഇതിനുണ്ട്. പൊടിമണ്ണിലുള്ള ഈ കുളിക്കായി കൂട്ടത്തോടെ ഇറങ്ങുന്ന നാട്ടുവേലിത്തത്തകള്‍ മനോഹരമായൊരു കാഴ്ചയാണ്. ടാറിടാത്ത മണ്വഴികളിലൂടെ വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ പലപ്പോഴും ഈ കുളി കാണാന്‍ പറ്റിയിട്ടുണ്ട്.
ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനന കാലം. എട്ടും പത്തും നാട്ടുവേലിത്തത്തകള്‍ അടുത്തടുത്തായാണ് സാധാരണ കൂടു കെട്ടാറ്. പൊന്മാന്റെ കൂടുകള്‍ പോലെയാണ് ഇവയുടെയും കൂടുകള്‍. കുത്തനെയുള്ള മണ്‍തിട്ടുകളില്‍ മാളങ്ങള്‍ തുരന്നുണ്ടാക്കി അതിനുള്ളിലാണ് മുട്ടയിട്ട് കുഞ്ഞു വിരിയിക്കുന്നത്.
നാട്ടുവേലിത്തത്തയുടെ ഒന്നരയിരട്ടിയോളം വലുപ്പമുണ്ടാവും വലിയ വേലിത്തത്തയ്ക്ക്. ഇംഗ്ലീഷില്‍ ഇവയെ Blue-tailed bee-eater എന്നാണ് വിളിക്കാറ്. അര മുതല്‍ വാലിന്നറ്റം വരെ ശോഭയുള്ള നീല നിറമാണിവയ്ക്ക്.നാട്ടു വേലിത്തത്തത്തയുടെ താടിയും തൊണ്ടയും നീല നിറമാണെങ്കില്‍ ഇവയുടേത് മഞ്ഞയോടടുത്ത തവിട്ടു നിറമാണ്. കണ്ണെഴുതിയതു പോലുള്ള ആ കറുത്ത വര ഇവയ്ക്കുമുണ്ടെങ്കിലും കഴുത്തിലെ മാല കാണാറില്ല. നാട്ടുവേലിത്തത്തയെപ്പോലെ തന്നെ ഇവയ്ക്കും വാലില്‍ കമ്പിത്തൂവലുകള് കാണാം.
ദേശാടകരായ ഇവയെ സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയേ നമ്മുടെ നാട്ടില്‍ കാണാറുള്ളു. പ്രജനനകാലത്ത് ഇവ വടക്കേ ഇന്ത്യയിലേയ്ക്കു പോവുമത്രേ.
വലിയ വേലിത്തത്തയുടെ നീലവാല്‍ ഈ ചിത്രത്തില്‍ തെളിഞ്ഞു കാണാം. രാവിലെ നടക്കാനിറങ്ങുമ്പോള്‍ പലപ്പോഴും വൈദ്യുത കമ്പികളില്‍ ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്ന ഈ നീലവാലന്മാരെ കാണാറുണ്ടായിരുന്നു.
ഇംഗ്ലീഷില്‍ ഇവയ്ക്കെല്ലാം തേനീച്ചപിടിയന്മാര്‍ എന്നാണു പേരെങ്കിലും നമ്മുടെ നാട്ടില്‍ കാണുന്നവ സാധാരണ തുമ്പികള്‍, വണ്ടുകള്‍ പല തരം പ്രാണികള്‍ എന്നിവയെ ഒക്കെ ആഹാരമാക്കുന്നതു കണ്ടിട്ടുണ്ട്.
ഇരകാത്തിരിക്കുന്ന രണ്ടു വലിയവേലിത്തത്തകള്‍..
ഇവയ്ക്കു പുറമേ ചെന്തലയന് വേലിത്തത്ത(Chestnut-headed bee-eater), കാട്ടുവേലിത്തത്ത(Blue-bearded bee-eater ) എന്നീയിനങ്ങളെക്കൂടി നമ്മുടെ നാട്ടില്‍ പാലക്കാട്-മലപ്പുറം ഭാഗങ്ങളില്‍ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്, നേരില്‍ കണ്ടിട്ടില്ല.
8 comments:
കൂടുതല്‍ അറിവ്... നന്ദി
ഇതിനെയല്ലേ കൃഷ്ണ തത്ത എന്നുവിളിക്കുന്നത്? (കൃഷ്ണക്കിളി)
അപ്പൂസേ.. സൂപ്പര്‍!!
മലയാളം വിക്കിയിലേക്ക് ഒരു നല്ല ലേഖനം കൂടെആയി അല്ലേ? അഭിനന്ദനങ്ങള്‍!
അപ്പൂസെ,
ഞാനും ഇവറ്റകളെ സ്തിരം കാണുന്നതാണ്(ഒമാനില്‍).ഫോട്ടോയും എടുത്തിട്ടുന്ട്.
പൊന്മാന്റെ ഇനത്തില്‍ പെട്ടവ ആണെന്നാ ഇത്രയും നാള് കരുതിയിരുന്നത്.ഏതായാലും നന്നായി.
അറിവേകുന്നതും ലളിതവുമായ സചിത്ര ലേഖനം വളരെ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.
:)
നന്ദി അപ്പൂ..കുറച്ച് കൂടി വിവരം വെച്ചു.
നന്നായിരിക്കുന്നു
അറിവ് പകരുന്നവ
തുടരുക
nalla post appus :)
ഇതിനെ ആദ്യായാ കാണതു തന്നെ.
ഇതൊക്കെ പറഞ്ഞു തന്നതിനു നന്ദി അപ്പൂസേ.
Post a Comment