
സ്വന്തം ശരീരവലുപ്പത്തിന്റെ ഇരട്ടിയിലധികം വരുന്ന പക്ഷികളെ വരെ ഇവ കൊത്തിയോടിക്കുന്നതു കണ്ടാല്‍ ആനറാഞ്ചി എന്ന പേരിട്ടതു വെറുതെ അല്ലെന്നു മനസ്സിലാവും. ഏതെങ്കിലും ഉയര്‍ന്ന കൊമ്പുകളിലോ വൈദ്യുത കമ്പിയിലോ പോസ്റ്റിലോ ഒക്കെ ഇരിപ്പുറപ്പിച്ച് ചുറ്റും നോക്കി പ്രതാപത്തോടെ ഇരിക്കുന്ന ഇരിപ്പു കണ്ടാല്‍ ഏതോ രാജസിംഹാസനത്തില്‍ ഇരിക്കുകയാണെന്നു തോന്നും. അങ്ങനെ ഇരിക്കുമ്പോള്‍ ആ വഴി വല്ല കാക്കയോ പരുന്തോ പറന്നു പോവുന്നതു കാണണം.. യുദ്ധവിമാനം പോലെ ഡൈവ് ചെയ്തു ചെന്ന് കാക്കയുടെ ദേഹമാസകലം കൊത്തി ഓടിക്കുന്നതു കണ്ടാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്കു കൂടി ചെറിയൊരു പേടി തോന്നും.

ദേഹമൊട്ടാകെ മിനുങ്ങുന്ന കറുപ്പു നിറമാണ് ആനറാഞ്ചിക്ക്. നീണ്ട വാലിന്റെ അറ്റത്ത് ഒരു കവരമുണ്ട്.
ഈ ഇരുപ്പില്‍ കണ്ണിൽപ്പെടുന്ന ചെറു പ്രാണികളെ പറന്നു ചെന്ന് കൊത്തിത്തിന്നുന്നതാണ് ആനറാഞ്ചിയുടെ ആഹാര സമ്പാദന രീതി. വേനല്‍മഴ പെയ്യുന്ന ദിവസങ്ങളില്‍ സന്ധ്യാസമയത്ത് പറന്നു പൊങ്ങുന്ന ഈയലുകളെ കൊത്തിത്തിന്നുന്ന ആനറാഞ്ചിപ്പക്ഷികളെ ഒരു വിധം എല്ലാ പ്രദേശങ്ങളിലും കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ആനറാഞ്ചിയുടെ പ്രജനന കാലം. ഈ സമയത്ത് കാക്ക, പരുന്ത് മുതലായവയോടുള്ള ശത്രുത പതിന്മടങ്ങാവും.
ആനറാഞ്ചിയുടെ ഒരു ബന്ധുവാണ് കാക്കത്തമ്പുരാന്‍(Ashy Drongo). ആനറാഞ്ചിയെക്കാള്‍ അല്പം വലുപ്പം കുറയും. ശരീരത്തിന്റെ അടിഭാഗം ഇരുണ്ട ചാരനിറമാണ്. കണ്ണുകള്‍ നല്ല ചുവപ്പു നിറം. കാടുകളും മരങ്ങളുമുള്ള സ്ഥലങ്ങളിലാണ് കാക്കത്തമ്പുരാനെ കാണുക. ഒരു ദേശാടകനായ തമ്പുരാനെ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്തേ നമ്മുടെ നാട്ടില്‍ കാണൂ. പ്രജനനകാലത്ത് ഹിമാലയത്തിലേക്കു പോവും ഈ പക്ഷി. ആഹാരവും ആഹാരസമ്പാദനരീതിയുമെല്ലാം ആനറാഞ്ചിയെപ്പോലെ തന്നെയാണ്. ഇവയുടെ ഏതാനും ചിത്രങ്ങള്‍ ഇവിടെ കാണാം.
ഈ രാജകുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് കാക്കരാജന്‍ (White-bellied Drongo). വലുപ്പവും ആകൃതിയുമെല്ലാം കാക്കത്തമ്പുരാനെപ്പോലെ തന്നെ ആണെങ്കിലും വയറു മുതല്‍ താഴോട്ട് ശരീരത്തിനടിഭാഗമെല്ലാം തൂവെള്ള നിറമാണ്. ആനറാഞ്ചിയുടെ കുഞ്ഞുങ്ങള്‍ക്കും ശരീരത്തിനടിയില്‍ വെള്ളപ്പുള്ളികളും വരകളും കാണാറുള്ളതു കൊണ്ട് ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ കാക്കരാജന്‍ ആണെന്നു തെറ്റിദ്ധരിച്ചേക്കാം. ഇവയെയും പൊതുവേ കാട്ടു പ്രദേശങ്ങളിലേ കാണാറുള്ളു. ചിത്രങ്ങള്‍ക്ക് ഇവിടെ നോക്കുക.
ഇവയുടെ മറ്റൊരു ബന്ധുവാണ് പേരില്‍ രാജാവും റാണിയുമൊന്നുമില്ലാത്ത ലളിതക്കാക്ക(Bronzed Drongo). ആനറാഞ്ചി വര്‍ഗത്തിലെ ഏറ്റവും ചെറിയ പക്ഷി ഇതാണ്. ഏകദേശം ബുള്‍ബുളിനോളം മാത്രം വലുപ്പം വരുന്ന ഇവയുടെ ദേഹം നീലയും പച്ചയും കലര്‍ന്നതു പോലെ തോന്നുന്ന തിളങ്ങുന്ന കറുപ്പു നിറമാണ്. ആനറാഞ്ചിയെയും കാക്കരാജനെയും പോലെ നമ്മുടെ നാട്ടില്‍ സ്ഥിരവാസിയാണ് ലളിതക്കാക്കയും. ചിത്രങ്ങള്‍ ഇവിടെ കാണാം.
ആനറാഞ്ചി വര്‍ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണ് കാടുമുഴക്കി അഥവാ കരാളന്‍ ചാത്തന്(Racket-tailed Drongo). ദേഹമാസകലം കറുപ്പുനിറമുള്ള ഈ പക്ഷിയുടെ ശ്രദ്ധേയമാരൊരു സവിശേഷത ഒരടിയോളം നീളം വരുന്ന വലിയ വാലാണ്. അറ്റത്തു മാത്രം രോമമുള്ള രണ്ടു കമ്പിത്തൂവലുകള് വാലില്‍ നിന്നും നീണ്ടു കിടക്കുന്നതു കൊണ്ട് ഈ പക്ഷിയെ ചിലര്‍ ഇരട്ടവാലന് പക്ഷി എന്നും വിളിക്കാറുണ്ട്.
മരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലെ കാടുമുഴക്കിയെയും കാണാറുള്ളു. ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതോടൊപ്പം ശബ്ദാനുകരണത്തിലും കാടുമുഴക്കി മിടുക്കനാണ്. പൂച്ച കരയുന്നതു പോലെ ശബ്ദം പുറപ്പെടുവിച്ച് സ്ഥിരമായി നമ്മളെ പറ്റിക്കും ഇവ. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് ഇവയുടെ പ്രജനന കാലം.
വലിയ പക്ഷികളെ കൊത്തിയോടിക്കുന്നതില്‍ മിടുക്കന്മാരായ ഈ ആനറാഞ്ചിക്കുടുംബക്കാരുടെ സംരക്ഷണം കിട്ടാനായി മഞ്ഞക്കിളി, അരിപ്രാവ്, കരിയിലക്കിളി തുടങ്ങിയ പക്ഷികള്‍ ഇവയുടെ കൂടിനടുത്തു തന്നെ കൂടു കെട്ടാറുണ്ടത്രേ.
7 comments:
അപ്പൂസേ...സൂപ്പര്‍!!
കൊള്ളാം...വിവരങ്ങള്‍ക്ക് നന്ദി അപ്പു...
അപ്പൂട്ടാ...
വിജ്ഞാനപ്രദം..
മറ്റുള്ള പക്ഷികള്‍ക്കും ഉപകാരമുള്ളവന്, ഞങ്ങളുടെ നാട്ടില്‍ ഇവക്ക് ‘കാക്കാമ്പിച്ചി’ എന്നാണ്
നല്ല പോസ്റ്റ്
:)
അപ്പൂസേ,
കൊള്ളാം.:)
ഹായ് നല്ല രസം
കാക്കതമ്പുരാട്ടി കറുത്ത മണവാട്ടീ
കൂടെവിടെ കൂടെവിടെ...
തമ്പുരാക്കാന്മാരേയും രാജാക്കന്മാരേയും കണ്ടു.
ഇനി മുതല്‍ കാണുമ്പോ കണ്ണിന്റെ നിറം നോക്കണം.
ഇനിയുമിനിയും തുടരട്ടെ ലേഖനങ്ങള്‍. എന്നെ പോലുള്ളവര്‍ക്ക് അല്പം വിവരം വെയ്ക്കട്ടെ. :)
Post a Comment