Saturday, August 25, 2007

പക്ഷിശാസ്ത്രം 6 - വാലുകുലുക്കികള്‍

വാലുകുലുക്കികളെ പറ്റിയാണ് ഓണ പോസ്റ്റ്.
പേരു കൊണ്ട് എല്ലാവര്‍ക്കും സുപരിചിതരെങ്കിലും ശരിയ്ക്കും വാലുകുലുക്കിപ്പക്ഷികളെ തിരിച്ചറിയുന്നവര്‍ ചുരുങ്ങും എന്നാണ് തോന്നുന്നത്. മണ്ണാത്തിപ്പുള്ള്, ആനറാഞ്ചി തുടങ്ങി വാല്‍ കുലുക്കുന്നതും കുലുക്കാത്തതുമായ പല പക്ഷികളെയും പലരും സൌകര്യം പോലെ വാലുകുലുക്കികള്‍ എന്നു വിളിക്കാറുണ്ട്.
കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ഒറ്റയിനം വാലുകുലുക്കികളേ ഉള്ളു എന്നാണറിവ്. വലിയ വാലുകുലുക്കി(Large Pied Wagtail) എന്ന ഇവയെ മണ്ണാത്തിപ്പുള്ളുമായി ഒറ്റ നോട്ടത്തില്‍ മാറിപ്പോകാന്‍ ഇടയുണ്ട്. രണ്ടാമതൊരു നോട്ടത്തില്‍ ഇവയെ തമ്മില്‍ തിരിച്ചറിയാന്‍ വളരെ എളുപ്പവുമാണ്. വാലുകുലുക്കിയെ അപേക്ഷിച്ച് നീളം കുറവും തടി ഏറെയുമുണ്ടാവും മണ്ണാത്തിപ്പുള്ളിന്‍. വാലുകുലുക്കിയുടെ കണ്ണിനു മുകളില്‍ പുരികം പോലെ കാണപ്പെടുന്ന വെളുപ്പു നിറം മണ്ണാത്തിപ്പുള്ളിനുണ്ടാവില്ല.
ഇതിനൊക്കെ പുറമേയാണ് ശരീരത്തിന്‍റെ പിന്ഭാഗമപ്പാടെ മുകളിലേയ്ക്കും താഴേയ്ക്കും കുലുക്കുന്ന വാലുകുലുക്കിയുടെ പ്രത്യേക അഭ്യാസവും. ഒരു ജനലിന്‍റെ പടിയില്‍ വന്നിരുന്നു കണ്ണാടി നോക്കുന്ന വാലുകുലുക്കി ഇതാ:വെള്ളത്തിനടുത്താണ് വാലുകുലുക്കികളെ സാധാരണ കാണാറ്.പല തരം വാലുകുലുക്കികള്‍ കേരളത്തില്‍ നാടോടികളായി വരാറുണ്ട്. അതിലൊരിനമാണ് കാട്ടുവാലുകുലുക്കി. (Forest Wagtail)മരങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ തറയിലും മരങ്ങളിലും നടന്ന് ഇര തേടുന്ന കാട്ടു വാലുകുലുക്കിയെ തിരിച്ചറിയാന്‍ എളുപ്പമാണ്. ഇവയുടെ ഒരു പ്രത്യേകത, ശരീരത്തിന്‍റെ പിന്ഭാഗം കൊണ്ട്ട് സിനിമകളിലെ ഐറ്റം നമ്പര്‍ നര്‍ത്തകികളെ അനുകരിച്ചു നടത്തുന്ന അഭ്യാസമാണ്. മറ്റു വാലുകുലുക്കികളൊക്കെ താളം പിടിക്കും പോലെ മേലോട്ടും കീഴ്പോട്ടും വാലു ചലിപ്പിക്കുമ്പോള്‍ ഇവ ഇടത്തോട്ടും വലത്തോട്ടുമാണ് വാലു ചലിപ്പിക്കുന്നത്.

ദേശാടകരായി കേരളത്തിലെത്തുന്ന ഇവ പ്രജനനകാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കു പോകുമെന്നാണറിവ്.

ഇവയ്ക്കു പുറമേ, വെള്ള വാലുകുലുക്കി (White Waggtail) വഴികുലുക്കി (Grey Wagtail) എന്നീയിനങ്ങളും നാലഞ്ചിനം മഞ്ഞ വാലുകുലുക്കികളും(Yellow Wagtail) നമ്മുടെ നാട്ടില്‍ സന്ദര്‍ശകരായെത്താറുണ്ട്.
ഒരിനം മഞ്ഞ വാലു കുലുക്കി ആണ് ചിത്രത്തില്‍ കാണുന്നത്.


എല്ലാവര്‍ക്കും ഓണാശംസകള്‍!!

Sunday, August 19, 2007

പക്ഷിശാസ്ത്രം 5- മീന്‍‍കൊത്തികള്‍

ചെറുപ്പത്തില്‍ നമുക്കൊക്കെ വളരെ കൌതുകം പകര്ന്നിട്ടുള്ള പക്ഷികളാണ് മീന്‍‍കൊത്തികള്‍ അഥവാ പൊന്മകള്‍. കുളങ്ങളുടെയും പുഴകളുടെയും പാടങ്ങളുടെയും അരികത്തുള്ള മരങ്ങളില്‍ ധ്യാനിച്ചിരിക്കുന്ന ഈ വര്‍ണ്ണപ്പൊലിമകളെ നോക്കി എത്ര നേരം നിന്നിട്ടുണ്ട്! പാടവര‍മ്പത്തും കിണറ്റു വക്കിലുമുള്ള മാളങ്ങളിലൊക്കെ‍ പൊന്മക്കൂടെന്നും പറഞ്ഞു മേലുകീഴു നോക്കാതെ കയ്യിട്ടതിന് അമ്മയുടെ വഴക്കെത്ര കേട്ടിരിക്കുന്നു!

നാലു തരം മീന്‍‍കൊത്തികള് കേരളത്തിലുണ്ടെങ്കിലും സാധാരണ കാണപ്പെടുന്നത് മൂന്നിനങ്ങളാണ്.

ഇവനാണ് ചെറിയ മീന്‍‍കൊത്തി.
ഇംഗ്ലീഷുകാര്‍ മിക്കവാറും കവിതകളിലൊക്കെ എഴുതി പുകഴ്ത്തുന്നതും, കിംഗ്‍ഫിഷര്‍ വിമാനക്കമ്പിനിയുടെയും സോഡ യുടെയും ;-) ലോഗോയില് വരെ കാണുന്നതും ഈ വിദ്വാനെത്തന്നെ.
മീനുകളും മറ്റു ജലജീവികളുമാണ് പ്രധാന ഭക്ഷണം.

ജലാശയങ്ങളോടു ചേര്‍ന്നുള്ള മരക്കൊമ്പുകളിലോ കല്ലുകളിലോ ഒക്കെ ശ്രദ്ധിച്ചാല്‍ കാണാം, മുനി പോലെ വെള്ളത്തില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ചെറിയ മീന്‍‍കൊത്തിയെ. അങ്ങനെ ഇരിക്കുമ്പോ ആയുസ്സെത്തിയ ഒരു മീന്‍ വെള്ളത്തിനു മുകളിലേക്കെങ്ങാനും വരുന്നു, നമ്മുടെ മുനി ചിറകും പൂട്ടി വെള്ളത്തിലേയ്ക്കു കമിഴ്ന്നടിച്ചു വീഴുന്നു, പിന്നെ പൊങ്ങുമ്പോ കൊക്കിലിരുന്നു പിടയ്ക്കുന്നുണ്ടാവും ഒരു മീന്‍. വീണാല്‍ പിന്നെ മീനില്ലാതെ പൊങ്ങി കണ്ടിട്ടില്ല ഇവനെ.


ചെറിയ മീന് ‍‍കൊത്തിയെ കാള്‍ ഒരു പക്ഷേ സുപരിചിതനാവും ഒരു പക്ഷേ ഈ ചാത്തന്‍. ഇവനാണ് മീന്‍‍കൊത്തിച്ചാത്തന്‍. മീന്‍‍‍കൊത്തി എന്നൊക്കെ പേരിലുണ്ടെങ്കിലും ഇവന്‍ തരം കിട്ടിയാല്‍ ചെറിയ പുല്‍ച്ചാടികള്‍, ഓന്തുകള്‍ തുടങ്ങിയവയേയും വെറുതേ വിടാറില്ല. അതു കൊണ്ടു തന്നെ, ജലാശയങ്ങള്‍ക്കടുത്തേ ജീവിക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയൊന്നും മൂപ്പര്‍ക്കില്ല.


ഇവരു രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ കാണാറുള്ള ഒരു പുള്ളിയാണിത്. ഇവന്‍ പുള്ളിമീന്‍‍കൊത്തി. ഇവന്‍റെ പ്രത്യേകത എന്നു പറയാവുന്നത് ചെറിയ മീന്‍‍കൊത്തിയെപ്പോലെ ഒരു ഭാഗത്ത് സ്വസ്ഥമായിരുന്ന് മീന്‍ വരുന്നുണ്ടോ എന്നു ധ്യാനിക്കുന്ന സ്വഭാവമൊന്നുമില്ല. കുളങ്ങള്‍ക്ക് മുകളില്‍ പറന്ന് ഒരു സ്ഥലത്തു തന്നെ പാറി നിന്ന് വെള്ളത്തില്‍ ദൃഷ്ടി ഉറപ്പിച്ചു നില്‍ക്കും.

ദേ ഇതു പോലെ.


പെട്ടെന്നു ചിറകും പൂട്ടി വീഴുന്നതു കണ്ടാല്‍ പാവം പക്ഷി, ക്ഷീണിച്ചു വെള്ളത്തില്‍ വീണെന്നാവും നമ്മള്‍ കരുതുക. അപ്പോഴുണ്ടാവും കൊക്കിലൊരു മീനുമായി ആശാന്‍ ഹാപ്പിയായി ഒരു പൊങ്ങി വരവ്. പിന്നെ പോയി അടുത്തൊരു മരക്കൊമ്പിലോ പാറപ്പുറത്തോ ഇരുന്ന് സുഖ ഭോജനം. ചെറിയ മീന്‍‍കൊത്തിയും ഇടയ്ക്കു ഈ വിദ്യ പരീക്ഷിക്കാറുണ്ടെങ്കിലും, കൂടുതല്‍ നേരം തുടരാറില്ല.

ഇവയ്ക്കു പുറമേ വേറെ ഒരിനം കൂടി കേരളത്തില്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും കണ്ടു പരിചയമില്ല. കാക്കമീന്‍‍കൊത്തി എന്ന പേരില്‍ അറിയപ്പെടുന്ന ആ ശ്രീമാന്‍റെ കുറച്ചു ചിത്രങ്ങള്‍ ഇവിടുണ്ട്.

Sunday, August 12, 2007

പക്ഷിശാസ്ത്രം 4 - മണ്ണാത്തിപ്പുള്ളും കല്‍മണ്ണാത്തിയും


പക്ഷികളെ പ്രത്യേകിച്ചു ശ്രദ്ധിക്കാത്തവരായാല്‍ പോലും എല്ലാ മലയാളികളും തിരിച്ചറിയുന്ന ഒരു പക്ഷിയാണ് മണ്ണാത്തിപ്പുള്ള്. നമ്മുടെ പറമ്പുകളിലും തുറന്ന പ്രദേശങ്ങളിലുമെല്ലാം തറയില്‍ തുള്ളിത്തുള്ളി നടന്ന് കാണുന്ന കൃമികീടങ്ങളെയും ശലഭങ്ങളെയും ഒക്കെ കൊത്തി തിന്നുകയും മധുരസ്വരത്തില്‍ പാട്ടു പാടുകയും ചെയ്യുന്ന ഈ പക്ഷിയെ കാണാത്തവരുണ്ടാവാന്‍ സാധ്യത കുറവാണ്.

അലക്കി വെടിപ്പാക്കിയ മുണ്ടുടുത്ത് പിന്നെ ഒരു തോള്‍മുണ്ടും ഇട്ടതു പോലെ തോന്നും മണ്ണാത്തിപ്പുള്ളിന്‍റെ ശരീരത്തിലെ നിറങ്ങള്‍ കണ്ടാല്‍.

ഈ പക്ഷിയെ ചിലരെങ്കിലും വാലുകുലുക്കി എന്നു വിളിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വാലുകുലുക്കി(Wagtail) എന്നറിയപ്പെടുന്ന പക്ഷി വേറെയാണ്. ഇവയെ തിരിച്ചറിയാന്‍ എളുപ്പവഴി കണ്ണിനു മുകളിലെ വെളുത്ത പട്ട ഉണ്ടോ എന്നു നോക്കലാണ്. കണ്ണിനു മുകളില്‍ വെളുപ്പു നിറം ഉള്ളത് വാലുകുലുക്കിയ്ക്കാണ്.

ഇവയില്‍ പൂവനെയും പിടയെയും തിരിച്ചറിയാന്‍ അല്പം പ്രയാസമാണ്. പിടയുടെ ദേഹത്തെ കറുപ്പു നിറത്തിന് ശോഭ കുറവായിരിക്കും. ചാരയോടടുത്ത നിറമായാണ് തോന്നുക.
ഏറെക്കുറെ മണ്ണാത്തിപ്പുള്ളിന്‍റെ അതേ വലുപ്പവും സ്വഭാവ വിശേഷതകളും ഉള്ള ഒരു പക്ഷിയാണ് കല്‍മണ്ണാത്തി. ആണ്‍കിളി ആകെ നല്ല കറുപ്പു നിറമാണ്. പെണ്‍കിളി കടും തവിട്ടു നിറവും. ചിത്രത്തില്‍ കാണുന്നത് ആണ്‍കിളി.

Sunday, August 5, 2007

പക്ഷിശാസ്ത്രം 3- ബുള്‍ബുളുകള്‍

നമ്മുടെ നാട്ടിന്‍പുറങ്ങളിലെല്ലാം സാധാരണയായി കണ്ടു വരുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി.

ഇവ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ കേട്ടാല്‍ കൊച്ചു കുട്ടികള്‍ സംസാരിക്കുകയാണെന്നു തോന്നും.
ഈ പാട്ടു കേള്‍ക്കണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. പടം പിടിച്ചിട്ടുള്ള പക്ഷികളില്‍ ഏറ്റവും ഫോട്ടോജനിക്ക് ആയിട്ടുള്ളത് ഇവന്‍ തന്നെ ആണെന്നു തോന്നിയിട്ടുണ്ട്.


കണ്ണിനു താഴെയുള്ള ആ ചുവന്ന പൊട്ടിനെ മീശയായി സങ്കല്പിച്ച് ഇവനു ചുവന്ന മീശക്കാരന്‍ (Red-whiskered bulbul) എന്നാണ് ഇംഗ്ലീഷ് പേര്‍. ഇനി ചുവന്ന താടിയും ഉണ്ടാവുമോ എന്തോ! കാര്യമെന്തായാലും പ്രായപൂര്‍ത്തിയാവാത്ത ബുള്ബുളിന് ഈ ചുവന്ന മീശ ഉണ്ടാവില്ല.

വീട്ടിനടുത്തുള്ള ഒരു മുളംകൂട്ടില്‍ എന്നും ഉച്ച സമയത്ത് ബുള്‍ബുളുകളുടെ ഒരു വലിയ കൂട്ടം തന്നെ വരാറുണ്ടായിരുന്നു. കൂട്ടത്തിലെ ഏറെ സുന്ദരികളും സുന്ദരന്മാരും കാമറയ്ക്ക് ഇരകളായിട്ടുമുണ്ട്.


ഇവയുടെ ഒരു ബന്ധുവാണ് നാട്ടു ബുള്‍ബുള്‍.


മിക്കവാറും ഇരട്ടത്തലച്ചികളുടെ ഒപ്പം തന്നെ, എന്നാല്‍ കൂട്ടത്തില്‍ കൂടി ബഹളം വയ്ക്കാനൊന്നും നില്‍ക്കാതെ, ഗൌരവക്കാരായി ഒന്നു രണ്ടു നാട്ടു ബുള്‍ബുളുകളെയും കാണാറുണ്ടായിരുന്നു. എന്നാല്‍ അംഗബലം കുറവായിട്ടോ എന്തോ, കാമറയ്ക്കു മുഖം തരാന്‍ ഒരു മടി ഉണ്ടായിരുന്നു ഇവയ്ക്. തൂവലുകളുടെ അറ്റത്ത് അല്പം വെളുപ്പു നിറം പടരുന്നതു കൊണ്ട് മീന്‍ ചെതുമ്പല്‍ പോലെ തോന്നും ഇവയുടെ ദേഹം കണ്ടാല്‍. ഈ പ്രത്യേകതയും പ്രകടമായ നിറവ്യത്യാസവും കൊണ്ട് ഇവയെ ഇരട്ടത്തലച്ചിയില്‍ നിന്നും തിരിച്ചറിയാന്‍ എളുപ്പമാണ്.

ഇവയുടെ അത്ര സുലഭമല്ലെങ്കിലും ഇവയുടെ ഒരു ബന്ധു തന്നെയാണ് തവിടന്‍ ബുള്‍ബുള്‍

മറ്റു രണ്ടു ബന്ധുക്കളുമായി യാതൊരു സാമ്യവും തോന്നില്ല ഇവയെ കണ്ടാല്‍. ആകെ ഒരു ഇരുണ്ട പച്ച നിറത്തിലുള്ള ദേഹവും കൂനിപ്പിടിച്ചുള്ള ഇരുപ്പും മറ്റും കണ്ടാല്‍ ഇരട്ടത്തലച്ചിയുടെ വകയിലുള്ള ബന്ധു കൂടി ആണെന്ന് ആരും പറയില്ല.
പക്ഷേ പാട്ടിന്‍റെ കാര്യത്തില്‍ മറ്റു രണ്ടിനം ബുള്‍ബുളുകളേയും കടത്തി വെട്ടും ഇവന്‍.

ഇരട്ടത്തലച്ചികളുടെ ചില ചിത്രങ്ങള്‍ കൂടി..