
രാവിലെ ഉണര്‍ന്നു മലമുകളിലെ മണ്ഡപത്തിനടുത്തേയ്ക്കുള്ള യാത്രയില്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ താഴ്വാരത്തേയ്ക്കൊരു എത്തി നോട്ടം..

മലമുകളിലെത്തി ആകാശം നോക്കിയപ്പോള്‍ ഭൂമിയോളം തന്നെ മനോഹരം..
മുകളിലേക്കാള്‍ മുകളിലായ് വര്‍ത്തിയ്ക്കും സകലഗമാം സനാതനാകാശമേ
അകലെയേക്കാള്‍ അകലെയാകുന്നു നീ, അരികിലേക്കാള്‍ അരികിലാണത്ഭുതം..

ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയതിന്റെ പ്രതീകമെന്നോണം പണി കഴിക്കപ്പെട്ടതാണത്രേ ഈ മണ്ഡപം. ഇത് ഒറ്റക്കല്ലില്‍ തീര്‍ക്കപ്പെട്ടതാണെന്നു പറഞ്ഞതു മാത്രം തീരെ മനസ്സിലായില്ല..

അഗസ്ത്യ തീര്‍ത്ഥം തേടി കാട്ടിലൂടെ കുറെ അലഞ്ഞു. ഒടുവില്‍ ഒരു അരുവി കണ്ടു..വെള്ളത്തിന് എന്തൊരു തണുപ്പ്!..
സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ
ദേവമന്ദാകിനീ പുണ്യാഹമേ..

മഞ്ഞുതുള്ളികള്‍ മുത്തു നെയ്തു പിടിപ്പിച്ച ഈ മസ്ലിന്‍ തൂവാല കണ്ടാല്‍ ഒരു കെണി ആണെന്ന് ഏതെങ്കിലും പ്രാണി കരുതുമോ?

വഴിയിലൊരു കല്ലിലിരുന്നു ദിവാസ്വപ്നം കാണുന്ന ശലഭം(Danaid Egg fly എന്നു തോന്നുന്നു).. അതോ ആരെയോ ഓര്‍ത്തു സ്വയം മറന്നിരിക്കുന്നുവോ?

പീലിച്ചിറകൊടിഞ്ഞ ഒരു ശലഭം എവിടെയോ.. പറക്കാന്‍ പറ്റാതെ..

വെട്ടി മുറിച്ചിട്ടും തളിര്‍ക്കുന്ന പ്രതീക്ഷയുടെ നാമ്പുകള്‍..ഒരു മഴയിരമ്പത്തിനു കാതോര്‍ത്ത്..
ഈ സ്വര്‍ഗലോകത്ത് ഇപ്പോ ഇത്ര നേരം മാത്രം.. ലോകം തിരികെ വിളിയ്ക്കുന്നു.. ഇനി മടക്കം, മലയിറക്കം..


ഒരു കുഞ്ഞു പൂവില്‍ ഒരു മുഴുവസന്തവും ഒരു മണല്‍ത്തരിയില്‍
ഒരു പ്രപഞ്ചവും കാണാന്‍ അനന്തതയെ ഒരു കൈക്കുടന്നയിലും
അനന്തകാലത്തെ ഒരു നാഴിക നേരത്തിലും ഒതുക്കുക ..
താഴെ മരുഭൂമിയിലേയ്ക്ക്, മനസ്സില്‍ ഒപ്പം കൊണ്ടു പോവാന്‍ പ്രകൃതിയുടെ പൂക്കൂടയില്‍ നിറച്ച ഈ കാട്ടുപൂക്കള്‍..

ഈ പച്ചപ്പിന്റെ സമൃദ്ധി...

“ഒന്നു തിരികെ നോക്കൂ കുടജാദ്രിയെ“ എന്നു കൈ ചൂണ്ടി നില്‍ക്കുന്ന പുല്‍ത്തലപ്പ്..

ഈ സമൃദ്ധിയ്ക്കു നടുവില്‍ ഏകനായി, നഗ്നനായി നില്‍ക്കുമ്പോഴും ഒരു പ്രാര്‍ത്ഥനയായി ധ്യാനിച്ചീ മരം..

പച്ചപ്പില്‍ തുടങ്ങി പച്ചപ്പില്‍ അലിയുന്ന വഴിയിലൂടെ മടങ്ങുമ്പോള്‍, ഇനിയും വരും ഞാനിവിടെ, അതു വരെ ഇതു പോലെ തന്നെ ഇവിടെ ശേഷിയ്ക്കെന്നൊരു പ്രാര്‍ത്ഥന ഈ ഭൂമിയോട്..

മനോഹരം മഹാവനം, ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുന്‍പിലായ്
എനിയ്ക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാന്‍..