Saturday, May 19, 2007

ഓമയ്ക്ക പഴുത്തപ്പോള്‍

അടുക്കളയ്ക്കു പിറകിലുള്ള ഈ മരത്തിന് ഉയരം കൂടുതല്‍ കൊണ്ട് കായ പറിയ്ക്കാറില്ല.
കപ്ലങ്ങ (ഓമയ്ക്ക) പഴുത്തപ്പോള്‍ വിരുന്നു വന്നവര്‍..രണ്ടു മൂന്നു ദിവസത്തെ ശ്രമം കൊണ്ടാണ് ഇവരെയൊക്കെയൊന്നു ചിത്രത്തിലാക്കാന്‍ പറ്റിയത്‌.




ഓലേഞ്ഞാലി( Rufous Treepie) - ഇവന്‍ മാംസഭുക്കാണെന്നാണ് കേട്ടിരുന്നത്. വെറുതേ കിട്ടുന്നതല്ലേ, തിന്നു കളയാം എന്നു കരുതിക്കാണും.

















പുള്ളിക്കുയില്‍, പെണ്‍കുയില്‍ ( Common Koel). ഈ പക്ഷിയോടെന്തോ പാവം തോന്നും.. മിക്കവാറും ഒറ്റപ്പെട്ടാണ് നടപ്പ്‌. അങ്ങനെ നടക്കുന്ന വേറെയും പക്ഷികളില്ലെന്നല്ല.. പക്ഷേ ഒരു കാക്കയുടെയോ മറ്റോ കണ്ണില്‍ പെട്ടാല്‍ ഇതിനു കിട്ടുന്ന കൊത്തിനും ഞോടലിനും കയ്യും കണക്കുമില്ല. സ്വന്തം കൂട്ടില്‍ മുട്ടയിടുന്നതിനു കാക്കള്‍ക്ക് തലമുറകളായുള്ള വിദ്വേഷമാവാം തീര്‍ക്കുന്നത്‌, എന്നാലും..








കരാളന്‍ ചാത്തന്‍ Racket-tailed Drongo) ആനറാഞ്ചിയുടെ ബന്ധുവാണ് ഈ മിമിക്രി വീരന് (നമ്മുടെ കുട്ടിച്ചാത്തനുമായി എന്തെങ്കിലും..? ;-)). പൂച്ച കരച്ചിലും മറ്റു പക്ഷികളുടെ ശബ്ദാനുകരണവുമാണ് ഹോബി. ഇവന്‍റെ വാല്‍ ഇങ്ങനെ ആയതില്‍ ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്.

ഏതു ശബ്ദം കേട്ടാലും അനുകരിയ്ക്കണമെന്നു വളരെ നിര്‍ബന്ധമായിരുന്നത്രേ ഇവന്. ഒരിയ്ക്കല്‍ ഒരു പോത്ത് അമറുന്ന ശബ്ദം കേട്ട് അതു പോലെ അമറാന്‍ ശ്രമം തുടങ്ങി വീരന്‍. ശ്രമിച്ചു ശ്രമിച്ചു ദിവസങ്ങള്‍ പോയി, വാലില്‍ ചിതലു കയറി, ആശാനിതൊന്നും അറിഞ്ഞില്ല.. ഒടുവില്‍ ചിതല്‍ വാലിന്‍റെ അറ്റം വരെ തിന്നു തീര്‍ത്തപ്പോഴാണ് പരിശ്രമം ഒക്കെ മതിയാക്കി ചാത്തന്‍ പറക്കുന്നത്‌. അന്നു മുതല്‍ പാവത്തിന്‍റെ വാലിങ്ങനെയാണെന്ന്.. :)






ചിന്നക്കുട്ടുറുവന്‍, പച്ചിലക്കുടുക്ക (White-cheeked barbet). സ്ഥിരം പച്ചിലകള്‍ക്കിടയ്ക്കു മറഞ്ഞിരിക്കുന്ന ഈ നാണം കുണുങ്ങിയും പുറത്തു വന്നു, കപ്ലങ്ങ തിന്നാന്‍.












മല മൈന (Jungle Myna). ഇവന്‍ മാടത്തയല്ല.. സംസാരിയ്ക്കാന്‍ പഠിക്കുകയുമില്ല. കണ്ണിനു ചുറ്റുമുള്ള മഞ്ഞനിറം ഇല്ലാത്തതും വലുപ്പക്കൂടുതലും കൊണ്ട് നാട്ടു മൈനയില്‍ നിന്നും തിരിച്ചറിയാം.

















മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം..? ഇവന്‍ തന്നെ അവന്‍.. നാട്ടുമൈന, മാടത്ത എന്നൊക്കെ അറിയപ്പെടുന്നവന്‍.
( Common Myna)




നമ്മുടെ മരംകൊത്തി (Black-rumped Flameback)
ഈ കണ്ട വീരന്മാരില്‍ കാമറയ്ക്കു മുഖം തരാന്‍ ഏറ്റവും മടി ഈ കക്ഷിക്കായിരുന്നു.. ഇദ്ദേഹം മരത്തിലെത്തുമ്പോ ഞാന്‍ കാമറയുമായി പുറത്തിറങ്ങും, കക്ഷി ഉടനെ മരത്തിന്‍റെ മറു വശത്തേയ്ക്കു മറയും. ഞാന്‍ പതിയെ മറുവശത്തെത്തുമ്പോഴേയ്ക്കും ഇങ്ങേരു വീണ്ടും വശം മാറിയിട്ടുണ്ടാവും.. ഈ ഒളിച്ചേ കണ്ടേ കളി മടുത്ത് ഒടുവില്‍ ടെറസിന്‍റെ മുകളില്‍ ഒളിച്ചിരുന്നാണ് ഇവനെ ചിത്രത്തിലാക്കിയത്..


അങ്ങനെ 4-5 ദിവസവും 3 മുഴുത്ത കപ്ലങ്ങയും ചെലവില്‍ ഇത്രയും സുന്ദരന്മാരെയും സുന്ദരികളെയും പടത്തിലാക്കാനായി. എന്തോ കാക്കകളെ മാത്രം അങ്ങനെ കണ്ടില്ല. കപ്ലങ്ങയുടെ രുചി പിടിയ്ക്കാഞ്ഞിട്ടാവും..

47 comments:

അപ്പൂസ് said...

പറമ്പിലെ കപ്ലങ്ങ(ഓമയ്ക്ക) പഴുത്തപ്പോ വിരുന്നു വന്ന കുറെ പക്ഷിക്കൂട്ടുകാരുടെ ചിത്രങ്ങള്‍, ഇവരെ കാണാന്‍ കിട്ടാത്തവര്‍ക്കും തിരിച്ചറിയാത്തവര്‍ക്കുമായി പോസ്റ്റുന്നു.

SUNISH THOMAS said...

ഇത് ഉഗ്രനായിട്ടുണ്ട്.

എഫര്ട്ട് എടുക്കാതെ ഇത്തരം ഒന്നു കിട്ടില്ല.

അഭിനന്ദനത്തിന് ഒപ്പം തേങ്ങയുടയ്ക്കാന് അനുവദിച്ചാലും....

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

1 അപ്പൂസേ ഇതേതാ കാമെറ?
2 പപ്പായ എന്താ അപ്പൂസ് കഴിക്കാത്തത്?
3 ഇത്രയും വൈവിധ്യമാര്‍ന്നപക്ഷിക്കൂട്ടങ്ങള്‍ ഇപ്പോഴും കാണുന്ന നാട് ആ നാടെവിടെ?
പടത്തെ പറ്റി ഒന്നും എഴുതുന്നില്ലാ മന‍പൂര്‍വമാണ് (അസൂയാ)

ആനമയക്കി said...

എന്നാ പരിശ്രമമാ ഗഡി
നിനക്ക് തന്നെ ബ്ലോഗ്ചിത്ര അവാര്‍ഡ്
പാഷന്‍ തികച്ചും അസൂയാവഹം
വെല്‍ഡന്‍ ഡിയര്‍ വെല്‍ഡന്‍
എല്ലാ ഗഡികളും വായോ അപ്പുവിന്റെ കൈ ഒന്ന് കൊട്

ഗുപ്തന്‍ said...

അപ്പൂസേ.... നമിച്ചിരിക്കുന്നു....
സൂപ്പര്‍ പടങ്ങള്‍....

ഈ പക്ഷികളെ കുറിച്ചുകൂടുതല്‍ info കിട്ടുമോ എന്ന് നോക്കിക്കൂടേ...
കേരളത്തിലെ നാട്ടുപക്ഷികളെ (I mean common birds അതിനു കൂടുതല്‍ നല്ലൊരു വാക്ക് കിട്ടിയില്ല.) പറ്റി ഒരു വിക്കലേഖനം തുടങ്ങാനുള്ള സ്കോപ്പുണ്ട്...

സുന്ദരമായ പടങ്ങള്‍... പടമെടുക്കാന്‍ കാണിച്ച ക്ഷമയ്ക്ക് അതിലേറെ അഭിനന്ദനങ്ങള്‍... വീട്ടുവളപ്പിലെ പപ്പരാസിപണി കൊണ്ട് അത്ഭുതപ്പെടുത്തിയിട്ടുള്ളത് ആഷയാണിതുവരെ... ഒറ്റപ്പോസ്റ്റുകൊണ്ട് താന്‍ കൂടെപ്പിടിച്ചു...

ആഷേ.. ഗോംബറ്റീഷന്‍.. ഗോംബറ്റീഷന്‍..

ഗുപ്തന്‍ said...

huh!!! വിക്കിലേഖനം എന്നാ ഉദ്ദേശിച്ചെ.... മലയാളം കീബോഡില്ലാതെ ഓണ്‍ലൈനില്‍ എഴുതുന്നതാണേ !! ഷെമി..

qw_er_ty

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൂസേ

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.
ആ വാല്‌ ചിതല്‌ തിന്ന കിളിയേ ഞങ്ങള്‍ കാക്കത്തമ്പുരാട്ടി എന്നാണ്‌ വിളിക്കുക - അത്‌ കാക്കകളെ കണ്ടാല്‍ പിന്നാലേ പറന്ന്‌ ചെന്ന്‌ കൊത്തും- അതിനെ തമ്പുരാട്ടി എന്നു വിളിക്കാത്തതു കൊണ്ടാണത്രേ

അപ്പൂസ് said...

ഓമയ്ക്ക പഴുത്തു എന്നു കേട്ടാണോ പെട്ടെന്ന് ഒരു പാടു പേരോടിക്കൂടിയത് :)
സുനീഷ്, സാജേട്ട, ആനേട്ടാ, മനുവേട്ടാ, പണിക്കര്‍ മാഷേ, നല്ല വാക്കുകള്‍ക്ക് നന്ദി.
സുനീഷ് തേങ്ങ ഉടച്ചതു കേട്ട് എത്ര പക്ഷികള്‍ പറന്നു പോയ്ക്കാണുമോ ആവോ? :)
സാജേട്ടാ, അസൂയ ഒന്നും വേണ്ട.. വെറുതെ ഇരുന്ന നേരത്ത് കൊള്ളാവുന്ന ഒരു കാമറയുമായി ഇറങ്ങീതാ.. പപ്പായ മരത്തിന്‍റെ പൊക്കക്കൂടുതല്‍ കൊണ്ട് പപ്പായ പറിക്കാന്‍ പറ്റില്ല.. ഈ നാട്, കോട്ടയമാണ്‍.
കാമറ ദാ ഇവിടെ
കാണാം. :)

ആനേട്ടാ, തേങ്ക്സ് ണ്ട് ട്ടാ.. ബൂലോഗരെ മുഴുവന്‍ വിളിച്ച ആ വിളിയ്ക്ക്.. :)

മനുവേട്ടാ, ഈ പക്ഷികളെ ഒക്കെ പണ്ടു പിടിച്ചതാണ്. ആ കാലത്ത് അതൊരു കിറുക്കായി കൊണ്ടു നടന്നിരുന്നു.. ഇപ്പോ ഒക്കെ പോയി.. വിക്കിയ്ക്കു കുറച്ചു പടങ്ങളും വിവര്‍ങ്ങളും കൊടുത്തിരുന്നു..ഈ പോസ്റ്റിലെ ലിങ്കുകളില്‍ ക്ലിക്കിയാല്‍ കാണാം. പിന്നെ, ഗോംബറ്റീഷനൊന്നുമില്ല, അപ്പൂസിന്‍റെ കാമറ ഇപ്പോ നിത്യനിദ്രയിലാണ് :)

പണിക്കര്‍ മാഷേ, ഞങ്ങള്‍ കാക്കത്തമ്പുരാട്ടി എന്നു വിളിയ്ക്കുന്ന പക്ഷി ഇതിന്‍റെ വര്‍ഗ്ഗക്കാരനെങ്കിലും ആളു വേറെയാണ്. ഇവനു വേറൊരു പേരു കൂടിയുണ്ടായിരുന്നു.. ഇപ്പോ ഓര്‍മ്മയില്ല.

നന്ദി

ആഷ | Asha said...

ഗോംബറ്റീഷന്‍.. ഗോംബറ്റീഷന്‍..
എന്നു കേട്ടു ഓടിവന്നതാ
അപ്പൂസേ, അസ്സലായിരിക്കുന്നു.
കുറച്ചു പാടു പെട്ടല്ലേ ഇതൊക്കെ എടുക്കാന്‍ എന്നാലെന്താ ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചല്ലോ.
മലമൈനയെ കുറിച്ച് ഞാന്‍ ആദ്യായി കാണുകയും കേള്‍ക്കുകയുമായിരുന്നു ഇവിടെ.
ഇവിടെ ഓലഞ്ഞാലി,മരംകൊത്തി,മലമൈന ഒഴികെ മറ്റെല്ലാ കിളികളുമുണ്ട് കൂടാതെ വേറെയും പല പക്ഷികളുണ്ട്.
ഇവിടെ പച്ചിലക്കുടുക്ക മുഖത്ത ചുവന്ന നിറമുള്ള വെറൈറ്റിയാണുള്ളത് Coppersmith Barbet.
ഞങ്ങളും കാക്കതമ്പുരാട്ടി എന്നാ പറയുന്നേ.
നല്ല ക്ലിയറായിരിക്കുന്നു എല്ലാം.
അപ്പൂസ് പക്ഷികളെ കുറിച്ച് നന്നായി പഠിച്ചാണു പോസ്റ്റിയതെന്നു തൊന്നുന്നു. നന്നായി.

ഒത്തിരി ഇഷ്ടായീട്ടോ

ആഷ | Asha said...

ഓ കാക്കതമ്പുരാട്ടി വേറെയാല്ലേ. നന്ദി അപ്പൂസ്

ഗുപ്തന്‍ said...

അപ്പൂസേ കാമറ നിദ്രയിലാണെങ്കില്‍ വിളിച്ചുണര്‍ത്തണം... ഉടനെ.. (വെള്ളം കോരിയൊഴിക്കരുത്)... You got the talent man... അതു വെറുതെ കളയരുത്...

പിന്നെ വിക്കി എന്നുദ്ദേശിച്ചത് wiki അല്ല... വിക്കി തന്നെ... മനസ്സിലായില്ലേ.. എന്നാല്‍ മക്കി എന്നുവച്ചോ.. മലയാളം വിക്കി...

പതിവ് പപ്പരാസി വന്നൂല്ലേ... :) നന്നായി

ദേവന്‍ said...

നല്ലസ്സല്‍ പക്ഷിപ്പടങ്ങള്‍ അപ്പൂ. നന്ദി. എനിക്കു അതിലും രസിച്ചത് ഫോട്ടോഗ്രാഫര്‍മാരും ഒരു പൊളെ ചിന്തിക്കുമെന്നുള്ളതാണ്. റോക്സിയുടെ ഈ പോസ്റ്റും അപ്പുവിന്റെ പോസ്റ്റും ഒരുപോലെ. (അല്ലാ ഈ റോക്സി മൂപ്പരെവിടെ വക്കാരീ, മൊത്തം ഇംഗ്ലീഷിലോട്ട് പോയോ?

myexperimentsandme said...

അവസാനം കിട്ടിയ ബ്ലോഗ് വിവരമനുസരിച്ച് റോക്സി പച്ചടി (പി.എച്ച്.ഡി) ഉണ്ടാക്കുന്ന തിരക്കിലാണ് ദേവേട്ടാ. വേവാറായെന്ന് തോന്നുന്നു. ങ്ങിനെയാണെങ്കില്‍ അടുപ്പിനടുത്തുനിന്ന് മാറാന്‍ പറ്റില്ലല്ലോ :)

അപ്പുവേ, ഇതുമാത്രമല്ല, എല്ലാം നല്ല പടങ്ങള്‍ (പുതിയ കമന്റ് രീതി. പത്ത് പോസ്റ്റിന് ഒന്നിച്ച് ഒറ്റക്കമന്റ്) :)

ആഷ | Asha said...

മനു പറഞ്ഞതു തന്നെയെ എനിക്കും പറയാനുള്ളൂ
ആ ക്യാമറയെ വെള്ളം കോരി ഒഴിക്കാതെ പതിയെ കൊട്ടിയും തടവിയും മോനേ എണീക്കടാ കുട്ടാ എന്നൊക്കെ വിളിച്ചു ഉണര്‍ത്തുക. എന്നിട്ടു വീണ്ടും തുടങ്ങുക പരിപാടി.
സമ്മതിച്ചോ?

qw_er_ty

ബയാന്‍ said...

അപ്പൂസേ: കാക്കകളെ ആരും എന്തെയ് ആരും അത്ര ഗൌനിക്കാത്തെയ്; ഒരു നല്ല കാക്ക സിരീസ് കാണാന്‍ എത്രയായി ആഗ്രഹിക്കുന്നു. ദേശീയ പക്ഷി ആകേണ്ട പക്ഷിയാ...എന്തോ; എല്ലാറ്റിനും വേണ്ടെ ഒരു യോഗം.

ദേവന്‍ said...

കാക്ക, പ്രത്യേകിച്ച് കറുത്ത raven നല്ല ഭംഗിയുള്ള പക്ഷിയാ. കേരളത്തില്‍ അതിന്റെ പോപ്പുലേഷന്‍ ഭയങ്കരമായി കുറയുന്നെന്ന് കൈപ്പള്ളി പറയുന്നു.

കാക്കയെ നമ്മള്‍ ദേശീയ പക്ഷി ആക്കിയാല്‍ ഭൂട്ടാന്‍ പ്രതിഷേധിക്കില്ലേ? അവരു പിന്നേതു കിളിയെ തിരക്കി പോകും?

എതിരന്‍ കതിരവന്‍ said...

ഒരു സലിം ആലിയോ വി. റ്റി. ഇന്ദുചൂഡനോ ആയിത്തീരട്ടെ എന്നു ശപിയ്ക്കട്ടെ?
വി. റ്റി. ഇന്ദിചൂഡന്റെ “കേരളത്തിലെ പക്ഷികള്‍” എന്ന പുസ്തകം കിട്ടുമോ എന്നു നോക്കുക.അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ പക്ഷികളുടെയൊക്കെ കറുത്തമഷിയില്‍ വരച ചിത്രങ്ങളേ ഉള്ളു. ഉഗ്രന്‍ കളര്‍ ഫോടോഗ്രാഫി വശമുള്ള നിങ്ങളൊക്കെ അത് മാറ്റി ഇവരുടെയൊക്കെ “തനിനിറം” വെളിവാക്കണ്ടേ?

തറവാടി said...

നല്ല പടങ്ങള്‍ , വിവരണവും

Sathees Makkoth | Asha Revamma said...

അപ്പൂസ്,
വളരെ നല്ല ശ്രമം. പടങ്ങളെല്ലാം സൂപ്പര്‍.
കുറെ പക്ഷി അറിവുകള്‍ തന്നതിന് നന്ദി.

പൊന്നപ്പന്‍ - the Alien said...

ചിന്നക്കുട്ടുറുവനൊക്കെ പണ്ട് ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തില്‍‘ വായിച്ച് ഒരു ഐതിഹ്യ കഥാപാത്രമായിരിക്കുവായിരുന്നു. അപ്പോ ഇതാണല്ലേ കക്ഷി. പിന്നെ ബ്ലോഗ് കണ്ടപ്പോഴേ ഞാന്‍ റോക്സിയുടെ ആ പഴയ പോസ്റ്റിനെ തന്നെ ആലോചിക്കുവായിരുന്നു. ദേവേട്ടന്‍ ചൂണ്ടിക്കാട്ടിയപ്പോഴാ ആ സ്ട്രൈക്കിങ്ങ് സിമിലാരിറ്റി വീണ്ടും കാണാന്‍ പറ്റിയത്. ഈ പക്ഷി നിരീക്ഷകരുടെ ഒരു സ്ഥിരം ഗഡിയാണല്ലേ ഈ പപ്പായ മരം?
നന്നായി എന്നു പറഞ്ഞാല്‍ പോരാ.. ആഷ പറഞ്ഞതു പോലെ അസൂയ അസൂയ..

പുള്ളി said...

അപ്പൂസേ ഉഗ്രന്‍ ചിത്രങ്ങളും രസികന്‍ വിവരണവും! ഇത്ര പെര്‍ഫക്റ്റ് ചിത്രങ്ങള്‍ കിട്ടാന്‍ ചിലവഴിച്ച സമയത്തിനും ക്ഷമയ്ക്കും അര്‍പ്പണമനോഭാവത്തിനും മുന്‍പില്‍ നമിയ്ക്കുന്നു.

ധ്വനി | Dhwani said...

ക്ഷമ മരുന്നിനു പോലും എടുക്കാനില്ലാത്ത എനിയ്ക്കു ഈ ശ്രമവും വിജയവും കണ്ടപ്പോള്‍ ഒരു തരം സന്തോഷം!!

കൊള്ളാം അപ്പൂസ്.. അഭിനന്ദനങ്ങള്‍!!

vimathan said...

അപ്പൂസ്, നന്ദി. നല്ല ചിത്രങള്‍. ദേവന്‍, raven എന്നത് നമ്മുടെ ബലി കാക്കയാണോ അതോ തല ചാരനിറത്തിലുള്ള കാക്കയാണോ? യൂറോപ്യന്‍ മിഥോളജിയിലും മറ്റും പ്രശസ്തമായ raven തന്നെയാണോ നമ്മുടെ ബലികാക്ക?

വേണു venu said...

അപ്പൂസ്സേ, നല്ല ശ്രമം. നല്ല ചിത്രങ്ങള്‍‍. ഓലേഞാലിയും മിമിക്രിവീരനുമൊക്കെ പുതിയ അറിവുകളും തന്നു.:)

Vanaja said...

ഇവിടൊരാള്‍ എന്നും camera യും തൂക്കി പിടിച്ചോണ്ടു പോന്നെ കാണാം. കിട്ടുന്നതോ കുറേ ഒട്ടകത്തിണ്റ്റെ വാലും തലയും. ഇന്നിതു കാണിച്ചു കൊടുത്തിട്ടുതന്നെ കാര്യം.

Kaippally കൈപ്പള്ളി said...

നല്ല പടങ്ങള്‍. :)

അപ്പൂസ് said...

ആഷേച്ചി, ദേവേട്ടാ, വക്കാരിയേട്ടാ, ബയാന്‍ മാഷേ‍, എതിരനേട്ടാ, തറവാടിയേട്ടാ, സതീശ്, പൊന്നപ്പേട്ടാ, പുള്ളി, ധ്വനി, വിമതന്‍, വേണുവേട്ടാ, വനജേച്ചി, കൈപ്പള്ളി മാഷേ
എല്ലാവര്‍ക്കും നന്ദി, ഇവരെ കാണാന്‍ വന്നതിന്‌.

ഇതിനിത്ര പാടൊന്നുമില്ല ആഷേച്ചി. സമയം പോവാന്‍ മറ്റു മാര്‍ഗം ഇല്ലായിരുന്നതു കൊണ്ട് സമയം പോയി എന്നു പോലും പറയാന്‍ വയ്യ..ഇനിയുമുണ്ട് കൂട്ടുകാര്‍ കുറച്ചു കൂടി. കാക്കത്തമ്പുരാട്ടി ഉള്‍പ്പെടെ. ഉടനെ പോസ്റ്റാം.
ഇവരെക്കുറിച്ചൊക്കെ കൂടുതല്‍ വിവരങ്ങള്‍ ഇടണമെന്നുണ്ടാരുന്നു. മടി.. പിന്നെ വിവരവും കുറവ് :)അനങ്ങാതിരിയ്ക്കുന്ന കല്ലിന്‍റെയും പുല്ലിന്‍റെയും പൂവിന്‍റെയും ഒക്കെ പടം പിടിയ്ക്കുന്നതിനേക്കാള്‍ ഒരു സംതൃപ്തി കിട്ടിയിരുന്നു :)

മനുവേട്ടാ, മക്കിയുടെ കാര്യം ഓര്‍പ്പിച്ചതിനു നന്ദി.. ഒരു കൈ നോക്കാം :)
ദേവേട്ടാ, റോക്സിയുടെ ലിങ്കിനു നന്ദി. ഒരിയ്ക്കല്‍ കൂടി എന്നെ അദ്ഭുതപ്പെടുത്തുന്നു..ഇതെങ്ങനെ ഓര്‍ത്തു വെച്ച് കൃത്യമായി കമന്‍റുന്നു..?

ബയാന്‍ മാഷേ, കാക്കകളെ ഞാനും പലപ്പോഴും അവഗണിച്ചിട്ടുണ്ട്.. എന്തു ചെയ്യാന്‍ കറുപ്പിനഴക്‌ എന്ന പാട്ടൊക്കെ കേട്ടു നടക്കുന്നതല്ലാതെ.. :)
പുള്ളി :) അത്രയ്ക്കൊന്നുമില്ലെന്നേയ്.. :)

പൊന്നപ്പേട്ടാ, അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ :)

എതിരനേട്ടാ, കേരളത്തിലെ പക്ഷികള്‍ കയ്യിലുണ്ടായിരുന്നു.. എവിടെയോ കാണ്മാണ്ടായി. അതിപ്പോ ഒരു നഷ്ടമായി. ഈ പക്ഷികളുടെ ഒക്കെ വിവരണങ്ങള്‍ കൊടുക്കാമായിരുന്നു. ഇപ്പോ അത് ഒരിടത്തും കിട്ടാനുമില്ലെന്നു തോന്നുന്നു.

വിമതന്‍,
ഓര്‍മ്മ ശരിയെങ്കില്‍ രണ്ടു കാക്കയെയും raven എന്ന പേരില്‍ വിളിയ്ക്കും. ബലിക്കാക്ക common raven ആണെന്നു തോന്നുന്നു.. കാവതിക്കാക്കയും എന്തോ ഒരു raven തന്നെ.

വനജേച്ചി, മരുഭൂമിയില്‍ ഓലേഞ്ഞാലിയേം, മാടത്തയേം ഒക്കെ കാണുവോ? ആ പാവം കാമറാമാനെ എന്തിനാ കുറ്റം പറയുന്നേ ? :)

കൈപ്പള്ളി മാഷേ, നന്ദി ഈ വഴി വന്നതിന്.

P Das said...

:)

ആവനാഴി said...

വളരെ നല്ല ഫോട്ടോ പോസ്റ്റ്. കിളികളെക്കുറിച്ചുള്ള വിവരണങ്ങള്‍ വിജ്നാനപ്രദങ്ങളാണ്.
തുടരൂ.

സസ്നേഹം
ആവനാഴി

സുല്‍ |Sul said...

അപ്പൂസേ നല്ല പടങ്ങള്‍..
കണ്ണിലെല്ലാം ഒരു കുളിര്‍മ്മ.
നാട്ടിലെത്തിയപോലെ.
നന്ദി.
-സുല്‍

ശാലിനി said...

നല്ല ഫോട്ടോകള്‍, വിവരണങ്ങള്‍.

ഇത്രയുംതരം പക്ഷികള്‍ ഇപ്പോഴും വരുന്ന ആ വീട് ഐശ്വര്യം ഉള്ളതായിരുക്കുമല്ലോ?

ആഷേ എന്താ പുതിയ പോസ്റ്റിടാത്തത്?

സാരംഗി said...

വളരെ മനോഹരമായ പടങ്ങളും വിവരണവും..:)കൂടുതല്‍ കൂടുതല്‍ പക്ഷിച്ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു..

അപ്പൂസ് said...

ചക്കരേട്ടാ, ആവനാഴി മാഷേ, സുല്ലേട്ടാ, ശാലിനിയേച്ചി, സാരംഗിയേച്ചി, നന്ദി.

ബൂലോകര്‍ക്ക് കിളികളെ ഇത്ര ഇഷ്ടമാണെങ്കില്‍, അപ്പൂസിന്‍റെ കയ്യില് ബാക്കിയുള്ള പക്ഷിച്ചിത്രങ്ങള്‍ക്ക് കഴിയുന്നത്ര അനുബന്ധ വിവരങ്ങള്‍ കൂടി സംഘടിപ്പിച്ച് പോസ്റ്റാം.. ചെറുപ്പത്തിലെന്നോ വായിച്ചൊരു ‘കേരളത്തിലെ പക്ഷികള്‍‘ ചിതലരിച്ചു പോയിട്ടില്ലെങ്കില്‍ അലമാരയില്‍ നിന്നും തപ്പിയെടുക്കണം.
പക്ഷികളെക്കുറിച്ച് ഒരുപാടൊന്നും അറിയില്ല. അറിയാവുന്നത് വിവരക്കേടുകള്‍ പറയാല്ലോ :)

അപ്പു ആദ്യാക്ഷരി said...

അപ്പൂസേ... ഇതെല്ലാം ഇന്നാ കണ്ടത്.
കാത്തിരിപ്പിനുകിട്ടിയ പ്രതിഫലം. വളരെ നല്ല ഫോട്ടോസ്. കൊടുകൈ.

Unknown said...

അപ്പൂസ്സേ,
നന്നായിട്ടുണ്ട്, നല്ല പരിശ്രമം!

ഫോട്ടോ പോസ്റ്റുകള്‍ വിജ്ഞാന പോസ്റ്റുകളായി മാറുന്നതു കാണുമ്പോള്‍ അതിയായ സന്തോഷം.

ഇങ്ങനെ 3-4 പോസ്റ്റുകള്‍ വന്നാല്‍ വീക്കിയില്‍ ‘കേരളത്തിലെ പക്ഷികള്‍’ എന്നൊരു സചിത്രലേഘനത്തിന് വകുപ്പുണ്ടല്ലോ!

Unknown said...

‘സചിത്രലേഖനത്തിന്‘
കണ്ട ഒരു അക്ഷരപിശാചിനെ തിരുത്തി വായിക്കാന്‍ അപേക്ഷ!

Rasheed Chalil said...

അപ്പൂസേ കലക്കീട്ട്ണ്ട്...

സു | Su said...

അപ്പൂസേ, ചിത്രങ്ങളൊക്കെ വളരെ നന്നായിട്ടുണ്ട്. കൂടെ വിവരണവും ചേര്‍ത്തത് നന്നായി. ഇനിയും ഇത്തരം പോസ്റ്റുകള്‍, സമയം ഉള്ളത്പോലെ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു.

റീനി said...

നല്ല ചിത്രങ്ങള്‍! ഒരു ഓമമരവും അതിന്റെ ചുറ്റും ഡെവലപ്പ്‌ ചെയ്യുന്ന പക്ഷി സംസ്കാരവും.

Siju | സിജു said...

അപ്പൂസ്..
സൂപ്പര്‍ പടങ്ങള്‍
അസൂയപ്പെടാന്‍ പോലും പറ്റുന്നില്ല.. അതിനും വേണമല്ലോ ഒരു റേഞ്ചൊക്കെ..

qw_er_ty

അപ്പൂസ് said...

പൊടിക്കുപ്പീ :) ഈ വഴി മറന്നിട്ടില്ലല്ലേ?
അപ്പുവേട്ടാ നന്ദി.
സപ്താ, നന്ദി. വിക്കിയുടെ കാര്യം മനുവേട്ടനും പറഞ്ഞിരുന്നു. മലയാളം വിക്കിക്ക് അങ്ങനൊരു മുതലക്കൂട്ട് കൊടുത്തേക്കാം.. പറ്റുന്നതു പോലൊക്കെ. :)

ഇത്തിരി മാഷേ, സുവേച്ചീ, റീനിയേച്ചീ, സിജു..
നന്ദി :)

Unknown said...

അപ്പൂസ്‌,

പക്ഷികളെ പകര്‍ത്തുന്നത്‌ ശ്രമകരം തന്നെ. ഇവിടെ അത്‌ വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. ഓലേഞ്ഞാലിയും, പച്ചിലക്കുടുക്കയുമൊക്കെ എന്നെയും ഓര്‍മ്മകളിലൂടെ വലിച്ചിഴച്ചോണ്ടു പോയി.

Kiranz..!! said...

എന്റ്മ്മച്ചി...ഒരു ഓമക്ക തിന്നാന്‍ ഇവന്മാരെല്ലാം എവിടുന്നെത്തി ?എഫര്‍ട്ടന്‍ അപ്പൂസ്..!
മ്മടെ വീട്ടില്‍ ഓമക്ക പഴുത്താല്‍ അത് കൊണ്ടൊന്നവന്മാരുടെ ഫോട്ടം പിടിച്ചാല്‍ അത് വടക്കേലെ സുരേഷിന്റെയും തെക്കെലെ ചിങ്ക്രുവിന്റെയും ആയിരിക്കും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

എന്നാലും ഇത്രേം കഷ്ടപ്പെട്ട് ചാത്തന്റെ പടം പരസ്യാക്കണ്ടായിരുന്നു.

qw_er_ty

അപ്പൂസ് said...

നോക്കിക്കോ അടുത്ത ഇര ഡിങ്കനാ..
ഇതോടെ ചാത്തനും ഡിങ്കനും ഒരാളെന്നു ഞാന്‍ തെളിയിക്കും ;-)
യ്യോ, വീടു കേറി തല്ലാന്‍ ആളു വരുന്നുണ്ടെന്നാ തോന്നുന്നേ..
ഓടുന്നതിനു മുന്‍പ്, യാത്രാമൊഴിച്ചേട്ടാ, കിരണ്‍സ്, നന്ദി :)

qw_er_ty

AswathiBabu said...

I had tagged you in my blog pls have a look. very nice photos and liked the captions also