Sunday, June 17, 2007

പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ


പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണൂ
പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ..കണ്‍‍നിറയെ അതു കണ്ടു നിന്നു പോയ് നീ
നിന്‍റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയീ..

Thursday, June 14, 2007

ദിനോസറുകളുടെ പിന്മുറക്കാര്‍

ഒരു ദിവസം കാമറയ്ക്കു പുതിയ ഇരകളെ തേടി പറമ്പിലൂടെ ചുറ്റി നടക്കുമ്പോഴാണ് പപ്പായ മരത്തിന്റെ തടിയില്‍ പറ്റിപ്പിടിച്ചിരുന്ന ഇവനെ കണ്ടു പിടിച്ചത്.

ആ ഇരിപ്പൊക്കെ കണ്ടാല്‍ ഒരു പേടി ഒക്കെ തോന്നുമെങ്കിലും (ചെറുപ്പത്തില്‍, ഓന്ത് നോക്കി ഇരുന്നു ചോരയൂറ്റും ന്നു ആരോ പറഞ്ഞു കേട്ടു പേടിച്ചിട്ടുണ്ടേ...) ആ കണ്ണിലേയ്ക്കൊന്നു നോക്കിയപ്പോ പാവം തോന്നി. മാന്മിഴി ന്നൊക്കെ പറയുന്നതു പോലെ ഓന്ത്മിഴി ന്നു കൂടി പറയേണ്ടതാ. നല്ല മാന്മിഴി പോലത്തെ ഓന്ത് മിഴി :).

പടം പിടിച്ചു കാണുമ്പോഴല്ലേ ഇവന്മാരിത്രയും ഫോട്ടോജനിക്കാണെന്നു മനസ്സിലാവുന്നത്. പിന്നെ ഓന്തുകളെ തേടി നടന്നു പടം പിടിയ്ക്കലായി പണി. ഇതാ വേറൊരു മാന്മിഴിയാള്‍, ശ്ശെ! ഓന്ത്മിഴിയാള്‍.

വനജേച്ചിയുടെ ഭാഷയില്‍ തീരെ കളര്‍ സെന്‍സില്ലാത്തൊരുവന്‍/വള്‍. രാവിലെ വീട്ടീന്നിറങ്ങുമ്പോ മഞ്ഞ്യുടുപ്പെടുത്തു ബാഗില്‍ വെയ്ക്കാന്‍ മറന്ന മട്ടില്ലേ ആ ഇരിപ്പു കണ്ടാല്‍?


വേറെ ചിലരെ ഒക്കെ കാണുമ്പോ ദിനോസറുകള്‍ ചെറുതായി വന്നതാണോന്ന് സംശയം തോന്നും.

ഇതും ഓന്തു വര്‍ഗക്കാരന്‍ തന്നെ ആണോ എന്തോ? എവിടെ ഇരുന്നാലും കക്ഷി നിറം മാറിയൊന്നും കണ്ടില്ല. സ്വന്തം വര്‍ഗ്ഗത്തിന്റെ കുപ്രസിദ്ധി മാറ്റിയെടുക്കാന്‍ തീരുമാനിച്ചിറങ്ങിയ അത്തരം സ്ഥിതപ്രജ്ഞരെ പലരെയും കണ്ടാല്‍ പക്ഷേ പേടിയായിപ്പോവും. ഇവരെ നമ്മുടെ നാട്ടില്‍ അധികം കണ്ടിട്ടില്ല. ഇവന്‍ കന്നഡികനാണ്.നിറം മാറാത്ത വേറൊരു ബാംഗ്ലൂര്‍ സ്വദേശി.

ആര്‍നോള്‍ഡ് ശിവശങ്കരന്‍ ഓന്തായി പിറന്നാല്‍ ഈ രൂപത്തിലിരിക്കുമെന്നു തോന്നി ഇവന്റെ പോസ് കണ്ടപ്പോ! ആ കയ്യിലെ മസില് കണ്ടിട്ട് കൂടുതല്‍ കമന്റടിയ്ക്കാനൊന്നും അപ്പോ തോന്നിയില്ല. എന്താ അവന്റെ ഒരു പോസ് എന്നു നോക്കിയേ.

ഇവരൊക്കെ ഓന്തിന്റെ കുടുംബക്കാരു തന്നെ ആണോ എന്തോ.. അതോ വേറെ കുടുംബത്തില്‍ പിറന്ന് കാലക്കേടു കൊണ്ട് ഓന്തായി അഭിനയിക്കുന്നതോ.. :)

Monday, June 11, 2007

ആതിരപ്പിള്ളി - വാഴച്ചാല്‍ കാഴ്ചകള്‍

ഒരു അവധി ദിവസം രാവിലെ പെട്ടെന്നൊരു തോന്നലില്‍ ആതിരപ്പിള്ളിക്കു പുറപ്പെട്ടു.


പോവുന്ന വഴിക്ക് ഒരു വലിയ ഗേറ്റും ഒക്കെ കണ്ടപ്പോ ഇറങ്ങി നോക്കി, തുമ്പൂര്‍മൂഴി ഇറിഗേഷന്‍ പ്രോജക്റ്റ് ആണത്രേ. അതിനോടു ചേര്‍ന്നൊരു ഉദ്യാനവും ഉണ്ട്. ചിത്രത്തില്‍ പിന്നില്‍ കാണുന്നത് ചെക്ക് ഡാമിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളം.
ചെക്ക് ഡാമിന്‍റെ പനോരമ പകര്‍ത്താനൊരു ശ്രമം. മൂന്നോ നാലോ ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത ഒരു കാഴ്ചയാണിത്. ക്ലിക്കിയാല്‍ വലുതായി കാണാം.

കുറെ നേരം അവിടൊക്കെ കറങ്ങി നടന്ന ശേഷം പിന്നെയും ആതിരപ്പിള്ളിക്കു കയറ്റം.
അവിടെത്തിയപ്പോ തിരക്കോടു തിരക്ക്.


സന്ദര്‍ശകരെ കൂടാതെ ഏതോ കന്നഡ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനു വന്ന ആളുകളും ഒക്കെ ചേര്‍ന്ന് ആകെ ഒരുത്സവപ്പറമ്പു പോലെ. ആളുകളില്ലാതെ വെള്ളച്ചാട്ടത്തിന്‍റെ ഒരു പടം പിടിക്കാന്‍ കുറെ നേരം നോക്കിയിരുന്നു കിട്ടിയത്.

വെള്ളച്ചാട്ടത്തിനു തൊട്ടു താഴെ ഉള്ള പാറയില്‍ പറ്റിപ്പിടിച്ചു കയറി, എവറസ്റ്റ് കീഴടക്കിയ സന്തോഷത്തില്‍ നില്‍ക്കുന്ന രണ്ടു പേരെ കണ്ടപ്പോ ഒരു പടം പിടിക്കാതിരിക്കാന്‍ പറ്റിയില്ല :)വെള്ളച്ചാട്ടത്തിനു താഴെ എത്തുമ്പോ കാറ്റില്‍ പാറി വീഴുന്ന വെള്ളത്തുള്ളികള്‍ ലെന്‍സില്‍ വീഴാതെ പടം പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.

ഇതു ആ സിനിമാ ഷൂട്ടിങ്ങുകാരുണ്ടാക്കിയൊരു വീട്. നല്ല ഭംഗി തോന്നിയെങ്കിലും, ലൈറ്റുകളും വയറുകളും ഒക്കെ വഴി മുടക്കിയതു കൊണ്ട്, വീടു മുഴുവനായി കാണുന്ന പോലെ ഒരു പടം പിടിക്കാന്‍ പറ്റിയില്ല.വെള്ളച്ചാട്ടത്തിനു മുകളിലേയ്ക്കുള്ള കയറ്റം തുടങ്ങുന്നതിനു മുന്‍പ്, മരങ്ങള്‍ക്കിടയിലൂടെ ഒന്നു തിരിഞ്ഞു നോക്കി.

വെള്ളച്ചാട്ടത്തിന്‍റെ താഴെ നിന്നും മുകളിലേയ്ക്കു പോവാന്‍ വനം വകുപ്പ് നിര്‍മ്മിച്ചിരിക്കുന്ന നടപ്പാത വളഞ്ഞു പുളഞ്ഞു പോവുന്നതു കണ്ട്, അതൊഴിവാക്കി കുത്തനെ ഉള്ള കയറ്റം കയറിയാണ് മുകളിലേയ്ക്കു പോയത്. അടി തെറ്റാതെ മുകളിലെത്താനുള്ള തത്രപ്പാടില്‍ ആ വഴിയുടെ പടം പിടിയ്കാനോര്‍ത്തില്ല.
മുകളിലെത്തിയപ്പോ, വെള്ളച്ചാട്ടത്തോട് ചേര്‍ന്നു തന്നെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു മരമാണ് എതിരേറ്റത്. മരം നിറയെ പലതരത്തിലുള്ള പത്തഞ്ഞൂറു കിളികള്‍. തേന്‍ കുടിച്ചു മത്തായിട്ടോ എന്തോ, വെള്ളച്ചാട്ടത്തിന്‍റെ ആരവത്തിനും മുകളില്‍ മുഴങ്ങിയിരുന്നു അവരുടെ ശബ്ദം :)
മരം നില്‍ക്കുന്നത് മുകളിലെ പാറക്കെട്ടില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ കുഞ്ഞുപക്ഷികളെ ഒന്നും നേരെ ചൊവ്വേ പകര്‍ത്താന്‍ പറ്റിയില്ല. വലിയ തരക്കേടില്ലാതെ കിട്ടിയ രണ്ടു കിളികള്‍. ഗരുഡന്‍ ചാരത്തലക്കാളി (Chestnut-tailed Starling) എന്നാണ് ഇവയുടെ പേരെന്നു കണ്ടു പിടിക്കാന്‍ പിന്നെ കുറേ നാളത്തെ ഗവേഷണം വേണ്ടി വന്നു.


ചുവന്ന പൂക്കള്‍ക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്‍റെ ഒരു കാഴ്ച കൂടി പകര്‍ത്തിയിട്ടു മടക്കം.


പോവുന്ന വഴിക്കു വെള്ളത്തിന്‍റെ കുത്തൊഴുക്കു കണ്ടപ്പോ തോന്നിയ ഒരു കൌതുകം. വലുതാക്കി കണ്ടാലൊരു ഭംഗി ഒക്കെ ഉണ്ടെന്നു തോന്നുന്നു :)


വീണ്ടും ഷോളയാര്‍ റൂട്ടില്‍ യാത്ര ചെയ്ത്, വാഴച്ചാല്‍ കൂടി കണ്ടിട്ടാണ് മടങ്ങിയത്. ആതിരപ്പിള്ളിയുടെ ആകര്‍ഷണീയതയെക്കാള്‍, ഒരു വന്യതയാണ് വാഴച്ചാലിന് കൂടുതലെന്നു തോന്നി.

Sunday, June 10, 2007

ആകാശത്തിരശ്ശീലയില്‍ വരച്ച ചിത്രങ്ങള്‍.

പലപ്പോഴും പിടിക്കുന്ന പടങ്ങളുടെ പശ്ചാത്തലത്തിലെ ചില മുഴച്ചു നില്‍ക്കലുകള്‍, കമ്പും കോലും തുടങ്ങിയവ ചിത്രങ്ങളുടെ ഭംഗി നശിപ്പിക്കുന്നതായി തോന്നിയിരുന്നു. ഒരിക്കല്‍ ചട്ടിയില്‍ വളര്‍ന്നിരുന്ന ഒരു പൂവിനെ കണ്ടപ്പോ അഭംഗികളില്ലാത്തൊരു പശ്ചാത്തലത്തില്‍ പടത്തിലാക്കിക്കാളയാംന്നു തോന്നി. ആദ്യം ചട്ടിയോടെ പൊക്കിയെടുത്തൊരു വെള്ള ചുമരിനടുത്തു വെച്ച് പടം പിടിച്ചു നോക്കി. എന്നാല്‍ ഫ്ലാഷ് വെളിച്ചം ഉപയോഗിക്കേണ്ടി വന്നു, അതില്‍ ചുമരിന്‍റെ നിരപ്പില്ലായ്മകള്‍ തെളിഞ്ഞു കാണുകയും ചെയ്തു.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സ് ഒക്കെ ഇങ്ങനത്തെ ആവശ്യങ്ങള്‍ക്ക് പല നിറത്തിലുള്ള കടലാസു കാര്‍ഡുകള്‍ കരുതും എന്നു കേട്ടിട്ടുണ്ട്. പക്ഷേ മടി കൊണ്ട് ആ വക ഉപദ്രവങ്ങള്‍ക്കൊന്നും മുതിരാന്‍ മനസ്സു വന്നില്ല.

അപ്പോ വേറെ ഒരു മാര്‍ഗം തേടി ചുറ്റും നോക്കിയപ്പോഴാണ് 10.30-11 മണി നേരത്തെ നരച്ച ആകാശം കണ്ടത്. എവിടോ കണ്ടൊരു പടത്തിന്‍റെ പശ്ചാത്തലം ഓര്‍മ്മ വന്നു.

ചാര നിറത്തിലുള്ള ആകാശം, പൂവിനു വേണ്ടി കാമറയിലെ വെളിച്ചം ശരിയാക്കി, വൈറ്റ് ബാലന്‍സ് ന്നു പറയുന്ന സാധനത്തിലും ഒന്നു പണിതപ്പോ നല്ല വെള്ളയായിക്കിട്ടി. പക്ഷേ ആ പൂക്കള്‍ ഒരു കുലയായി നില്ക്കുന്നത് ഏതു കോണില്‍ നിന്നു പകര്‍ത്തണമെന്നൊരു രൂപവും കിട്ടിയില്ല.
ഒരിക്കല്‍ പരീക്ഷിച്ചു ഇഷ്ടപ്പെട്ട ഫോര്‍മുല പിന്നെ പല വട്ടം പലേടത്തും പരീക്ഷിച്ചു നോക്കി, കൊള്ളാം :)

ഒരു കുഞ്ഞിക്കിളി, ഇതില്‍ കുറെക്കൂടി പുലര്‍കാലത്തെ ആകാശമായതു കൊണ്ട് നീല നിറത്തിന്‍ പ്രാധാന്യം കൂടി.

ചെത്തിപ്പൂക്കള്‍


എന്തോ പ്രത്യേക ഇനം ചെമ്പരുത്തി.നീലാകാശത്തില്‍ ഒരു തുമ്പിയും.പല പടങ്ങളിലും over-exposed ആയി വൃത്തികേടാവുന്ന ആകാശത്തെ ഇത്തിരി നന്നായി ഉപയോഗിക്കാനൊരു ശ്രമം.
ഇതിഷ്ടമായവര്‍ക്കൊക്കെ ഇനി സ്വയം പടം പിടിക്കുമ്പോ പരീക്ഷിക്കാം. റോയല്‍റ്റി അപ്പൂസിനു തന്നാല്‍ മതി :)

Thursday, June 7, 2007

കുമ്പളവള്ളിയിലെ പ്രാണികള്‍

അടുക്കളയുടെ പിറകിലുള്ള കുമ്പളവള്ളിയില്‍ കണ്ട പ്രാണികള്‍..കാമറയെ എങ്ങനെ നേരിടണം എന്നു തീരുമാനിയ്ക്കാനൊരു ആലോചനായോഗംഇലയുടെ മറവിലൊളിയ്ക്കാന്‍ തുടങ്ങുന്നൊരു നാണം കുണുങ്ങി..


ട്രപ്പീസുകളിക്കാരനെപ്പോലൊരു പോസ് കാണിച്ചു തരുന്ന വേറൊരുത്തന്‍(ത്തി?)ഒടുവില്‍ ഫോട്ടോ സെഷന്‍ ബഹിഷ്കരിയ്ക്കാന്‍ കൂട്ടായ തീരുമാനമെടുത്ത് മാര്‍ച്ച് ചെയ്തു പോ‍ാവുന്നു..

Friday, June 1, 2007

ഈച്ചക്കോപ്പി

ഈച്ചകളുടെയും പൂച്ചകളുടെയും പടങ്ങള്‍ പോസ്റ്റ് ചെയ്യാംന്നു വെച്ച് ചില്ലിട്ടു വെച്ചിരുന്നതൊക്കെ പൊടി തട്ടി നോക്കുകായിരുന്നു.. പൂച്ചകളുടെ പടങ്ങളൊന്നും കിട്ടിയില്ല, കുറെ ഈച്ചകളെ കിട്ടി.

ഒരു പൂവും തേടി പറന്നു വന്ന്..ഒരു പൂവിലൊട്ടിടയിരുന്ന്..വീണ്ടും പുതിയ പൂവു തേടിപ്പറന്ന്.. ഇവള്‍.. ഈ നീലത്തേനീച്ച.പുഷ്പ പാദുകം പുറത്തു വെയ്ക്കാതെ നീലോല്പല ശില്പഗോപുരത്തിലേയ്ക്കു പറന്നു വരുന്ന ഒരു മക്ഷികാചക്രവര്‍ത്തിനി.. :)

നഗ്നപാദയായ് വേറൊരുവള്‍ ഇതാ..ആ പറക്കലിനെ ഒന്നു നല്ലവണ്ണം പകര്‍ത്താന്‍ പറ്റിയില്ലെങ്കിലും, ഒട്ടൊക്കെ അടുത്തു കാണാന്‍ വേണ്ടി വെട്ടി ചെറുതാക്കിയൊരു ചിത്രം..