പേരു കൊണ്ട് എല്ലാവര്‍ക്കും സുപരിചിതനായ മറ്റൊരു പക്ഷിയാണ് ഓലേഞ്ഞാലി(Rufous Treepie). ഓലമുറിയന്‍, പുകബ്ലായി, പൂക്കുറുഞ്ഞി, കുട്യൂര്‍ളിപ്പക്ഷി, കോയക്കുറുഞ്ഞി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടാറുള്ള ഈ പക്ഷി കാക്കയുടെ വര്‍ഗ്ഗക്കാരനാണെന്നതു പക്ഷേ പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.
ഏകദേശം 18 ഇഞ്ചോളം വലുപ്പം. ഇതില് പക്ഷിയുടെ വാലിനു മാത്രം ഏതാണ്ട് 12 ഇഞ്ചോളം നീളം വരും. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികില്‍ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിന്‍റെ തുമ്പും അടിഭാഗവും കറുപ്പ്, മുകള്‍ഭാഗം വെള്ള. ആകപ്പാടെ പക്ഷിയെ കണ്ടാല്‍ ഒരു കന്യാസ്ത്രിവേഷം അണിഞ്ഞിരിക്കുന്നതു പോലെ തോന്നും.
കാഴ്ചയില്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓലേഞ്ഞാലിയുടെ കയ്യിലിരുപ്പ് അത്ര ശരിയല്ല. പുഴുക്കള്‍, ചെറുപാറ്റകള്‍, മറ്റു പക്ഷികളുടെ മുട്ടകള്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവയാണ് ഓലേഞ്ഞാലിയുടെ പ്രധാന ഭക്ഷണം. മറ്റു പക്ഷികളുടെ കൂടുകള്‍ ആക്രമിച്ച് കുഞ്ഞുങ്ങളെയും മുട്ടകളെയും അകത്താക്കുന്ന ഇവയെ ചിലപ്പോ ചെറു പക്ഷികള്‍ സംഘം ചേര്‍ന്ന് തുരത്തിയോടിക്കാറുണ്ട്.
സാധാരണ ഇണകളായാണ് ഓലേഞ്ഞാലി ഇര തേടാറ്. സമാനാമായ ഇര തേടല്‍ ശീലങ്ങളുള്ള മറ്റു പക്ഷികളോടൊപ്പം ചേര്‍ന്നും ഓലേഞ്ഞാലി ഇര തേടാറുണ്ട്. തെങ്ങോലകള്‍ക്കിടയിലെ പുഴുക്കളെ പിടികൂടാന്‍ കൊക്കുകൊണ്ട് ഓലയെ നെടുനീളം കീറിക്കൊണ്ട് ആടി ഇറങ്ങുന്നതു കൊണ്ട് ഓലേഞ്ഞാലി എന്നും ഓലമുറിയനെന്നും പേരു വിളിക്കുന്നു. ‘പൂക്രീന്‍.. പൂക്രീന്‘ എന്നോ ‘കുട്യൂര്‍ളീ‘ എന്നോ തോന്നാവുന്ന ഒരു ശബ്ദമാണ് പ്രധാനമായും പുറപ്പെടുവിക്കാറ് എന്നതു കൊണ്ടാവും പൂക്കുറിഞ്ഞി, കുട്യൂര്‍ളിപ്പക്ഷി എന്നീ പേരുകള്‍ വന്നതെന്നും തോന്നുന്നു.
ഓലേഞ്ഞാലിയുടെ ഒരു ബന്ധുവായ കാട്ടുഞ്ഞാലിയെ(White-bellied treepie) കാടുകളില്‍ മാത്രമേ കാണാറുള്ളു. കാട്ടുഞ്ഞാലിയുടെ ചിത്രത്തിന് ഇവിടെ നോക്കുക. പ്രധാന നിറങ്ങള്‍ ഓലേഞ്ഞാലിയുടേതു പോലെ തന്നെ എങ്കിലും നിറങ്ങളുടെ തെളിമയിലും വിന്യാസത്തിലും പ്രകടമായ മാറ്റമുണ്ട്.
ഏകദേശം കാക്കക്കൂടു പോലെ തന്നെയാണ് ഓലേഞ്ഞാലിയുടെ കൂടും. കൂടു കെട്ടുന്ന കാലത്ത് സ്വതേയുള്ള ഉല്ലാസശീലമെല്ലാം വിട്ട് പക്ഷിയാകെ ഒതുങ്ങിക്കൂടി ശാന്തനാകുന്നു. എന്നാല്‍, വല്ല കാക്കയോ പരുന്തോ മറ്റോ കൂടിനു സമീപം ചെന്നാല്‍ ഉടനേ ആക്രമണോത്സുകനായി അവയുടെ പിന്നാലെ പറന്ന് കൊത്തിയോടിക്കുന്നതും കാണാം.
കുടുംബപരമായി ബന്ധുക്കളെങ്കിലും കാക്കകള്‍ ഓലേഞ്ഞാലിയുടെ പ്രധാന ശത്രുക്കളിൽപ്പെടും. ഈ ശത്രുതയെ പറ്റി ശ്രീ ഇന്ദുചൂഡന്‍റെ കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: ചെറുപക്ഷികള്‍ക്കെല്ലാം ഓലേഞ്ഞാലി ശത്രുവാണെങ്കിലും കാക്കകളെ തുരത്തുന്ന ഓലേഞ്ഞാലിയെ അയല്‍വാസികളായ ചെറു പക്ഷികളൊക്കെ സഹായിക്കുമത്രേ. എന്നാല്‍ കാക്ക സ്ഥലം വിടുന്നതോടെ ചെറുപക്ഷികളെല്ലാം ചേര്‍ന്ന് ഓലേഞ്ഞാലിയേയും തുരത്തും.
‘ഞങ്ങളില്‍ക്കലഹിക്കുമ്പോള്‍ ഞങ്ങളഞ്ചവര്‍ നൂറ്റു പേര്‍
അന്യര്‍ വന്നാക്രമിക്കുമ്പോള്‍ ഞങ്ങള്‍ നൂറ്റഞ്ചു പേര്‍കളാം’