Saturday, May 12, 2007

ഇനിയീക്കുഞ്ഞിന്‍ രക്ഷയെങ്ങനെ..?


വെളിച്ചം എന്ന പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ തെളിഞ്ഞത് ഈ പഴയ ചിത്രമാണ്. കര്‍ണ്ണാടകത്തിലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ സ്കൂള്‍ യൂണിഫോമില്‍ കരിയ്ക്കു വില്‍ക്കാനിരുന്ന, പേരറിയാത്ത പെണ്‍കിടാവ്‌, ഇന്നവള്‍ സ്കൂളില്‍ പോവുന്നുണ്ടോ, ആവോ..?
തൊട്ടപ്പുറത്തു നിന്നും നോക്കുന്ന നായ ഒരു ഭീഷണരൂപിയായാണ് എനിക്കു തോന്നിയിരുന്നത്.. ഈയിടെ ഈ ചിത്രം കണ്ട മുല്ലപ്പൂ പറഞ്ഞത്, “അവള്‍ക്കൊരു കാവല്‍ക്കാരനും ഉണ്ടല്ലോ“ എന്ന്.
ഉണ്ടാവട്ടെ, പ്രതീക്ഷിക്കാം നമുക്ക്‌..അവള്‍ക്കായൊന്നും ചെയ്യാനില്ലെന്നു കൈ മലര്‍ത്തുമ്പോഴും..

കുഞ്ഞായിരുന്ന നാള്‍ കണ്ടൂ കിനാവുകള്‍,
കുഞ്ഞു വയര്‍ നിറച്ചാഹാരം
കല്ലു മണിമാല, കൈവള,
ഉത്സവച്ചന്തയിലെത്തും പലഹാരം..

10 comments:

അപ്പൂസ് said...

വെളിച്ചം എന്ന പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ തെളിഞ്ഞത് ഈ പഴയ ചിത്രമാണ്. കര്‍ണ്ണാടകത്തിലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ സ്കൂള്‍ യൂണിഫോമില്‍ കരിയ്ക്കു വില്‍ക്കാനിരുന്ന പേരറിയാത്തൊരു പെണ്‍കിടാവ്‌..

ദേവന്‍ said...

അപ്പൂസും അവളെ കണ്ടല്ലേ? അവളാണു ഭാരത മാതാവ്. ഇന്നവള്‍ സ്കൂളില്‍ പോയില്ല. മിക്ക ദിവസവും പോകാന്‍ കഴിയാറില്ല. അവളെ പട്ടി കാത്തോളും, പട്ടിക്കൊരിക്കലും കര്‍ത്തവ്യബോധം മായില്ല.

അവളുടെ മനസ്സില്‍ അക്ഷരമെഴുതാന്‍ ഉത്തരവാദിത്വമുള്ളവര്‍ അടുത്ത തെരുവിലെ ബാറില്‍ IIM കളില്‍ സംവരണം കൊടുക്കുന്നത് തുല്യാവകാശലംഘനമാണോ അല്ലയോ എന്ന ചര്‍ച്ച നടത്തി തളര്‍ന്ന് ഭക്ഷണം കഴിക്കുകയാണ്. ദീപാവലിക്ക് അവള്‍ക്കൊരു കൂട് കമ്പിത്തിരി വാങ്ങാന്‍ ഒരു പരാജിതന്‍ അവിടെയുണ്ടോ?

Sona said...

പാവം കുട്ടി..സങ്കടായി..

SAJAN | സാജന്‍ said...

ആപ്പൂസേ.. കണ്ടു.. എന്താ എഴുതേണ്ടതെന്നറിയില്ലാ ഈ പടം ഏറെ എന്തൊക്കെയോ പറയുന്നത് പോലെ!!!

Manu said...

അപ്പൂസേ... ഒന്നും പറയാന്‍ വയ്യ... ഈ കുരുന്നുനോവുകളുടെ ഇടയില്‍ രണ്ട് വ്വര്‍ഷം ജീവിച്ചിട്ടുണ്ട് ഞാന്‍ .. തിരുവനന്തപുരത്ത്...

ഒരുപാട് കഥകളിലേക്കൊരു മടക്കമായീ ചിത്രം... ഒത്തിരികണ്ണീരും അതിലൊന്നുമൊടുങ്ങാത്ത പ്രത്യാശയും. നന്ദി

അപ്പൂസ് said...

ദേവേട്ടാ, മയിലിനെക്കുറിച്ച് ഞാനിപ്പോഴാണ് വായിക്കുന്നത്‌. വായിച്ചപ്പോള്‍ മയില്‍ തന്നെ ഇതും എന്നു തന്നെ തോന്നി..
സോന, ഈ ചിത്രം കാണുമ്പോ ഒരു വിഷമമായിരുന്നു എനിയ്ക്കും. പക്ഷേ, ഇപ്പോ പ്രതീക്ഷയും ഉണ്ട്, ഇവരൊന്നും ഒരിടത്തും തോല്‍ക്കില്ലെന്ന്‌. ആ പ്രതീക്ഷ അര്‍ത്ഥശൂന്യമാകാം, ചിലപ്പോ, എങ്കിലും.

സാജന്‍, മനൂ..
ആ കണ്ണിലെ പ്രതീക്ഷയും മോഹങ്ങളും ചെറിയ നോവുകളും പറയാന്‍ അറിയാവുന്ന ഭാഷ മതിയാവുമെന്നു തോന്നുന്നില്ല.

അപ്പു said...

അപ്പുസേ...വേദനിപ്പിക്കുന്ന ചിത്രം. അവളുടെ കൈയ്യിലെ കരിക്കും കൂട് ഫോട്ടോയില്‍ ഉള്‍പ്പെടുത്താമായിരുന്നില്ലേ?

ആവനാഴി said...

പ്രിയ അപ്പു,

മനസിലെവിടെയൊക്കെയോ വേദന കോറിയിടുന്ന ചിത്രം.

സസ്നേഹം
ആവനാഴി

പൊടിക്കുപ്പി said...

ഇവിടെ വന്ന് സഹതപിക്കാനുള്ള അവകാശം എനിക്കില്ല.. കാന്റീനില്‍ എട്ടുവയസ്സുക്കാരന്‍ പകര്‍ന്ന് തരുന്ന ചായ കുടിക്കുന്നു.. ഇന്നെന്റെ എച്ചില്‍ പാത്രങ്ങള്‍ പെറുക്കിയതും അത്രത്തോളം പ്രായം വരുന്ന കുട്ടി.. ഇവരുടെ രക്ഷയെവിടെന്ന് അറിയില്ല.. സഹതാപത്തെ വെറുത്ത് ആത്മാഭിമാനത്തോടെ അവര്‍ ജോലി ചെയ്യുന്നു..

ജോലി കിട്ടിയാല്‍ ഒരു കുട്ടിയെ സ്പോണ്‍സര്‍ ചെയ്യണംന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ കൂട്ടുക്കാരന്‍ പറഞ്ഞു, വീട്ടില്‍ വളരാത്തതിന്റെ കുഴപ്പമാണെന്ന്.. കുടുംബമായാല്‍ എന്റെ കുട്ടിയെ അല്ലലറിയിക്കാതെ വളര്‍ത്തേണ്ടതുണ്ടത്രെ.. സമൂഹത്തിന് സഹതാപം മാത്രം.. ഞാന്‍ ഒരു ഭീരുവാണ്..

നേരിന് പുറം തിരിഞ്ഞ് നിന്ന് അപ്പൂസിനോട് ഞാന്‍ ചോദിച്ചത് പഴയ ബ്ലോഗിലെ കവിതകളാണ്.. ഇഷ്ടമായിരുന്നു, ചിലതൊക്കെ..

അപ്പൂസ് said...

അപ്പുവേട്ടാ,
അവളുടെ കണ്ണിലെ പ്രതീക്ഷകളുടെ മിഴിവു കുറയ്ക്കുമെന്നു തോന്നിയിട്ടാണ് അവളുടെ ചുറ്റുപാടുകള്‍ ഒഴിവാക്കിയത്‌. ഓര്‍മ്മയില്‍ മാത്രം തെളിഞ്ഞിരുന്നോട്ടെ അത്..

പൊടിക്കുപ്പീ,
നമുക്കീ സഹതാപം വല്ലപ്പോഴും എടുത്തണിയാനൊരു വേഷം മാത്രം. മറ്റു വലിയ വലിയ കാര്യങ്ങളും, ദാര്‍ശനിക പ്രശ്നങ്ങളും, ചെറിയ ‘വലിയ’ നോവുകളും ഒന്നും അലട്ടാത്തപ്പോള്‍ മാത്രം.ഭീരുക്കള്‍ മാത്രമല്ല നമ്മളൊക്കെ, വെറും വേഷങ്ങള്‍...


പോട്ടെ, ആ കവിതകളൊക്കെയുമായി chinthapranthan അവിടെ തന്നെയുണ്ട്. പ്രൊഫൈലില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെന്നേ ഉള്ളൂ ഇപ്പോ.