Sunday, September 30, 2007

പക്ഷിശാസ്ത്രം 9-കുട്ടുറുവന്മാര്‍


ശബ്ദം കൊണ്ടെങ്കിലും ഏറെക്കുറെ എല്ലാവര്‍ക്കും തന്നെ പരിചിതനായ ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവന്‍(Small Green Barbet or White-cheeked Barbet). മറ്റെല്ലാ പക്ഷികളും വല്ല മൂലയ്ക്കും മിണ്ടാതിരിക്കുന്ന ഉച്ച നേരങ്ങളില്‍ പോലും യാതൊരു ക്ഷീണവുമില്ലാതെ “കുട്രൂ-കുട്ര്...” എന്നു മുഴങ്ങുന്ന ശബ്ദം കേള്‍ക്കാത്തവരുണ്ടാവില്ല, ഇനി ഉണ്ടെങ്കില്‍ ഒന്നു കാതോര്‍ത്തു നോക്കിയേ, കേള്‍ക്കാം..:)

ശബ്ദം ഒക്കെ കേട്ടു, എന്നാല്‍ ഈ കക്ഷിയെ ഒന്നു കണ്ടേക്കാം എന്നു കരുതി ഇറങ്ങിയാല്‍ അത്ര എളുപ്പമൊന്നും പിടി തരില്ല ഇവന്‍. നാണംകുണുങ്ങിയായി പച്ചിലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുമെങ്കിലും ഒരേ സമയം പലയിടത്തു നിന്നും കേള്‍ക്കുന്ന പോലെ ശബ്ദം പുറപ്പെടുവിക്കാന്‍ നല്ല മിടുക്കാണ് കുട്ടുറുവന്. ഈ കഴിവു മൂലം ഒന്നിലധികം പക്ഷികള്‍ പരിസരത്തുണ്ടെന്നു നമ്മളെ ചിലപ്പോള്‍ തെറ്റിദ്ധരിപ്പിക്കും.

ശരീരത്തിന്‍റെ ഏറെ ഭാഗവും നല്ല പച്ചിലപ്പച്ചയാണ് കുട്ടുറുവന്. പച്ചിലക്കുടുക്ക എന്നും ചിലര്‍ ഇവനെ വിളിക്കാറുണ്ട്. തടിച്ച ദേഹവും കുറുതായ വാലും കൊക്കും. തലയും താടിയും ഏതാണ്ടൊരു കടും തവിട്ടു നിറമാണ്. ഇടയ്ക്കു വെള്ള വരകളും കാണാം. കൊക്ക്‌ തലയോട്‌ ചേരുന്ന ഭാഗത്ത് നീണ്ട് കുറച്ചു രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത്‌ ഒരു മീശ പോലെ തോന്നും.കണ്ണിലൂടെ കടന്നു പോവുന്ന ഒരു കറുത്ത പട്ടയും, അതിനു മുകളിലും താഴെയുമായി രണ്ടു വെളുത്ത പട്ടകളും കാണാം. കണ്ണിനു താഴത്തെ പട്ടയ്ക്ക് അല്പം വീതി കൂടുതലുണ്ടാവും. വാലിട്ടു കണ്ണെഴുതിയതു പോലുള്ള ഈ പട്ടകള്‍ കുട്ടുറുവന്‍റെ കണ്ണിനൊരു പ്രത്യേക ഭംഗി നല്‍കുന്നു. ചിറകുകള്ക്കും വാലിനും ദേഹത്തേക്കാള്‍ അല്പം കടുത്ത പച്ച നിറമാണ്.

മരംകൊത്തിയുടെ ഒരു അകന്ന ബന്ധുവാണത്രേ കുട്ടുറുവന്‍. അതു കൊണ്ടാവാം കാല്‍വിരലുകള്‍ ഏതാണ്ട് മരംകൊത്തിയുടേതു പോലെ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പിന്നോട്ടും തിരിഞ്ഞിരിക്കും. മരംകൊത്തിക്ക് കുത്തനെ ഉള്ള തടിയില്‍ പിടിച്ചിരിക്കാന്‍ സഹായകമാണ് ഈ പ്രത്യേകത. എന്നാല്‍ കുട്ടുറുവന്‍ മരംകൊത്തിയെപ്പോലെ തടിയില്‍ പിടിച്ചിരിക്കുന്നത്‌ അപൂര്‍വമായി മാത്രമേ കാണാറുള്ളു.
എന്നാല്‍ ഇവര്‍ കൂടുണ്ടാക്കുന്നത്‌ മരംകൊത്തിയെപ്പോലെ തന്നെ തടി തുളച്ചാണ്‌. അധികം കടുപ്പമില്ലാത്ത മുരിങ്ങ, മുരിക്ക്, വാക തുടങ്ങിയ മരങ്ങളാണ് ഇതിനു തെരഞ്ഞെടുക്കുന്നത്‌. കൂടു തുളയ്ക്കുന്ന സമയത്ത് ‘മരംകൊത്തി മോഡല്‍‘ ഇരിപ്പ് അവലംബിക്കാറുണ്ട് കുട്ടുറുവന്‍.
ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ നീളാറുണ്ട് ഇവയുടെ പ്രജനന കാലം.

മരം തുളച്ചുണ്ടാക്കുന്ന കൂടുകള് ചിലപ്പോള്‍ ചേക്കിരിക്കാനും ഉപയോഗിക്കാറുള്ള കുട്ടുറുവന് മറ്റൊരു കുട്ടുറുവന്‍റെ മാളത്തെ ആക്രമിച്ചു സ്വന്തമാക്കാനും മടിയില്ലത്രേ..

പപ്പായപ്പഴം തിന്നാനായി ‘മരംകൊത്തിയിരിപ്പ്’ ഇരിക്കുന്ന ഒരു പച്ചിലക്കുടുക്ക ഇതാ.

ചിന്നക്കുട്ടുറുവനു പുറമേ സിലോണ്‍ കുട്ടുറുവന്‍(Ceylon Green Barbet or Brown-headed Barbet) എന്നൊരിനത്തേയും കേരളത്തിലെ കാടുകളില്‍ കാണാറുണ്ട്. ഇവയെ ചിന്നക്കുട്ടുറുവനില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്നത്‌ അല്പം കൂടി കടുത്ത നിറങ്ങളും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചര്‍മ്മവുമാണ്. സിലോണ്‍ കുട്ടുറുവന്‍റെ ചില ചിത്രങ്ങള്‍ ഇവിടെയും ഇവിടെയും കാണാം.

Sunday, September 23, 2007

പക്ഷിശാസ്ത്രം 8-വേലിത്തത്തകള്‍

ചുറ്റുമൊന്നു ശ്രദ്ധിച്ചാല്‍ എളുപ്പം കാണാന്‍ പറ്റുന്നൊരു പക്ഷിയാണ് വേലിത്തത്ത. മരതകപ്പച്ച നിറത്തില്‍ മനോഹരമായ ശരീരവും ഒരു നിമിഷം പോലും സ്വസ്ഥമായിരിക്കാത്ത സ്വഭാവരീതികളും ഈ പക്ഷിയെ വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ലാതാക്കുന്നു.

മലമ്പ്രദേശങ്ങളിലേക്കാള്‍ തുറസ്സായ സ്ഥലങ്ങളിലാണിവയെ കൂടുതല്‍ കാണാറെന്നു തോന്നുന്നു. ഞാന്‍ ഇവയെ കണ്ടിട്ടുള്ളതധികവും കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ്. നാലിനം വേലിത്തത്തകളെയാണ് കേരളത്തില്‍ കണ്ടു വരാറ്‌. അതില്‍ത്തന്നെ രണ്ടിനങ്ങള്‍ കാട്ടു പക്ഷികളാണ്. ശേഷിച്ച രണ്ടിനങ്ങളില്‍ കേരളത്തില്‍ സ്ഥിരതാമസക്കാരന്‍ എന്നു പറയാവുന്നത് നാട്ടുവേലിത്തത്തയെ ആണ്. ഇംഗ്ലീഷില്‍ Small Green Bee-eater എന്നറിയപ്പെടുന്ന ഇവരെ രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന വഴിയില്‍ ധാരാളമായി കാണാറുണ്ടായിരുന്നു. പലപ്പോഴും കാമറ കയ്യിലുണ്ടാവില്ലാത്തതിനാല്‍ ഏറെ സുന്ദരന്മാരെയും സുന്ദരികളെയും ചിത്രത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ വേലിത്തത്തകളുടെയും പ്രധാന നിറം പച്ചയാണ്. നാട്ടു വേലിത്തത്തയ്ക്ക് ഏതാണ്ട് അങ്ങാടിക്കുരുവിയുടെ വലുപ്പം വരും. തലയുടെ മുകള്‍‍ഭാഗത്ത് ചുവപ്പു കലര്‍ന്ന ഇളം തവിട്ടു നിറം. താടിയും തൊണ്ടയും നീല നിറം. കൊക്കില്‍ നിന്നും കണ്ണിലൂടെ കടന്നു പോവുന്നൊരു കറുത്ത വരയും മാറിന്നല്പം മുകളിലായി മറ്റൊരു കറുത്ത വരയും കാണാം. വാലിന്നറ്റത്ത് കോലു പോലെ നീണ്ടു നില്‍ക്കുന്ന രണ്ടു തൂവലുകള്‍ ഇവയുടെ ഒരു പ്രത്യേകതയാണ്. ചില കാലങ്ങളില്‍ ഇവ പൊഴിഞ്ഞു പോവുകയും വീണ്ടും കുറെക്കാലം കൊണ്ടു മുളച്ചു വരികയും ചെയ്യാറുണ്ട്.
കൂട്ടങ്ങളായും ഒറ്റയ്ക്കും ഇവയെ കാണാറുണ്ട്. സദാ ശബ്ദിച്ചു കൊണ്ടേ ഇവയെ കണ്ടിട്ടുള്ളു. ഏതെങ്കിലും ഉയര്‍ന്ന കമ്പിലോ വൈദ്യുത കമ്പിയിലോ ചുറ്റും നോക്കി ഇരിക്കും. ഏതെങ്കിലും പാറ്റയോ തുമ്പിയോ അടുത്തു കൂടി പറന്നു പോവുന്നതു കണ്ടാല്‍ പറന്നു ചെന്ന് അന്തരീക്ഷത്തിലൊരു അഭ്യാസപ്രകടനത്തിലൂടെ അവയെ പിടികൂടി തിരിച്ചെത്തും.


അങ്ങനെ ഇരയുമായി ഇരിപ്പിടത്തിലേയ്ക്കു മടങ്ങിയെത്തുന്നൊരു വിരുതനാണിത്.

പലപ്പോഴും ഇരിക്കുന്ന കൊമ്പില്‍ പ്രാണിയെ പലവുരു അടിച്ച് അതിന്‍റെ ചിറകും തോടും മറ്റും പൊഴിച്ചു കളയും. അതിനു സൌകര്യപ്പെട്ടില്ലെങ്കില്‍ അന്തരീക്ഷത്തില്‍ തന്നെ അമ്മാനമാടിയും ഇരയെ ‘ഡ്രെസ്സ്’ ചെയ്തെടുക്കാറുണ്ട്.

‘കോല്‍വാല്‍‘ ഇല്ലാത്തൊരു നാട്ടുവേലിത്തത്ത. പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞുങ്ങള്‍ക്കും ഈ കോല്‌വാല്‍ ഉണ്ടാവില്ലെന്നു കേട്ടിട്ടുണ്ട്.

നിലത്തു കൂടെ നടക്കാന്‍ തീരെ ഇഷ്ടപ്പെടാത്തൊരു പക്ഷിയാണ് വേലിത്തത്ത. എന്നിരുന്നാലും വൈകുന്നേരമായാല്‍ ഒന്നു കുളിക്കുക എന്നൊരു സ്വഭാവം ഇതിനുണ്ട്. പൊടിമണ്ണിലുള്ള ഈ കുളിക്കായി കൂട്ടത്തോടെ ഇറങ്ങുന്ന നാട്ടുവേലിത്തത്തകള്‍ മനോഹരമായൊരു കാഴ്ചയാണ്. ടാറിടാത്ത മണ്‌വഴികളിലൂടെ വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ പലപ്പോഴും ഈ കുളി കാണാന്‍ പറ്റിയിട്ടുണ്ട്.

ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനന കാലം. എട്ടും പത്തും നാട്ടുവേലിത്തത്തകള്‍ അടുത്തടുത്തായാണ് സാധാരണ കൂടു കെട്ടാറ്‌. പൊന്മാന്‍റെ കൂടുകള്‍ പോലെയാണ് ഇവയുടെയും കൂടുകള്‍. കുത്തനെയുള്ള മണ്‍‍തിട്ടുകളില്‍ മാളങ്ങള്‍ തുരന്നുണ്ടാക്കി അതിനുള്ളിലാണ് മുട്ടയിട്ട്‌ കുഞ്ഞു വിരിയിക്കുന്നത്.നാട്ടുവേലിത്തത്തയുടെ ഒന്നരയിരട്ടിയോളം വലുപ്പമുണ്ടാവും വലിയ വേലിത്തത്തയ്ക്ക്. ഇംഗ്ലീഷില്‍ ഇവയെ Blue-tailed bee-eater എന്നാണ് വിളിക്കാറ്. അര മുതല്‍ വാലിന്നറ്റം വരെ ശോഭയുള്ള നീല നിറമാണിവയ്ക്ക്.നാട്ടു വേലിത്തത്തത്തയുടെ താടിയും തൊണ്ടയും നീല നിറമാണെങ്കില്‍ ഇവയുടേത്‌ മഞ്ഞയോടടുത്ത തവിട്ടു നിറമാണ്‌. കണ്ണെഴുതിയതു പോലുള്ള ആ കറുത്ത വര ഇവയ്ക്കുമുണ്ടെങ്കിലും കഴുത്തിലെ മാല കാണാറില്ല. നാട്ടുവേലിത്തത്തയെപ്പോലെ തന്നെ ഇവയ്ക്കും വാലില്‍ കമ്പിത്തൂവലുകള്‍ കാണാം.

ദേശാടകരായ ഇവയെ സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയേ നമ്മുടെ നാട്ടില്‍ കാണാറുള്ളു. പ്രജനനകാലത്ത് ഇവ വടക്കേ ഇന്ത്യയിലേയ്ക്കു പോവുമത്രേ.


വലിയ വേലിത്തത്തയുടെ നീലവാല്‍ ഈ ചിത്രത്തില്‍ തെളിഞ്ഞു കാണാം. രാവിലെ നടക്കാനിറങ്ങുമ്പോള്‍ പലപ്പോഴും വൈദ്യുത കമ്പികളില്‍ ഒറ്റയ്ക്കും കൂട്ടമായും ഇരിക്കുന്ന ഈ നീലവാലന്മാരെ കാണാറുണ്ടായിരുന്നു.

ഇംഗ്ലീഷില്‍ ഇവയ്ക്കെല്ലാം തേനീച്ചപിടിയന്മാര്‍ എന്നാണു പേരെങ്കിലും നമ്മുടെ നാട്ടില് കാണുന്നവ സാധാരണ തുമ്പികള്‍, വണ്ടുകള്‍ പല തരം പ്രാണികള്‍ എന്നിവയെ ഒക്കെ ആഹാരമാക്കുന്നതു കണ്ടിട്ടുണ്ട്.ഇരകാത്തിരിക്കുന്ന രണ്ടു വലിയവേലിത്തത്തകള്‍..


ഇവയ്ക്കു പുറമേ ചെന്തലയന്‍ വേലിത്തത്ത(Chestnut-headed bee-eater), കാട്ടുവേലിത്തത്ത(Blue-bearded bee-eater ) എന്നീയിനങ്ങളെക്കൂടി നമ്മുടെ നാട്ടില്‍ പാലക്കാട്-മലപ്പുറം ഭാഗങ്ങളില്‍ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്, നേരില്‍ കണ്ടിട്ടില്ല.

Saturday, September 15, 2007

പക്ഷിശാസ്ത്രം 7 -ആനറാഞ്ചിയും കുടുംബക്കാരും

ആനറാഞ്ചി(Black Drongo) എന്ന പേരു കേള്‍ക്കുമ്പോ ചെറുപ്പത്തില്‍ സങ്കല്പത്തില്‍ വന്നിരുന്നത് കഴുകന്‍റെ വലുപ്പവും രൂപസാദൃശ്യവുമുള്ള ഒരു ഭീമാകാര രൂപമാണ്. ആനയെ പോലും റാഞ്ചി പറക്കാന്‍ കഴിയുന്ന പക്ഷിയാവേണ്ടേ!
പക്ഷേ, പിന്നെയല്ലേ മനസ്സിലായുള്ളു, കാക്കത്തമ്പുരാട്ടി, കറുത്ത മണവാട്ടി എന്നൊക്കെ കവി പാടിയിട്ടുള്ളതും ഈ മഹതിയെപ്പറ്റിയാണെന്ന്‌.
സ്വന്തം ശരീരവലുപ്പത്തിന്‍റെ ഇരട്ടിയിലധികം വരുന്ന പക്ഷികളെ വരെ ഇവ കൊത്തിയോടിക്കുന്നതു കണ്ടാല്‍ ആനറാഞ്ചി എന്ന പേരിട്ടതു വെറുതെ അല്ലെന്നു മനസ്സിലാവും. ഏതെങ്കിലും ഉയര്‍ന്ന കൊമ്പുകളിലോ വൈദ്യുത കമ്പിയിലോ പോസ്റ്റിലോ ഒക്കെ ഇരിപ്പുറപ്പിച്ച് ചുറ്റും നോക്കി പ്രതാപത്തോടെ ഇരിക്കുന്ന ഇരിപ്പു കണ്ടാല്‍ ഏതോ രാജസിംഹാസനത്തില്‍ ഇരിക്കുകയാണെന്നു തോന്നും. അങ്ങനെ ഇരിക്കുമ്പോള്‍ ആ വഴി വല്ല കാക്കയോ പരുന്തോ പറന്നു പോവുന്നതു കാണണം.. യുദ്ധവിമാനം പോലെ ഡൈവ് ചെയ്തു ചെന്ന് കാക്കയുടെ ദേഹമാസകലം കൊത്തി ഓടിക്കുന്നതു കണ്ടാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്കു കൂടി ചെറിയൊരു പേടി തോന്നും.
ദേഹമൊട്ടാകെ മിനുങ്ങുന്ന കറുപ്പു നിറമാണ് ആനറാഞ്ചിക്ക്. നീണ്ട വാലിന്‍റെ അറ്റത്ത് ഒരു കവരമുണ്ട്.

ഈ ഇരുപ്പില്‍ കണ്ണിൽപ്പെടുന്ന ചെറു പ്രാണികളെ പറന്നു ചെന്ന് കൊത്തിത്തിന്നുന്നതാണ് ആനറാഞ്ചിയുടെ ആഹാര സമ്പാദന രീതി. വേനല്‍മഴ പെയ്യുന്ന ദിവസങ്ങളില്‍ സന്ധ്യാസമയത്ത് പറന്നു പൊങ്ങുന്ന ഈയലുകളെ കൊത്തിത്തിന്നുന്ന ആനറാഞ്ചിപ്പക്ഷികളെ ഒരു വിധം എല്ലാ പ്രദേശങ്ങളിലും കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ആനറാഞ്ചിയുടെ പ്രജനന കാലം. ഈ സമയത്ത് കാക്ക, പരുന്ത് മുതലായവയോടുള്ള ശത്രുത പതിന്മടങ്ങാവും.

ആനറാഞ്ചിയുടെ ഒരു ബന്ധുവാണ് കാക്കത്തമ്പുരാന്‍(Ashy Drongo). ആനറാഞ്ചിയെക്കാള്‍ അല്പം വലുപ്പം കുറയും. ശരീരത്തിന്‍റെ അടിഭാഗം ഇരുണ്ട ചാരനിറമാണ്. കണ്ണുകള്‍ നല്ല ചുവപ്പു നിറം. കാടുകളും മരങ്ങളുമുള്ള സ്ഥലങ്ങളിലാണ് കാക്കത്തമ്പുരാനെ കാണുക. ഒരു ദേശാടകനായ തമ്പുരാനെ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്തേ നമ്മുടെ നാട്ടില്‍ കാണൂ. പ്രജനനകാലത്ത് ഹിമാലയത്തിലേക്കു പോവും ഈ പക്ഷി. ആഹാരവും ആഹാരസമ്പാദനരീതിയുമെല്ലാം ആനറാഞ്ചിയെപ്പോലെ തന്നെയാണ്. ഇവയുടെ ഏതാനും ചിത്രങ്ങള്‍ ഇവിടെ കാണാം.

ഈ രാജകുടുംബത്തിലെ തന്നെ മറ്റൊരംഗമാണ് കാക്കരാജന്‍ (White-bellied Drongo). വലുപ്പവും ആകൃതിയുമെല്ലാം കാക്കത്തമ്പുരാനെപ്പോലെ തന്നെ ആണെങ്കിലും വയറു മുതല്‍ താഴോട്ട് ശരീരത്തിനടിഭാഗമെല്ലാം തൂവെള്ള നിറമാണ്. ആനറാഞ്ചിയുടെ കുഞ്ഞുങ്ങള്‍ക്കും ശരീരത്തിനടിയില്‍ വെള്ളപ്പുള്ളികളും വരകളും കാണാറുള്ളതു കൊണ്ട് ചിലപ്പോള്‍ ഒറ്റ നോട്ടത്തില്‍ കാക്കരാജന്‍ ആണെന്നു തെറ്റിദ്ധരിച്ചേക്കാം. ഇവയെയും പൊതുവേ കാട്ടു പ്രദേശങ്ങളിലേ കാണാറുള്ളു. ചിത്രങ്ങള്‍ക്ക് ഇവിടെ നോക്കുക.

ഇവയുടെ മറ്റൊരു ബന്ധുവാണ് പേരില്‍ രാജാവും റാണിയുമൊന്നുമില്ലാത്ത ലളിതക്കാക്ക(Bronzed Drongo). ആനറാഞ്ചി വര്‍ഗത്തിലെ ഏറ്റവും ചെറിയ പക്ഷി ഇതാണ്. ഏകദേശം ബുള്‍ബുളിനോളം മാത്രം വലുപ്പം വരുന്ന ഇവയുടെ ദേഹം നീലയും പച്ചയും കലര്‍ന്നതു പോലെ തോന്നുന്ന തിളങ്ങുന്ന കറുപ്പു നിറമാണ്. ആനറാഞ്ചിയെയും കാക്കരാജനെയും പോലെ നമ്മുടെ നാട്ടില് സ്ഥിരവാസിയാണ് ലളിതക്കാക്കയും. ചിത്രങ്ങള് ‍ഇവിടെ കാണാം.

ആനറാഞ്ചി വര്‍ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണ് കാടുമുഴക്കി അഥവാ കരാളന്‍ ചാത്തന്‍(Racket-tailed Drongo). ദേഹമാസകലം കറുപ്പുനിറമുള്ള ഈ പക്ഷിയുടെ ശ്രദ്ധേയമാരൊരു സവിശേഷത ഒരടിയോളം നീളം വരുന്ന വലിയ വാലാണ്‌. അറ്റത്തു മാത്രം രോമമുള്ള രണ്ടു കമ്പിത്തൂവലുകള് വാലില്‍ നിന്നും നീണ്ടു കിടക്കുന്നതു കൊണ്ട് ഈ പക്ഷിയെ ചിലര്‍ ഇരട്ടവാലന്‍ പക്ഷി എന്നും വിളിക്കാറുണ്ട്.

മരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലെ കാടുമുഴക്കിയെയും കാണാറുള്ളു. ഇമ്പമുള്ള പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതോടൊപ്പം ശബ്ദാനുകരണത്തിലും കാടുമുഴക്കി മിടുക്കനാണ്. പൂച്ച കരയുന്നതു പോലെ ശബ്ദം പുറപ്പെടുവിച്ച് സ്ഥിരമായി നമ്മളെ പറ്റിക്കും ഇവ. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് ഇവയുടെ പ്രജനന കാലം.

വലിയ പക്ഷികളെ കൊത്തിയോടിക്കുന്നതില്‍ മിടുക്കന്മാരായ ഈ ആനറാഞ്ചിക്കുടുംബക്കാരുടെ സം‍രക്ഷണം കിട്ടാനായി മഞ്ഞക്കിളി, അരിപ്രാവ്, കരിയിലക്കിളി തുടങ്ങിയ പക്ഷികള്‍ ഇവയുടെ കൂടിനടുത്തു തന്നെ കൂടു കെട്ടാറുണ്ടത്രേ.