Saturday, July 28, 2007

പക്ഷിശാസ്ത്രം 2- തേന്‍‍കിളികള്‍

സൂചീമുഖിപ്പക്ഷികളെ അറിയാത്ത ആളുകള്‍ ചുരുക്കമാവും എന്നു തോന്നുന്നു. നമ്മുടെ നാട്ടില്‍ പൂക്കളും മരങ്ങളുമുള്ളേടങ്ങളിലൊക്കെ രാവിലെയും വൈകിട്ടും പൂക്കള്‍ തോറും അലഞ്ഞു നടന്നു തേന്‍ കുടിക്കുകയും ഇടയ്ക്കു കണ്ണില്‍ പെടുന്ന എട്ടുകാലികള്‍, പുഴുക്കള്‍, വണ്ടുകള്‍ ഇവയെ ഒക്കെ കൊറിക്കുകയും ചെയ്യുന്ന, നേര്‍ത്തു നീണ്ടു കൂര്‍ത്ത കൊക്കും വര്‍ണ്ണഭംഗിയുള്ള ദേഹവും ഉള്ള ഈ പക്ഷികളെ കണ്ടെത്താന്‍ എളുപ്പമാണ്.
നാലിനം തേന്‍‍കിളികളാണു കേരളത്തില്‍ ഉള്ളത്. അതില്‍ രണ്ടെണ്ണത്തെ പരിചയപ്പെടുത്താം.

മഞ്ഞത്തേന്‍‍കിളി(Purple-rumped Sunbird)
തേന്‍‍കിളികളുടെ എല്ലാം സ്വഭാവരീതികള്‍ ഏറെക്കുറെ ഒരു പോലെ ആണെങ്കിലും മറ്റിനങ്ങളില്‍ നിന്നും ഇവയെ തിരിച്ചറിയല്‍ എളുപ്പമാണ്.

കുറെ നാളായി ഇവയിലൊരുത്തന്‍ പതിവായി രാവിലെ കാറിന്‍റെ ചില്ലില്‍ വന്നു സ്വന്തം നിഴലിനെ പേടിപ്പിക്കാന്‍ നോക്കുന്നതു കാണാറുണ്ട്. കാമറ പണിമുടക്കിലായതു കൊണ്ട് പടം പിടിയ്ക്കാന്‍ പറ്റിയില്ല.


വലിയ തേന്‍‍കിളി അഥവാ കൊക്കന്‍ തേന്‍‍കിളി(Lotens Sunbird)


മറ്റൊരിനം തേന്‍‍കിളിയായ കറുപ്പന്‍ തേന്‍‍കിളിയുമായി വളരെ സാമ്യമുണ്ട് ഇവയ്ക്ക്. കൊക്കിന്‍റെ പ്രത്യേകത സൂക്ഷിച്ചാല്‍ ഇവയെ തിരിച്ചറിയാന്‍ സാധിക്കും.

Sunday, July 22, 2007

പക്ഷിശാസ്ത്രം തുടങ്ങുന്നു - മൈനകള്‍

കുറെ ഏറെക്കാലമായുള്ള ഒരു ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിന്‍റെ ആദ്യ പടിയാണ് ഈ പോസ്റ്റ്. കേരളത്തിലെ പക്ഷികളെ ചിത്രസഹിതം പരിചയപ്പെടുത്താനും ഒപ്പം മലയാളം വിക്കിപ്പീടികയിലേക്ക് കുറേശെ ചേര്‍ക്കാനും ഉള്ള ഒരു അത്യാഗ്രഹം. ഈ ആഗ്രഹവും ആത്മവിശ്വാസവും തന്നത് ഈ പോസ്റ്റില്‍ വന്ന കമന്‍റുകളാണ്. പ്രോത്സാഹിപ്പിച്ച എല്ലാര്‍ക്കുമായി ഈ പോസ്റ്റു നാട്ടുന്നു.. വിവരങ്ങള്‍ക്ക്, ശ്രീ ഇന്ദുചൂഡന്‍റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തോട് കടപ്പാട്.

കാടുകള്‍ ത(വ?)ളര്‍ന്ന് ഗ്രാമങ്ങളും ഗ്രാമങ്ങള്‍ വളര്‍ന്ന് പട്ടണങ്ങളും ആയിട്ടും നമ്മള്‍ക്കൊക്കെ ഇപ്പോഴും പരിചിതനായ ഒരു പക്ഷിയാണ് മൈന. അധികം പേരും ശ്രദ്ധിച്ചിട്ടുണ്ടാവില്ലെങ്കിലും രണ്ടിനങ്ങളിലുള്ള മൈനകളെ സാധാരണ കണ്ടു വരാറുണ്ട്. നാട്ടുമൈന അഥവാ മാടത്തയും(Common Myna), പിന്നെ കിന്നരിമൈന (Jungle Myna)യും.

നാട്ടിന്‍പുറങ്ങളിലും പട്ടണപ്രദേശങ്ങളിലും എല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോവുന്നു മാടത്ത. ഏതാണ്ടൊരു മങ്ങിയ തവിട്ടു നിറമാണ് ദേഹമെങ്കിലും തല, കഴുത്ത്, മാറ്‌, വാല്‍ എന്നിവ കറുപ്പും, ചിറകിനടിഭാഗം, അടിവയര്‍, പിന്ഭാഗം, എന്നിവ വെളുപ്പുമാണ്. കൊക്കിനു സമീപത്തു തുടങ്ങി കണ്ണിനു ചുറ്റുമായി കവിളില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞത്തോല്‍ നാട്ടുമൈനയെ തിരിച്ചറിയാന്‍ സഹായിക്കും.കിന്നരിമൈനയെ സാധാരണ പട്ടണപ്രദേശങ്ങളില്‍ കാണാറില്ല. ഒറ്റ നോട്ടത്തില്‍ നാട്ടുമൈനയെ പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലുപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലര്‍ന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചര്‍മ്മത്തിന്‍റെ അഭാവവും നാട്ടുമൈനയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കും.

പുഴുക്കള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ചെറുപ്രാണികള്‍, മനുഷ്യര്‍ എറിഞ്ഞുകളയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയാണ് രണ്ടു ജാതി മൈനകളുടെയും ആഹാരം. നിലത്തിറങ്ങി നടന്നും ഭക്ഷണം തേടാറുണ്ട്. ഓരോ കാലും മാറി മാറി മുന്നോട്ടെടുത്തു വച്ച് നല്ല ഗൌരവത്തില്‍ തന്നെ ആണ്‌ നടപ്പ്.

പല പക്ഷികളുടെ ശബ്ദം ഉള്‍പ്പെടെ വിവിധ തരം ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഈ പക്ഷിയെ പിടിച്ചെടുത്ത് മനുഷ്യര്‍ സംസാരിക്കുന്നതു പോലെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ പഠിപ്പിക്കാറുണ്ട്.

ഒരു പ്രദേശത്തുള്ള മൈനകള്‍ ഒരുമിച്ചാണ്‌ ചേക്കയിരിക്കാറ്‌. പ്രജനന കാലത്ത് മരപ്പൊത്തുകളിലോ പനയോലകള്‍ക്കിടയിലോ ഒക്കെ കൂടുകളുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു.

Friday, July 20, 2007

അസ്തമയക്കാഴ്ചകള്‍

ചെറായ് കടപ്പുറത്തെ അസ്തമയക്കാഴ്ചകള്‍


ഒരു പകലിന്റെ പ്രതാപത്തിന് ക്ഷയകാലം..
അസ്തമയ വെട്ടത്തില്‍ ഒരു മണല്‍ക്കൊട്ടാരം

കടലിന്റെ നെഞ്ചില്‍ വീണ സൂര്യന്റെ മുഖച്ചാര്‍ത്തുകള്‍..ചെഞ്ചോരച്ചുവപ്പായ് അലിയുന്നു..


ഇനി നാളെ വീണ്ടും..Saturday, July 14, 2007

കുറെ തുമ്പികള്‍

പഴയ കുറെ തുമ്പിച്ചിത്രങ്ങള്‍