Monday, June 11, 2007

ആതിരപ്പിള്ളി - വാഴച്ചാല്‍ കാഴ്ചകള്‍

ഒരു അവധി ദിവസം രാവിലെ പെട്ടെന്നൊരു തോന്നലില്‍ ആതിരപ്പിള്ളിക്കു പുറപ്പെട്ടു.


പോവുന്ന വഴിക്ക് ഒരു വലിയ ഗേറ്റും ഒക്കെ കണ്ടപ്പോ ഇറങ്ങി നോക്കി, തുമ്പൂര്‍മൂഴി ഇറിഗേഷന്‍ പ്രോജക്റ്റ് ആണത്രേ. അതിനോടു ചേര്‍ന്നൊരു ഉദ്യാനവും ഉണ്ട്. ചിത്രത്തില്‍ പിന്നില്‍ കാണുന്നത് ചെക്ക് ഡാമിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളം.
ചെക്ക് ഡാമിന്‍റെ പനോരമ പകര്‍ത്താനൊരു ശ്രമം. മൂന്നോ നാലോ ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത ഒരു കാഴ്ചയാണിത്. ക്ലിക്കിയാല്‍ വലുതായി കാണാം.

കുറെ നേരം അവിടൊക്കെ കറങ്ങി നടന്ന ശേഷം പിന്നെയും ആതിരപ്പിള്ളിക്കു കയറ്റം.
അവിടെത്തിയപ്പോ തിരക്കോടു തിരക്ക്.


സന്ദര്‍ശകരെ കൂടാതെ ഏതോ കന്നഡ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനു വന്ന ആളുകളും ഒക്കെ ചേര്‍ന്ന് ആകെ ഒരുത്സവപ്പറമ്പു പോലെ. ആളുകളില്ലാതെ വെള്ളച്ചാട്ടത്തിന്‍റെ ഒരു പടം പിടിക്കാന്‍ കുറെ നേരം നോക്കിയിരുന്നു കിട്ടിയത്.

വെള്ളച്ചാട്ടത്തിനു തൊട്ടു താഴെ ഉള്ള പാറയില്‍ പറ്റിപ്പിടിച്ചു കയറി, എവറസ്റ്റ് കീഴടക്കിയ സന്തോഷത്തില്‍ നില്‍ക്കുന്ന രണ്ടു പേരെ കണ്ടപ്പോ ഒരു പടം പിടിക്കാതിരിക്കാന്‍ പറ്റിയില്ല :)വെള്ളച്ചാട്ടത്തിനു താഴെ എത്തുമ്പോ കാറ്റില്‍ പാറി വീഴുന്ന വെള്ളത്തുള്ളികള്‍ ലെന്‍സില്‍ വീഴാതെ പടം പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി.

ഇതു ആ സിനിമാ ഷൂട്ടിങ്ങുകാരുണ്ടാക്കിയൊരു വീട്. നല്ല ഭംഗി തോന്നിയെങ്കിലും, ലൈറ്റുകളും വയറുകളും ഒക്കെ വഴി മുടക്കിയതു കൊണ്ട്, വീടു മുഴുവനായി കാണുന്ന പോലെ ഒരു പടം പിടിക്കാന്‍ പറ്റിയില്ല.വെള്ളച്ചാട്ടത്തിനു മുകളിലേയ്ക്കുള്ള കയറ്റം തുടങ്ങുന്നതിനു മുന്‍പ്, മരങ്ങള്‍ക്കിടയിലൂടെ ഒന്നു തിരിഞ്ഞു നോക്കി.

വെള്ളച്ചാട്ടത്തിന്‍റെ താഴെ നിന്നും മുകളിലേയ്ക്കു പോവാന്‍ വനം വകുപ്പ് നിര്‍മ്മിച്ചിരിക്കുന്ന നടപ്പാത വളഞ്ഞു പുളഞ്ഞു പോവുന്നതു കണ്ട്, അതൊഴിവാക്കി കുത്തനെ ഉള്ള കയറ്റം കയറിയാണ് മുകളിലേയ്ക്കു പോയത്. അടി തെറ്റാതെ മുകളിലെത്താനുള്ള തത്രപ്പാടില്‍ ആ വഴിയുടെ പടം പിടിയ്കാനോര്‍ത്തില്ല.
മുകളിലെത്തിയപ്പോ, വെള്ളച്ചാട്ടത്തോട് ചേര്‍ന്നു തന്നെ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു മരമാണ് എതിരേറ്റത്. മരം നിറയെ പലതരത്തിലുള്ള പത്തഞ്ഞൂറു കിളികള്‍. തേന്‍ കുടിച്ചു മത്തായിട്ടോ എന്തോ, വെള്ളച്ചാട്ടത്തിന്‍റെ ആരവത്തിനും മുകളില്‍ മുഴങ്ങിയിരുന്നു അവരുടെ ശബ്ദം :)
മരം നില്‍ക്കുന്നത് മുകളിലെ പാറക്കെട്ടില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ കുഞ്ഞുപക്ഷികളെ ഒന്നും നേരെ ചൊവ്വേ പകര്‍ത്താന്‍ പറ്റിയില്ല. വലിയ തരക്കേടില്ലാതെ കിട്ടിയ രണ്ടു കിളികള്‍. ഗരുഡന്‍ ചാരത്തലക്കാളി (Chestnut-tailed Starling) എന്നാണ് ഇവയുടെ പേരെന്നു കണ്ടു പിടിക്കാന്‍ പിന്നെ കുറേ നാളത്തെ ഗവേഷണം വേണ്ടി വന്നു.


ചുവന്ന പൂക്കള്‍ക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്‍റെ ഒരു കാഴ്ച കൂടി പകര്‍ത്തിയിട്ടു മടക്കം.


പോവുന്ന വഴിക്കു വെള്ളത്തിന്‍റെ കുത്തൊഴുക്കു കണ്ടപ്പോ തോന്നിയ ഒരു കൌതുകം. വലുതാക്കി കണ്ടാലൊരു ഭംഗി ഒക്കെ ഉണ്ടെന്നു തോന്നുന്നു :)


വീണ്ടും ഷോളയാര്‍ റൂട്ടില്‍ യാത്ര ചെയ്ത്, വാഴച്ചാല്‍ കൂടി കണ്ടിട്ടാണ് മടങ്ങിയത്. ആതിരപ്പിള്ളിയുടെ ആകര്‍ഷണീയതയെക്കാള്‍, ഒരു വന്യതയാണ് വാഴച്ചാലിന് കൂടുതലെന്നു തോന്നി.

24 comments:

അപ്പൂസ് said...

ആതിരപ്പിള്ളി വാഴച്ചാല്‍ കാഴ്ചകള്‍..
പിന്നെ രണ്ടു കിളികളും :)

കെ ആര്‍ രണ്‍ജിത്‌ said...

hi,
happy to see some different angles of athirappilly.
actually i'm a regular visitor to the falls. i specially liked the flowers.
ranjith

Anonymous said...

Very nice pictures

Siju | സിജു said...

അപ്പൂസ്..
പല വട്ടം പോയിട്ടുണ്ടെങ്കിലും ഇപ്പോഴും കൊതി മാറാത്ത യാത്രയാണ് അതിരപ്പിള്ളിയും വാഴച്ചാലും പോകുന്നത്..
നല്ല ചിത്രങ്ങള്‍

qw_er_ty

ആഷ | Asha said...

അതിരപ്പിള്ളിയും വാഴച്ചാലും ഇന്നുവരെ പോവാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. :(
അപ്പൂസേ പടങ്ങള്‍ എല്ലാം നന്ന്

SAJAN | സാജന്‍ said...

appooS,
Nice pictures
congrats!!

Manu said...

അപ്പൂസേ... പതിവുപോലെ സൂപ്പര്‍ പടങ്ങള്‍ ..... ആ താഴെനിന്ന് രണ്ടാമത്തെ പടത്തില്‍ വെള്ളം അങ്ങനെ ഫ്രീസ് ചെയ്യുന്നതിന്റെ റ്റെക്നിക്‍ക് എന്താ? എന്നുവച്ചാല്‍ ഒരു കൊം‌പാക്റ്റ് ഡിജിറ്റലില്‍ കിട്ടുന്ന സെറ്റിംഗ് വല്ലതും ആണെല്‍ മതി...

കുട്ടമ്മേനൊന്‍::KM said...

കലക്കന്‍ ഫോട്ടോസ് ..

തറവാടി said...

Good work :)

അഗ്രജന്‍ said...

അടിപൊളി ഫോട്ടോസ്...
ഏറ്റവും ഇഷ്ടമായത് പറയണം എന്ന് വിചാരിച്ച് പല തവണ മേലോട്ടും താഴോട്ടും സ്ക്രോള്‍ ചെയ്തു - രക്ഷയില്ല :)

ശാലിനി said...

നല്ല ഫോട്ടോകള്‍.

ആ പടികള്‍ കയറിവന്നിട്ട് ക്ഷീണിച്ചില്ലേ. താഴോട്ട് പോകാന്‍ എളുപ്പമാണ്, മുകളിലേക്ക് കയറിവരുന്ന കാര്യം ഓര്‍ത്തിട്ട് ഒരു പ്രാവശ്യം മുകളില്‍ നിന്നുള്ള കാഴ്ചമതി എന്നു തീരുമാനിക്കുകയായിരുന്നു. പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇനിയും പോകാന്‍ കൊതി തോന്നുന്നു.

ആഷേ പോകുവാണെങ്കില്‍ ക്യാമറ നിറയെ പടമെടുക്കാം. അത്രയ്ക്ക് ഭംഗിയുണ്ട്.

അപ്പു said...

അപ്പൂസേ...കൊടുകൈ. പതിവുപോലെ സൂപ്പര്‍!! ഒരാഗ്രഹമുണ്ട് ഇപ്പോള്‍, നാട്ടിലെത്തിയാല്‍ ഈ അപ്പൂസിനെയും കൂട്ടി ഇങ്ങനുള്ള സ്ഥലങ്ങളിലൊക്കെ ഒന്നു യാത്രപോണം. ഫോട്ടോയും പിടിക്കണം!! നടക്കുമോ ആവോ?

ശാലിനി said...

ആ കുത്തൊഴുക്കിന്റെ ഫോട്ടോ ഒന്നു വലുതാക്കി കണ്ടേ, എന്തു ഭംഗിയാണ്. ഡെസ്ക്ടോപ്പില്‍ ഇട്ട് കാണുകയാണ്.

അപ്പു said...

മനൂ, വെള്ളം ഫ്രീസ് ചെയ്യാന്‍ ഷട്ടര്‍സ്പീഡ് കൂട്ടുകയാണ് ചെയ്യേണ്ടത്. ഒരു കോമ്പാക്റ്റ് ഡിജിറ്റലില്‍ ഇതിനു ചെയ്യാവുന്ന ഏറ്റവും എളുപ്പവഴി പ്രീസെറ്റ് മോഡുകളില്‍ നിന്ന് “സ്പോര്‍ട്ട്സ് മോഡ്” സെലക്റ്റ് ചെയ്യുക എന്നതാണ്‍!.

ചേച്ചിയമ്മ said...

Nice pictures!!!

കുട്ടു | kuttu said...

കൊള്ളാം. നല്ല ഫോട്ടൊകള്‍.
പനോരമ സൂപ്പര്‍. ഫോട്ടോ സ്റ്റിച് ആണോ?

Vanaja said...

ഒരിക്കല്‍ പോയിട്ടുണ്ടിവിടെ.കോളെജീന്നു കൂട്ടുകാരൊത്ത്‌. ഈ ചിത്രങ്ങള്‍ വീണ്ടും കൊതിപ്പിക്കുന്നു. പതിനൊന്നാമത്തെ പടം പ്രത്യേകിച്ചും.

Rodrigo said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

ആവനാഴി said...

അപ്പൂ,

മനോവശ്യമായ ചിത്രങ്ങള്‍. അതിന്റെ കരയില്‍ ഒരു കൊച്ചുവീടുണ്ടാക്കി അതില്‍ കഴിയാന്‍ മോഹം!

സസ്നേഹം
ആവനാഴി

ബിന്ദു said...

എല്ലാം നല്ല ഫോട്ടോസ്‌ ആണ്‌, എന്നാലും ആ പൂവിന്റെ ഇടയില്‍ കൂടി കാണുന്ന ആ ഫോട്ടോ ആണെനിക്കേറ്റവും ഇഷ്ടമായതു. പിന്നെ വലുതാക്കി നോക്കിയപ്പോള്‍ ആ കുത്തൊഴുക്കും, പിന്നെ ആ വീടും.. പറഞ്ഞുവന്നപ്പോള്‍ എല്ലാം. :)

അപ്പു said...

അപ്പൂസേ...ഇവിടെ മുകളില്‍ ഒരു Rodrigo കമന്റിയിരിക്കുന്നതു കണ്ടോ? ഇതേതു ഭാഷയാണപ്പാ? മംഗ്ലീഷാണെന്നാണ് ആദ്യം കരുതിയത്. മലയാളിയല്ലാത്തവരും മല്ലു ബ്ലോഗ് വായിക്കുന്നെന്നോ? ശിവ!ശിവ!

ഓ.ടോ. ഏതോ ടീഷര്‍ട്ടിന്റെ പരസ്യമാണെന്നു തോന്നുന്നു!!

അപ്പൂസ് said...

രഞ്ജിത്, അജ്ഞാത സുഹൃത്തേ, സിജു, ആഷേച്ചി, സാജേട്ടാ, മനുവേട്ടാ, കുട്ടന്മേനോന്‍, തറവാടി മാഷേ, അഗ്രജന്‍, ശാലിനി, അപ്പുവേട്ടാ,ചേച്ചിയമ്മേ, വനജേച്ചി, റോഡ്രിഗോ ചേട്ടാ, ആവനാഴി ചേട്ടാ, ബിന്ദുവേച്ചി എല്ലാര്‍ക്കും നന്ദി :)

ആഷേച്ചീ, നാട്ടില്‍ വരുമ്പോ അവിടം വരെയൊക്കെ ഒന്നു പോവൂന്നേ, ആ വഴി ഷോളയാര്‍, വാല്പാറ ഒക്കെ പോയി, പറമ്പിക്കുളം-തൂണക്കടവ്‌, പൊള്ളാച്ചി, പാലക്കാട് വഴി തിരികെ പോരെ :). പടം പിടിച്ചു മരിക്കാം :)

മനുവേട്ടാ, ആ ട്രിക്ക് അപ്പുവേട്ടന്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാന്‍ കോമ്പാക്ട് ഡിജിറ്റലിനെ കുറിച്ച് അപ്പൂസിനറിഞ്ഞു കൂടാ. കാമറാ മോഡല്‍ പറയാമെങ്കില് നോക്കിയിട്ടു പറയാം :)


ശാലിനി, ആ പടികള്‍ ഇറങ്ങാന്‍ മാത്രമേ ഉപയോഗിച്ചുള്ളു. കയറിയത്, വനം വകുപ്പിന്റെ വഴിയെ മുറിച്ചു, കുത്തനെ അങ്ങു കയറുകയായിരുന്നു. ശരിക്കും കിതച്ചു!

അപ്പുവേട്ടാ, ഓണത്തിനോ മറ്റോ നാട്ടില്‍ വരുമ്പോ അറിയിക്കൂ. നമുക്ക് പോവാമെന്നേയ്. പിന്നെ, റോഡ്രിഗോ ചേട്ടന്‍ പറഞ്ഞതില്‍ നിന്ന് അപ്പൂസിനു മനസിലായത്, “ഞാനൊരു ബ്ലോഗ് തുടങ്ങീട്ടുണ്ട്, നീ അവിടെ വന്നു നോക്ക്, അപ്പോ നിനക്കു മനസ്സിലാവും എങ്ങനെ ബ്ലോഗ് എഴുതണമെന്ന്” ന്നാ :)
(വെറുതെ പറഞ്ഞതാണേ, ഇറ്റാലിയന്, ജെര്‍മന്‍, സ്പാനിഷ്, ഡച്ച, പോര്‍ച്ചുഗീസ് ഒക്കെ നോക്കി..ഒന്നുമല്ല, എന്തു ഭാഷയോ എന്തോ :()

കുട്ടൂ, നന്ദി, ആകാശക്കാഴ്ചകളിലെ ടിപ്സിനും :) ആ മനോരമ സ്റ്റിച്ച് ആണ്.
വനജേച്ചി, നാട്ടില്‍ വരുമ്പോ വീട്ടിലെ ഫോട്ടോഗ്രാഫറെയും കൊണ്ടൊന്നു കൂടി പോയി കുറെ പടങ്ങളൊക്കെ പിടിക്കൂ :)

ആവനാഴിച്ചേട്ടാ, അപ്പൂസ് പോയപ്പോ അവിടെ അങ്ങനൊരു വീടുണ്ടായിരുന്നെന്നേ! അങ്ങു കയറി താമസിക്കാന്‍ തോന്നി. പിന്നെ പാവം സിനിമാ പിടുത്തക്കാരല്ലേന്നോര്‍ത്തിട്ടാ..

അപ്പൂസ് said...

മനസ്സിലായി, റോഡ്രിഗോ സ്പെയിനില്‍ ടീഷര്‍ട്ട് വില്‍ക്കുന്ന ആളാന്ന്‌. :)
സ്പാനിഷ് ആണ്. സാധാരണ് ഇംഗിരീസില്‍ വരാറുള്ള പരസ്യം തന്നെ
കൂടുതലായാല്‍ അനോണികളെ ഒഴിവാക്കേണ്ടി വരുമായിരിക്കും..:)

ശിശു said...

കാണാന്‍ വൈകി,
വളരെ നല്ല ഫോട്ടൊകള്‍
സന്തോഷം